ഓക്‌ലന്‍ഡ് നിശ്ചയമായും സന്ദര്‍ശിക്കേണ്ട നഗരം; ലോണ്‍ലി പ്ലാനറ്റ് റിപ്പോര്‍ട്ട്

ഓക്‌ലന്‍ഡ് നിശ്ചയമായും സന്ദര്‍ശിക്കേണ്ട നഗരം;  ലോണ്‍ലി പ്ലാനറ്റ്  റിപ്പോര്‍ട്ട്

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡിനെ അടുത്ത വര്‍ഷം സന്ദര്‍ശിക്കേണ്ട ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ആദ്യത്തേതായി പ്രമുഖ ട്രാവല്‍ മാസികയായ ലോണ്‍ലി പ്ലാനറ്റ് തിരഞ്ഞെടുത്തു. 2022-ല്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 നഗരങ്ങളുടെ പട്ടികയിലാണ് ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്.

ഈ പ്രഖ്യാപനം ന്യൂസിലന്‍ഡിലെ വിനോദകേന്ദ്രങ്ങളില്‍ ഉത്തേജനം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഓക്‌ലന്‍ഡ് നഗരം നിലവില്‍ ലോക്ഡൗണിലാണ്. ഇവിടം സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും കനത്ത പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കും. ലോക്ഡൗണായതിനാല്‍ നഗരത്തിലെ മിക്ക ഷോപ്പുകളും കഫേകളും റസ്റ്റോറന്റുകളും അടച്ചിരിക്കുകയാണ് കൂടാതെ ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ക്കും നിരോധനമുണ്ട്.

നിലവില്‍, ന്യൂസിലന്‍ഡ് പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും മാത്രമേ രാജ്യത്തേക്കു പ്രവേശനമുള്ളൂ.

2022-ല്‍ സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട നഗരങ്ങളുടെ പട്ടികയാണ് ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തവര്‍ഷം ഓക്‌ലന്‍ഡ് വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിലാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ലോണ്‍ലി പ്ലാനറ്റ് എഡിറ്റര്‍മാരും എഴുത്തുകാരും സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ അഭിപ്രായം തേടിയശേഷമാണ് 2022ല്‍ സഞ്ചാരികള്‍ പോകേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഏറ്റവും മികച്ച 10 രാജ്യങ്ങള്‍, 10 മേഖലകള്‍, 10 നഗരങ്ങള്‍, 10 മൂല്യമുള്ള സ്ഥലങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് ലോണ്‍ലി പ്ലാനറ്റ് പട്ടിക പുറത്തുവന്നത്.

ലോക്ഡൗണിനുശേഷം അതിര്‍ത്തികള്‍ വീണ്ടും തുറക്കുമ്പോള്‍ ഈ റാങ്കിംഗ് ഓക്‌ലന്‍ഡിന്റെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് വലിയ ഉത്തേജനം നല്‍കുമെന്ന് ഓക്‌ലന്‍ഡ് മേയര്‍ ഫില്‍ ഗോഫ് പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇതാദ്യമായല്ല ഓക്‌ലന്‍ഡ് അന്താരാഷ്ട്ര റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ജൂണില്‍ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗില്‍ വെല്ലിംഗ്ടണും ഓക്‌ലന്‍ഡും ജീവിക്കാന്‍ യോഗ്യമായ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.