മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളായ വിക്ടോറിയയിലും സൗത്ത് ഓസ്ട്രേലിയയിലും ആഞ്ഞുവീശിയ കൊടുങ്കാറ്റിലും കനത്ത മഴയിലും വ്യാപകനാശം. മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകളില്‍ വൈദ്യുതിയും നിലച്ചു.
വിക്ടോറിയയില്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസസിലേക്കു സഹായത്തിനായി ഇന്നു രാവിലെ 7.30 വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 950-ലധികം കോളുകളാണ് ലഭിച്ചത്. ബല്ലാരത്ത്, ബെന്‍ഡിഗോ, മെല്‍ബണിന്റെ പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്. 743 മരങ്ങളാണ് കടപുഴകി വീണത്. 149 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുകയാണ്.
മരങ്ങള്‍ റോഡിലേക്കു വീണ് ഗതാഗതം തടസപ്പെട്ട നിലയില്‍.
പലയിടത്തും മരങ്ങള്‍ റോഡിലേക്കു വീണ് ഗതാഗതം തടസപ്പെട്ടു. രാവിലെ സ്‌കൂളുകളിലേക്കു പോകുന്ന കുട്ടികള്‍ക്ക് ഉള്‍പ്പെടെ മഴ ദുരിതമാണ് സൃഷ്ടിച്ചത്.
വിക്ടോറിയയുടെ തെക്കന്‍ മേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുമെന്നും ജനം ജാഗ്രത പാലിക്കണമെന്നുമുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
ഗ്രാമ്പിയന്‍സ് മേഖലയിലെ മൗണ്ട് വില്യമിലാണ് ഏറ്റവും കൂടുതല്‍ കാറ്റ് വീശിയത്. മണിക്കൂറില്‍ 143 കിലോമീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റ് വീശിയത്. മെല്‍ബണ്‍ വിമാനത്താവളത്തില്‍ കാറ്റിന് മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗത രേഖപ്പെടുത്തിയപ്പോള്‍ സെന്റ് കില്‍ഡയില്‍ 115 കിലോമീറ്റര്‍ രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ ഓസ്ട്രേലിയയില്‍ 500,000-ത്തിലധികം മിന്നലാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈദ്യുതി ലൈനുകളിലേക്കു മരങ്ങള്‍ ഒടിഞ്ഞുവീണതിനാല്‍ വിക്ടോറിയയിലുടനീളമുള്ള ആയിരക്കണക്കിന് വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു.
സൗത്ത് ഓസ്ട്രേലിയയിലും കൊടുങ്കാറ്റ് വ്യാപകമായ നാശമുണ്ടാക്കി. തലസ്ഥാനമായ അഡ്ലെയ്ഡില്‍ 30,000-ത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി തടസപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.