കേരളത്തിലെ വനങ്ങള്‍ ആരോഗ്യമുള്ളവയെന്ന് പഠനം. കേരളത്തിലെ വന മേഖലയില്‍ വ്യത്യസ്തങ്ങളായ തുമ്പികളെ കണ്ടെത്തിയിരിക്കുകയാണ്. കേരള വനം-വന്യജീവി വകുപ്പും സൊസൈറ്റി ഫോര്‍ ഓഡോണേറ്റ് സ്റ്റഡീസും പീച്ചി വന്യജീവി ഡിവിഷനും സംയുക്തമായി നടത്തിയ മൂന്ന് ദിവസത്തെ സര്‍വേയിലാണ് 72 ഇനം തുമ്പികളെ കണ്ടെത്തിയത്.
തുമ്പികള്‍ ഏറ്റവും ചെറിയ ജീവികളായത് കൊണ്ട് തന്നെ പ്രകൃതിയിലുണ്ടാകുന്ന ഏതൊരു മാറ്റവും ആദ്യം പ്രതിഫലിക്കുന്ന ജീവി വര്‍ഗങ്ങളിലൊന്നാണിത്. അതുകൊണ്ടു തന്നെ തുമ്പികളെ കുറിച്ചുള്ള പഠനം പരിസ്ഥിതിയെ കുറിച്ചുള്ള പഠനമായി തീരുന്നു. ആദ്യമായാണ് തുമ്പികളെ കുറിച്ച് കേരളത്തില്‍ സര്‍വേ നടത്തുന്നത്.
കണ്ടെത്തിയ തുമ്പികളില്‍ 31 ഇനം സൂചിത്തുമ്പികളും 41 ഇനം കല്ലന്‍ത്തുമ്പികളും ആണ്. വംശനാശഭീഷണി നേരിടുന്ന കുങ്കുമ നിഴല്‍ത്തുമ്പിയെ (ഇന്‍ഡോസ്റ്റിക്റ്റ ഡെക്കാനെന്‍സിസ്) ഏഴ് ക്യാമ്പുകളില്‍ നിന്നും കണ്ടെത്താനായത് ഈ കാടുകളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സര്‍വേയ്ക്ക് നേതൃത്വം കൊടുത്ത വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രഭു അഭിപ്രായപ്പെട്ടു.
17 ടീമുകളായി പിരിഞ്ഞ 38 അംഗങ്ങള്‍ വനംവകുപ്പ് ജീവനക്കാരോടൊപ്പം 17 ക്യാമ്പുകളില്‍ തങ്ങിയാണ് തുമ്പികളെക്കുറിച്ച് പഠനം നടത്തിയത്. ഒക്ടോബര്‍ ഒന്‍പത്, പത്ത്, പതിനൊന്ന് തീയതികളിലായി നടന്ന സര്‍വേയില്‍ പീച്ചി - വാഴാനി വന്യജീവി സങ്കേതം, ചിമ്മിണി വന്യജീവി സങ്കേതം, ചൂലന്നൂര്‍ മയില്‍ സങ്കേതം എന്നീ സംരക്ഷിത പ്രദേശങ്ങളിലെ തുമ്പികളുടെ കണക്കാണ് എടുത്തത്.
പശ്ചിമഘട്ടത്തിലെ സ്ഥാനീയ തുമ്പികളായ പുള്ളി നിഴല്‍ത്തുമ്പി, ചെങ്കറുപ്പന്‍ അരുവിയന്‍, വയനാടന്‍ മുളവാലന്‍, തെക്കന്‍ മുളവാലന്‍, പത്തി പുല്‍ച്ചിന്നന്‍, മഞ്ഞവരയന്‍ പൂത്താലി, വയനാടന്‍ കടുവ, തീക്കറുപ്പന്‍ എന്നിവയാണ് സര്‍വേയുടെ മറ്റ് പ്രധാന കണ്ടെത്തലുകള്‍.
നേരത്തെ എസ്ഒഎസ് അംഗങ്ങള്‍ അസമില്‍ നടത്തിയ തുമ്പി നിരീക്ഷണത്തിനിടെ അത്യപൂര്‍വ്വമെന്ന് കരുതിയിരുന്ന ചേരാച്ചിറകന്‍ തുമ്പികളെ കണ്ടെത്തിയിരുന്നു. ബ്രിട്ടീഷ് കോളോണിയല്‍ ഭരണകാലത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ചേരാച്ചിറകന്‍ തുമ്പികളെ അസമില്‍ നിന്നും കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.