ചര്‍ച്ച ഒരു മണിക്കൂറിലധികം; നരേന്ദ്ര മോഡി-ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച അവസാനിച്ചു

ചര്‍ച്ച ഒരു മണിക്കൂറിലധികം; നരേന്ദ്ര മോഡി-ഫ്രാന്‍സിസ് പാപ്പ  കൂടിക്കാഴ്ച അവസാനിച്ചു

വത്തിക്കാന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച  അവസാനിച്ചു. വത്തിക്കാനിലെ പാപ്പയുടെ അപ്പോസ്തലിക് പാലസില്‍വച്ചാണ് ഒന്നരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ച്ച നടന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ട്. കോവിഡ് 19, കാലാവസ്ഥാ പ്രതിസന്ധി അടക്കം ആഗോള വിഷയങ്ങള്‍ മാര്‍പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്ര പരോളിനും കൂടിക്കാഴ്ച്ചയില്‍ ഒപ്പമുണ്ടായിരുന്നുവെന്നാണു സൂചന.

കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനില്‍നിന്ന് മടങ്ങി. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും. ചര്‍ച്ചയ്ക്ക് വത്തിക്കാന്‍ പ്രത്യേകിച്ച് അജണ്ടകളൊന്നും നിശ്ചയിച്ചിട്ടില്ല. മാര്‍പാപ്പയുമായുള്ള ചര്‍ച്ചകളില്‍ അജണ്ട നിശ്ചയിക്കുന്ന പതിവില്ല.

ഊഷ്മളമായ സ്വീകരണമാണ് നരേന്ദ്ര മോഡിക്ക് വത്തിക്കാനില്‍ ലഭിച്ചത്. മാര്‍പാപ്പാ-മോഡി കൂടിക്കാഴ്ചയുണ്ടാകും എന്ന് ഒക്ടോബര്‍ 23-ന് സീന്യൂസ് ലൈവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇരുപത്തിയൊന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച്ച നടക്കുന്നത്. അവസാനമായി 2000 ലാണ് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്‌പേയ് വത്തിക്കാനിലെത്തി അന്നത്തെ മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമനെ സന്ദര്‍ശിച്ചത്. ഇന്ത്യയും വത്തിക്കാനും തമ്മില്‍ മികച്ച നയതന്ത്ര ബന്ധമാണ് നിലവിലുള്ളത്.


ഫ്രാന്‍സിസ് മാര്‍പ്പാപ്പയും നരേന്ദ്ര മോഡിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണു നടന്നത്. 2015-ല്‍ ഇരു നേതാക്കളും ഏകദേശം ഒരേ സമയം അമേരിക്ക സന്ദര്‍ശിച്ചിരുന്നെങ്കിലും ഇവര്‍ തമ്മില്‍ കൂടി കാഴ്ച നടത്തിയിരുന്നില്ല. ഇന്ത്യ സന്ദര്‍ശിക്കാന്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇതുവരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല.

ഇന്നത്തെ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോഡി പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. മോഡിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയും ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് ബി.ജെ.പിയോടുള്ള അകല്‍ച്ച ഇതിലൂടെ കുറയുകയും ചെയ്യും എന്നതിനാല്‍ ആര്‍.എസ്.എസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തെ എതിര്‍ക്കാന്‍ സാധ്യതയില്ല. 1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചപ്പോള്‍ അതിനെ ആര്‍.എസ്.എസ് ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ആ എതിര്‍പ്പിനെ അവഗണിച്ച് രാജകീയമായ സ്വീകരണമാണ് ബാജ്‌പേയ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പായ്ക്ക് നല്‍കിയത്.

2021 ആദ്യം ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ കര്‍ദിനാളന്മാരായ ഓസ്വാള്‍ഡ് ഗ്രെഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചരി, മോറാന്‍ ക്ലിമീസ് മാര്‍ ബസേലിയസ് എന്നിവര്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് സഭാ നേതാക്കന്മാരുടെ ആവശ്യത്തോട് അനുഭാവ പൂര്‍ണമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളുടെയും ഫ്രാന്‍സിസ് പാപ്പയുടെ ആരാധകരായ ലക്ഷക്കണക്കിനു വരുന്ന ലോകജനതയുടെയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് സഫലമാക്കുന്നതിന് മാര്‍പാപ്പയെ ഔദ്യോഗികമായി പ്രധാനമന്ത്രിയെ ഇന്ത്യയിലേക്കു ക്ഷണിച്ചതിലൂടെ സാധിക്കുമെന്ന് കരുതപ്പെടുന്നു. ഏതായാലും 2022 ന്റെ ആദ്യ പകുതിയില്‍ തന്നെ പപ്പാ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് കരുതപ്പെടുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമത്രി ജവാര്‍ഹലാല്‍ നെഹ്‌റു(1955), ഇന്ദിരാ ഗാന്ധി (1981), ഐ.കെ ഗുജ്റാള്‍ (1987), അടല്‍ ബിഹാരി ബാജ്പേയ് (2000) എന്നിവരാണ് മുന്‍പ് വത്തിക്കാനിലെത്തി മാര്‍പ്പാപ്പാമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്.

മൂന്ന് തവണയാണ് മാര്‍പാപ്പമാര്‍ ഇന്ത്യ സന്ദര്‍ശിച്ചിരിക്കുന്നത്. പോള്‍ ആറാമന്‍ പാപ്പയാണ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച പോപ്പ്. 1964ല്‍ മുംബൈയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് പോള്‍ ആറാമന്‍ പാപ്പാ ഇന്ത്യയിലെത്തിയത്. പിന്നീട് 1986ലും 1999ലും പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്ത്യ സന്ദര്‍ശിച്ചു. 1999ല്‍ പോപ്പ് ജോണ്‍ പോള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അടല്‍ ബിഹാരി ബാജ്പേയ് ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വത്തിക്കാനിലെ സംസ്‌കാര ചടങ്ങില്‍ അന്നത്തെ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെഖാവത്തും ഉന്നത സംഘവും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു. പിന്നീട് 2008ല്‍ സിസ്റ്റര്‍ അല്‍ഫോന്‍സയെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ 13 അംഗ സംഘത്തെയും 2014-ല്‍ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെയും സിസ്റ്റര്‍ എവുപ്രാസിയയെയും വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിലേക്കു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തെയും ഇന്ത്യ അയച്ചിരുന്നു.

2016-ല്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും സംഘവും വത്തിക്കാനിലെത്തിയപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം 2019-ല്‍ മറിയം തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘത്തെയും കേന്ദ്രസര്‍ക്കാര്‍ വത്തിക്കാനിലേക്ക് അയച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.