സിഡ്‌നി: ഓസ്‌ട്രേലിയയിലെ സര്‍ജറി വിവാദത്തില്‍ സെലിബ്രിറ്റി കോസ്‌മെറ്റിക് സര്‍ജന്‍ ഡോ. ഡാനിയേല്‍ ലാന്‍സറിനെതിരെ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് വിക്ടോറിയന്‍ സര്‍ക്കാര്‍. കോസ്മെറ്റിക് സര്‍ജറി നിയമങ്ങള്‍ ശക്തമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ലാന്‍സറിന്റെ ക്ലിനിക്കില്‍ സൗന്ദര്യവര്‍ധക ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയയ്ക്കിടെ ജീവനക്കാര്‍ പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവാദമുയര്‍ന്നത്. അശാസ്ത്രീയ പ്രവണതകളുടെ കേന്ദ്രമാണ് ലാന്‍സറിന്റെ ക്ലിനിക്കുകള്‍ എന്നതിന്റെ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മറനീക്കി പുറത്തുവന്നത്.
ഫോര്‍ കോര്‍ണേഴ്‌സ്, ദി സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ്, ദ ഏജ് എന്നീ മാധ്യങ്ങളുടെ അന്വേഷണത്തിലൂടെ പുറത്തുവന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്നു വിക്ടോറിയ ആരോഗ്യമന്ത്രി മാര്‍ട്ടിന്‍ ഫോളി വിശേഷിപ്പിച്ചു. ഡോ. ലാന്‍സറിന്റെ ക്ലിനിക്കുകളിലെ അശാസ്ത്രീയ പ്രവണതകള്‍ക്കെതിരേ പ്ലാസ്റ്റിക് സര്‍ജന്മാരും രംഗത്തുവന്നു.
സൗന്ദര്യ ശസ്ത്രക്രിയാ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഈ മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണെന്നു മന്ത്രി പറഞ്ഞു. കോസ്‌മെറ്റിക് സര്‍ജറി വ്യവസായത്തിന് രാജ്യത്ത് എത്രത്തോളം സ്വാധീനമുണ്ടെന്നു പഠിക്കും.
ഓസ്ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സിയാണ് ഡോ. ഡാനിയേല്‍ ലാന്‍സറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നത്.
അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് ഡോ. ഡാനിയേല്‍ ലാന്‍സര്‍ രംഗത്തുവന്നു. കോസ്‌െമറ്റിക് സര്‍ജന്‍മാര്‍ക്കിടയിലെ കിടമത്സരത്തിന്റെ ഭാഗമായാണ് വില കുറഞ്ഞ ആരോപണങ്ങള്‍ തനിക്കെതിരേ മറ്റു ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നതെന്ന് ഡോ. ലാന്‍സര്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മുപ്പതു വര്‍ഷമായി താന്‍ കോസ്‌മെറ്റിക് സര്‍ജറി രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
മാധ്യമങ്ങള്‍ മെനഞ്ഞെടുത്ത കഥയില്‍ തന്നെ അപകീര്‍ത്തിപ്പെടാന്‍ ശ്രമിച്ച മൂന്ന് പ്ലാസ്റ്റിക് സര്‍ജന്മാരും തന്നോടു കടുത്ത അസൂയയുള്ളവരാണ്. അതിനു കാരണം അവരേക്കാള്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ ഞാന്‍ നടത്തിയിട്ടുണ്ട് എന്നതാണ്. അതിനൊക്കെ മികച്ച ഫലവും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ 30,000-ത്തിലധികം ലൈപ്പോസക്ഷന്‍ സര്‍ജറികള്‍ വിജയകരമായി നടത്തിയിട്ടുണ്ട് (ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ശക്തിയേറിയ പമ്പുകളുടെ സഹായത്താല്‍ പുറത്തേക്കു വലിച്ചെടുത്തു കളയുന്ന പ്രക്രിയയാണ് ലൈപ്പോസക്ഷന്‍). ഇതുവരെ ശസ്ത്രക്രിയാ രീതികളെക്കുറിച്ചോ രോഗികളുടെ പരിചരണത്തെക്കുറിച്ചോ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ഓസ്ട്രേലിയയിലുള്ള തന്റെ ആറ് ക്ലിനിക്കുകളും രണ്ട് ആശുപത്രികളും ശുചിത്വത്തിന്റെയും സുരക്ഷയുടെയും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കോസ്മറ്റിക് സര്‍ജറി മേഖലയില്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ അനുഭവ സമ്പത്തുള്ള ഡോക്ടറാണ് താന്‍. തന്റെ പ്രശസ്തിയില്‍ അസൂയ പൂണ്ട ഡോക്ടര്‍മാരും അതൃപ്തരായ ചില മുന്‍ ജീവനക്കാരും വിരലില്‍ എണ്ണാവുന്ന രോഗികളും ചേര്‍ന്ന് ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ യാതൊരു അന്വേഷണമോ സൂക്ഷ്മപരിശോധനയോ കൂടാതെ മാധ്യമ സ്ഥാപനങ്ങള്‍ സംപ്രേഷണം ചെയ്തത് ലജ്ജാകരമാണ്-ലാന്‍സര്‍ പറഞ്ഞു.
ക്ലിനിക്കിനുള്ളിലെ അനാരോഗ്യകരമായ പ്രവണതകളുടെ ചിത്രങ്ങളും മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കൊഴുപ്പ് അടുക്കളയിലെ ഒരു ഫ്രഡ്ജില്‍ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ കൊഴുപ്പ് ഒരിക്കലും പുനഃരുപയോഗിച്ചിട്ടില്ലെന്നും മറിച്ച് ഒരു പഠനത്തിന്റെ ഭാഗമായാണ് അത് സൂക്ഷിച്ചതെന്നും ലാന്‍സര്‍ പ്രസ്താവനയില്‍ വിശദീകരിച്ചു.
എനിക്കെതിരെ കെട്ടിച്ചമച്ച കഥകളുമായി എത്തിയ രണ്ടു മുന്‍ ജീവനക്കാര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വരുന്നതിനു മുന്‍പ് തന്നോടു പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു.
മറ്റു ഡോക്ടര്‍മാരുടെ അടുത്ത് ശസ്ത്രക്രിയ നടത്തി പരാജയപ്പെട്ട ശേഷം എന്നെത്തേടിയെത്തിയവരെ ചികിത്സിച്ചു സുഖപ്പെടുത്തിയ ചരിത്രവുമുണ്ട്. മൂന്നു പതിറ്റാണ്ടിനിടെ ചികിത്സിച്ച ആയിരത്തിലധികം രോഗികളില്‍നിന്ന് മൂന്നു പേരെ തെരഞ്ഞുപിടിച്ച മാധ്യങ്ങളുടെ പ്രവൃത്തി നീതീകരിക്കാവുന്നതല്ല.
മുറിവുണങ്ങാതെ രോഗികള്‍
2018 നവംബറിലാണ് നഴ്സായ കാത്തി ഹബിള്‍ കാലുകളിലും അടിവയറ്റിലുമുള്ള കൊഴുപ്പ് നീക്കാനായി സിഡ്നിയിലെ ഡോ. ലാന്‍സറിന്റെ ക്ലിനിക്കില്‍ എത്തിയത്. ക്ലിനിക്കിലെ ശുചിത്വ നിലവാരം വളരെ മോശമാണെന്ന് അവര്‍ പറഞ്ഞു. ഓപ്പറേഷന്‍ തീയറ്റില്‍ പാലിക്കേണ്ട ഒരു മാനദണ്ഡങ്ങളും അദ്ദേഹം പാലിച്ചിട്ടില്ലെന്ന് ഒരു തിയേറ്റര്‍ നഴ്സ് എന്ന നിലയില്‍ തനിക്ക് ആധികാരികമായി പറയാന്‍ കഴിയുമെന്ന് കാത്തി ഹബിള്‍ പറഞ്ഞു.
'രണ്ടു ദിവസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ വേദന കൂടി. ഇരിക്കാനും കിടക്കാനും പോലും കഴിയാത്ത അവസ്ഥയിലെത്തി. ജീവിതത്തില്‍ ഇത്രയും വേദന ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല'. പിന്നീട് കാത്തിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് ഗുരുതരമായ അണുബാധയേറ്റതായി അവിടെ വച്ച് കണ്ടെത്തി. സിഡ്നിയിലെ ക്ലിനിക്കിലേക്ക് വീണ്ടും തിരിച്ചുകൊണ്ടുവരാന്‍ അവിടുത്തെ ജീവനക്കാര്‍ ശ്രമിച്ചു. ഒടുവില്‍ ശസ്ത്രക്രിയയ്ക്കു ചെലവായ തുക ഡോക്ടര്‍ ലാന്‍സര്‍ കാത്തിക്ക് തിരികെ നല്‍കി. ഖേദപ്രകടനവും നടത്തി.
കാത്തി ഹബിള്‍
ശസ്ത്രക്രിയയ്ക്ക് ശേഷം നിര്‍ദേശിച്ച ആന്റിബയോട്ടിക്കുകള്‍ കാത്തി ഹബിള്‍ കഴിച്ചില്ലെന്ന അസത്യപ്രചാരണവും നടത്തി. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷവും വിട്ടുമാറാത്ത വേദനയുണ്ടെന്നു കാത്തി ഹബിള്‍ പറയുന്നു. അടിവയറിന് കാഠിന്യം കൂടി. കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
കാത്തി ഹബിളിനെ കൂടാതെ മറ്റു ചില രോഗികളും സമാനമായ ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.
നിയമങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഭരണകൂടം
നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, അടിസ്ഥാന മെഡിക്കല്‍ ബിരുദമുള്ള ആര്‍ക്കും കോസ്മെറ്റിക് സര്‍ജനാകാം. ഈ പഴുതാണ് പലരും ദുരുപയോഗിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. കോസ്മെറ്റിക് സര്‍ജറികളില്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ പ്ലാസ്റ്റിക് സര്‍ജന്മാര്‍ ദശാബ്ദങ്ങളായി ശ്രമിക്കുന്നുണ്ട്. ശസ്ത്രക്രിയാ വിവാദത്തോടെ കോസ്മറ്റിക് സര്‍ജറി മേഖലയില്‍ സമഗ്ര അഴിച്ചുപണിക്കാണ് ഭരണകൂടം ഒരുങ്ങുന്നത്.
ഓസ്ട്രലേഷ്യന്‍ കോളജ് ഓഫ് കോസ്മെറ്റിക് സര്‍ജറിയും സംഭവത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.