'മദ്യം തൊട്ടിട്ടില്ലാത്ത ഐറിഷ്‌കാരനാണു ഞാന്‍': മാര്‍പാപ്പയ്ക്കു മുന്നില്‍ അഭിമാനപൂര്‍വം ബൈഡന്‍

'മദ്യം തൊട്ടിട്ടില്ലാത്ത ഐറിഷ്‌കാരനാണു ഞാന്‍': മാര്‍പാപ്പയ്ക്കു മുന്നില്‍ അഭിമാനപൂര്‍വം ബൈഡന്‍

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞയാഴ്ച വത്തിക്കാന്‍ പാലസില്‍ ചെലവഴിച്ച ഒന്നേകാല്‍ മണിക്കൂര്‍ നേരത്തെ ഹൃദ്യമായ പെരുമാറ്റത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മനം കവര്‍ന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏറെ വിസമയിപ്പിച്ചത് ഒരു അപ്രതീക്ഷിത വെളിപ്പെടുത്തലിലൂടെയാണ്:'അങ്ങ് ഇതുവരെ കണ്ടിട്ടുള്ള ഐറിഷ്‌കാരില്‍ മദ്യം ഉപയോഗിച്ചിട്ടില്ലാത്ത ഒരേയൊരാള്‍ ആയിരിക്കും ഞാന്‍.'

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെ ബൈഡനും മദ്യപിക്കാറില്ല. പക്ഷേ, താന്‍ മദ്യപാനിയല്ലെന്ന് തികച്ചും സാന്ദര്‍ഭികമായാണ് ഐറിഷ് വംശജനായ ബൈഡന്‍ മാര്‍പാപ്പയോടു പറഞ്ഞത്; യോദ്ധാക്കള്‍ക്കും നേതാക്കള്‍ക്കും ബഹുമാന സൂചകമായി നല്‍കുന്ന കമാന്‍ഡ് നാണയം സമ്മാനിക്കവേ. 'ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മുഖ്യ സ്ഥാനം അര്‍ഹിക്കുന്ന സമാധാന പോരാളിയാണ് അങ്ങ് ' എന്നു പറഞ്ഞുകൊണ്ടാണ് ബൈഡന്‍ നാണയം മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചത്.

'കമാന്‍ഡ് കോയിന്‍ ' നല്‍കുമ്പോള്‍ അമേരിക്കക്കാര്‍ പാരമ്പര്യമായി പ്രയോഗിക്കാറുള്ള ഒരു വാചകമുണ്ടെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി.അതിങ്ങനെയാണ്: 'അടുത്ത തവണ നമ്മള്‍ തമ്മില്‍ കാണുമ്പോള്‍ ഈ നാണയം താങ്കളുടെ കയ്യില്‍ ഇല്ലെങ്കില്‍ എനിക്കു ഡ്രിങ്ക്‌സ് വാങ്ങിത്തരേണ്ടിവരും.' ഈ സമയത്താണ് മാര്‍പാപ്പ കണ്ടിട്ടുള്ള ഐറിഷ്‌കാരില്‍ മദ്യപാനിയല്ലാത്ത മറ്റാരും ഉണ്ടാകില്ലെന്ന് ബൈഡന്‍ നിരീക്ഷിച്ചത്.'അതേ, എനിക്കറിയാം, ഐറിഷ്‌കാര്‍ക്ക് വിസ്‌കി ഇഷ്ടമാണ്' മാര്‍പ്പാപ്പ പ്രതിവചിച്ചു.

താന്‍ സമ്മാനിച്ച നാണയത്തിന്റെ സവിശേഷതകള്‍ മാര്‍പ്പാപ്പയ്ക്കു ബൈഡന്‍ വിശദീകരിച്ചു കൊടുത്തു. ഒരു വശത്ത് യുഎസ് മുദ്രയും മറുവശത്ത് ഡെലവെയര്‍ ആര്‍മി നാഷണല്‍ ഗാര്‍ഡ് 261-ാമത് സിഗ്‌നല്‍ ബ്രിഗേഡ് യൂണിറ്റിന്റെ എംബ്ലവും ചൂണ്ടിക്കാണിക്കവേ ആ സ്വരം ആര്‍ദ്രമായി. അകാലത്തില്‍ അര്‍ബുദ രോഗത്തിനു കീഴടങ്ങി വിട പറഞ്ഞ മകന്‍ ബ്യൂ 
സേവനമനുഷ്ഠിച്ചിരുന്നത് ഈ യൂണിറ്റിലായിരുന്നു.'ഇത് അങ്ങേക്ക് തരണമെന്ന് എന്റെ മകന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം'- അദ്ദേഹം പറഞ്ഞു.

ജോണ്‍ എഫ് കെന്നഡിക്ക് ശേഷം അമേരിക്കയുടെ ആദ്യത്തെ കത്തോലിക്കാ പ്രസിഡന്റായ ബൈഡന്‍ നാലാം തവണയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. 2013, 2015, 2016 വര്‍ഷങ്ങളില്‍ അദ്ദേഹം വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ മാര്‍പാപ്പയെ കണ്ടിരുന്നു.

കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, വരുമാന അസമത്വം തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന സി ഒ പി 26 കാലാവസ്ഥാ സമ്മേളനത്തിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായാണ് പത്‌നി ജില്ലിനൊപ്പം ബൈഡന്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയുടെ അനുഗ്രഹം തേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.