കുഞ്ഞുങ്ങളില്‍ കോവിഡിന്റേതിനു സമാനമായ ആര്‍.എസ്.വി രോഗം; ആരോഗ്യവകുപ്പ് നടപടി തുടങ്ങി

കുഞ്ഞുങ്ങളില്‍ കോവിഡിന്റേതിനു സമാനമായ ആര്‍.എസ്.വി രോഗം; ആരോഗ്യവകുപ്പ് നടപടി തുടങ്ങി

കോഴിക്കോട്: കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആര്‍.എസ്.വി കോഴിക്കോട്ട് കുഞ്ഞുങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ നാലു മാസത്തിനിടെ പരിശോധന നടത്തിയ 55 കുട്ടികളില്‍ ആര്‍.എസ്.വി (റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവരം സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു.

നിലവില്‍ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗം കൂടുതലായി കാണുന്ന സാഹചര്യത്തില്‍ രോഗികളുടെ ലിസ്റ്റ് പരിശോധിച്ച് പ്രാദേശികമായ കാരണങ്ങളുണ്ടോ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അധികൃതര്‍ വിലയിരുത്തിവരികയാണ്.

18 മാസത്തില്‍ താഴെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗം പ്രകടമാവുന്നത്. താരതമ്യേന പുതിയ വൈറസ് രോഗമാണിത്. ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി, കഫം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയുടേതുപോലുള്ള ലക്ഷണങ്ങളും പ്രകടമാവും. മഴക്കാലത്തും തണുപ്പുള്ള കാലാവസ്ഥയിലുമാണ് കൂടുതലായി കാണുന്നത്.

ലോകത്ത് പ്രതിവര്‍ഷം 1,60,000 കുട്ടികള്‍ ഈ രോഗം മൂലം മരണപ്പെടുന്നുവെന്നാണ് കണക്ക്. അതിവേഗം പകരുന്ന രോഗമായതിനാല്‍ ഐസൊലേഷന്‍ വേണ്ടിവരും. ഒന്നോ രണ്ടോ ആഴ്ചകൊണ്ട് രോഗ സൗഖ്യവും ലഭിക്കാറുണ്ട്. രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സ തേടിയ കുഞ്ഞുങ്ങളില്‍ ആറുപേര്‍ക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കേണ്ടി വന്നിരുന്നു.

ആന്റിജന്‍ ടെസ്റ്റ്, മോളിക്യുലര്‍ ടെസ്റ്റിങ്, വൈറല്‍ കള്‍ച്ചര്‍ തുടങ്ങിയവയിലൂടെയാണ് രോഗ നിര്‍ണയം നടത്തുന്നത്. കൂടാതെ റാപ്പിഡ് ടെസ്റ്റുമുണ്ട്. ഈ രോഗത്തിന് രണ്ട് അംഗീകൃത മരുന്നുകളാണ് നിലവില്‍ ഉണ്ട്. ഒരിക്കല്‍ രോഗം വന്ന കുട്ടികള്‍ക്ക് വീണ്ടും രോഗം വരുന്നതായും രണ്ടാമത് വരുമ്പോള്‍ ശക്തി കുറയുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

കോവിഡ് അടച്ചിടലിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം കുട്ടികള്‍ പുറത്തിറങ്ങാതിരുന്നതിനാല്‍ അവരുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുകയും ഇപ്പോള്‍ പുറത്തിറങ്ങുകയും ചെയ്തത് കാരണമാവാം രോഗം കൂടുതലായി കാണപ്പെടുന്നതെന്നാണ് ഡോകടര്‍മാരുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.