കാബൂളിലെ സൈനിക ആശുപത്രിയില്‍ ഇരട്ട സ്ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഐഎസ് ഭീകരരെന്ന് സൂചന

കാബൂളിലെ സൈനിക ആശുപത്രിയില്‍ ഇരട്ട സ്ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഐഎസ് ഭീകരരെന്ന് സൂചന

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയായ സര്‍ദാര്‍ മുഹമ്മദ് ദൗദ് ഖാനു സമീപം നടന്ന ഇരട്ട ബോംബ് സ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമ്പതോളം പേര്‍ക്ക് പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണെന്നാണ് നിഗമനം.

400 ബെഡുകളുള്ള സൈനിക ആശുപത്രിയുടെ കവാടത്തിലാണ് സ്ഫോടനമുണ്ടായത്. കാര്‍ ബോംബായിരുന്നുവെന്നാണ് വിവരം. ആദ്യം ആശുപത്രിക്കുള്ളില്‍ വെടിവയ്പ് ഉണ്ടായതായി ദൃക്‌സാക്ഷികളും താലിബാനും പറഞ്ഞു. 19 പേര്‍ മരിച്ചതായും പരുക്കേറ്റ 50 പേരെ കാബൂളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പറഞ്ഞു. ആക്രമണത്തിന് പിന്നാലെ താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. സ്ഫോടനത്തിന് മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സംഘം ആശുപത്രിയില്‍ പ്രവേശിച്ചിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥരുമായി സംഘര്‍ഷം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആശുപത്രിക്കുള്ളില്‍ ആദ്യം വെടിവെയ്പ്പാണ് ഉണ്ടായത്. തൊട്ടുപിന്നാലെ സ്ഫോടനമുണ്ടായി. പത്ത് മിനിറ്റിന് ശേഷം മറ്റൊരു വലിയ സ്ഫോടനവും നടന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ വെളിപ്പെടുത്തി.

പരുക്കേറ്റ അഫ്ഗാന്‍ സുരക്ഷാ ഭടന്‍മാരെയും താലിബാന്‍ പോരാളികളെയും ചികിത്സിക്കുന്ന ആശുപത്രിയിലാണ് അക്രമം ഉണ്ടായത്. മുന്‍പു 2017ല്‍ ഇതേ ആശുപത്രിയില്‍ ഉണ്ടായ അക്രമത്തില്‍ 30 പേര്‍ മരിച്ചിരുന്നു.

താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് ഭീകരാക്രമണ പരമ്പരകളാണ് സംഭവിക്കുന്നത്. ഇതില്‍ ഭൂരിഭാഗം ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏറ്റെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.