കൊച്ചി: ഓരോ മഴക്കാലത്തും മധ്യകേരളത്തെ ഭീതിയുടെ മുള്‍മുനയിലാക്കി വിവാദങ്ങളില്‍ നിറയുന്ന മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് ഇന്ന് 135 വയസ്. 1886 ഓക്ടോബര്‍ 29നാണ് തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി. രാമ അയ്യങ്കാരും മദ്രാസ് പ്രസിഡന്‍സിക്കു വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണും 999 വര്‍ഷം കാലാവധിയുള്ള മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവച്ചത്. 'എന്റെ ഹൃദയരക്തം കൊണ്ട് ഞാനിതില്‍ ഒപ്പ് വയ്ക്കുന്നു' എന്നാണ് വിഷമത്തോടെ അന്ന് വിശാഖം തിരുനാള്‍ മഹാരാജാവ് പ്രതികരിച്ചത്.
കരാറിന് ഇനിയും 864 വര്‍ഷം കൂടി കാലാവധിയുണ്ട്. ജനിക്കാനിരിക്കുന്ന നിരവധി തലമുറകളുടെ അവകാശംകൂടിയാണ് ഭരണാധികാരികള്‍ പണയപ്പെടുത്തി വച്ചിരിക്കുന്നത്. അറബിക്കടലിലേക്ക് ഒഴുകുന്ന പെരിയാറിനു കുറുകെ അണക്കെട്ട് നിര്‍മ്മിച്ച് മുഴുവന്‍ ജലവും തമിഴ് നാട്ടിലേക്കു കൊണ്ടുപോകാം എന്നതായിരുന്നു കരാറിന്റെ ഉള്ളടക്കം.
1895ല്‍ ബ്രട്ടീഷ് എന്‍ജിനിയര്‍ കേണല്‍ ജോണ്‍ പെന്നിക് വിക്കിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി അന്നത്തെ മദ്രാസ് ഗവര്‍ണര്‍ ലോര്‍ഡ് വെന്‍ലോക്ക് കമ്മിഷന്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു.
1947ല്‍ ഇന്ത്യ സ്വതന്ത്രമായതോടെ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് സര്‍ക്കാരുമായുള്ള എല്ലാ കരാറുകളും റദ്ദായെങ്കിലും 1970ല്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് മുല്ലപ്പെരിയാര്‍ കരാര്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കി നല്‍കുകയായിരുന്നു. അങ്ങനെ ഒരിക്കല്‍ കാലഹരണപ്പെട്ട കരാറിന് പുനര്‍ജന്മം ലഭിച്ചു.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പു തന്നെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച് വിവാദം തുടങ്ങിയിരുന്നു. ജലസേചനത്തിനും കുടിനീരിനും മാത്രമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമായി മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് മദ്രാസ് സര്‍ക്കാര്‍ ലോവര്‍ ക്യാമ്പില്‍ വൈദ്യുതി ഉല്‍പാദനത്തിന് ശ്രമിച്ചതിനെ ചോദ്യം ചെയ്ത് ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ ആണ് ആദ്യ വിവാദത്തിന് തിരികൊളുത്തിയത്.
പ്രശ്‌നത്തിന് പരിഹാരമാകാതെ വന്നപ്പോള്‍ ബംഗാള്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന നളിനി രഞ്ജന്‍ ചാറ്റര്‍ജിയെ അമ്പയര്‍ ആയി നിയമിച്ചു. 1941 ജനുവരി ഒന്നു മുതല്‍ അഞ്ച് വരെ നീണ്ടു നിന്ന വാദത്തിനു ശേഷം 1941 മെയ് 12ന് തിരുവിതാംകൂറിന് അനുകൂലമായി അമ്പയര്‍ വിധി പ്രസ്താവിച്ചു. എന്നാല്‍ കരാര്‍ റദ്ദാക്കാനായി സര്‍ സി.പി. രാമസ്വാമി അയ്യര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മൗണ്ട് ബാറ്റണ്‍പ്രഭു വഴങ്ങിയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.