'നിന്റെ പേരെന്താണ്? എന്റെ പേര് ക്ലിയോ'; 18 ദിവസമായി കാണാതായ നാലു വയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

'നിന്റെ പേരെന്താണ്? എന്റെ പേര് ക്ലിയോ'; 18 ദിവസമായി കാണാതായ നാലു വയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

0 കുട്ടിയെ രക്ഷപ്പെടുത്തിയത് അടച്ചിട്ട വീട്ടില്‍നിന്ന്
0 കേസ് അന്വേഷണത്തില്‍ തുമ്പായത് ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രതി കുട്ടികള്‍ക്കുള്ള നാപ്കിന്‍ വാങ്ങിയത്

പെര്‍ത്ത്: 'നിന്റെ പേരെന്താണ്?' എന്റെ പേര് ക്ലിയോ'; 18 ദിവസം നീണ്ട തെരച്ചിലിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ഓസ്‌ട്രേലിയയില്‍ കാണാതായ നാലുവയസുകാരിയെ കണ്ടെത്തുമ്പോള്‍ അവള്‍ പുഞ്ചിരിയോടെ പോലീസിനോടു മറുപടി പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 16-ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മാക്ലിയോഡിലെ ബ്ളോഹോള്‍സ് ക്യാമ്പ് സൈറ്റില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ക്ലിയോ സ്മിത്തിനെ സുരക്ഷിതയായി കണ്ടെത്തി.

പെര്‍ത്തില്‍നിന്നു 900 കിലോമീറ്റര്‍ അകലെയുള്ള തീരദേശ പട്ടണമായ കാര്‍നാര്‍വോണിനു സമീപമുള്ള ഒരു അടച്ചിട്ട വീട്ടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന പോലീസ് നാലുവയസുകാരിയെ രക്ഷപ്പെടുത്തുകയായിരുന്നു. കണ്ടെത്തുമ്പോള്‍ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി. ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രതി കുട്ടികള്‍ക്കുള്ള നാപ്കിന്‍ വാങ്ങിയതാണ് കേസ് അന്വേഷണത്തില്‍ തുമ്പായത്.


18 ദിവസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയ ക്ലിയോ സ്മിത്തിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍

പോലീസ്, കര, വ്യോമ, നാവിക സേനാംഗങ്ങള്‍ സംയുക്തമായി 18 ദിവസമായി നടത്തിയ വിപുലമായ തെരച്ചിലിനൊടുവിലാണ് ഏവരെയും ആശങ്കയിലാഴ്ത്തിയ സംഭവത്തിന് ശുഭപര്യവസാനമുണ്ടായത്. കേസില്‍ യാതൊരു തുമ്പും ലഭിക്കാതെ പ്രതീക്ഷകളെല്ലാം അസ്തമിച്ച നേരത്താണ് യാതൊരു പരുക്കും കൂടാതെ കുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയത്. രാജ്യത്തിനാകെ അഭിമാനവും ലോകത്തിന് മാതൃകയുമായ കേസ് അന്വേഷണം പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പോലീസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ്. കുട്ടിയെ കണ്ടെത്തിയ വാര്‍ത്ത വലിയ ആഹ്‌ളാദാരവത്തോടെയാണ് രക്ഷാപ്രവര്‍ത്തകരും കുട്ടിക്കായി പ്രാര്‍ഥിച്ച ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികളും സ്വീകരിച്ചത്. പൂര്‍ണമായും എഴുതിതള്ളേണ്ട കേസിലാണ് അഭിമാനാര്‍ഹമായ നേട്ടമുണ്ടായത്.


ക്ലിയോ സ്മിത്തിനെ കണ്ടെത്തിയ വീട്ടില്‍നിന്നു തെളിവുകള്‍ ശേഖരിച്ചു മടങ്ങുന്ന പോലീസ്

മാതാപിതാക്കള്‍ക്കൊപ്പം ടെന്റില്‍ ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ ഒക്ടോബര്‍ 16-ന് പ്രാദേശിക സമയം പുലര്‍ച്ചെയാണ് കാണാതായത്. കുട്ടി ഉറങ്ങിയ സ്ലീപ്പിംഗ് ബാഗ് ഉള്‍പ്പെടെയാണ് കാണാതായത്. ടെന്റിന്റെ വാതില്‍ തുറന്നുകിടന്നിരുന്നു. ദുരൂഹമായ തിരോധാനത്തെ തുടര്‍ന്ന് കടലിലടക്കം ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടന്നു. കേസ് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചു,

കാണാതായ സ്ഥലത്തുനിന്നും 75 കിലോമീറ്റര്‍ ദൂരെയുള്ള ഒരു സ്ഥലത്തുള്ള വീട്ടില്‍നിന്നാണ് ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ കുട്ടിയെ കണ്ടെത്തിയത്. അവള്‍ സുഖമായിരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം ഒന്നിച്ചതായും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പോലീസ് അറിയിച്ചു.


വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് കമ്മീഷണർ ക്രിസ് ഡോസൺ കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.

അടച്ചിട്ട വീടിനുള്ളില്‍ ബലം പ്രായോഗിച്ചു കടന്ന പോലീസ് കുഞ്ഞിനെ കൈകളില്‍ വാരിയെടുത്ത് നിന്റെ പേര് എന്താണെന്നു ചോദിച്ചപ്പോള്‍ എന്റെ പേര് ക്ലിയോ എന്ന് കുട്ടി മറുപടി പറഞ്ഞു. തുടര്‍ന്ന് അവളെയും കൊണ്ട് അവര്‍ പുറത്തുകടക്കുകയായിരുന്നു. 'അവള്‍ ജീവിച്ചിരിക്കുന്നു. സുഖമായും സന്തോഷമായുമിരിക്കുന്നു'-കുട്ടിയെ രക്ഷിച്ചശേഷം പോലീസ് ഈ ആഹ്‌ളാദവാര്‍ത്ത ലോകത്തെ അറിയിച്ചതിങ്ങനെ.

സംഭവവുമായി ബന്ധപ്പെട്ട് കാര്‍നാര്‍വോണില്‍ നിന്നുള്ള 36 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ഡിറ്റക്ടീവുകള്‍ ചോദ്യം ചെയ്തു വരികയാണ്. ക്ലിയോയുമായോ കുടുംബവുമായോ ഈ വ്യക്തിക്ക് യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍ ഇയാള്‍ക്കെതിരേ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല.

കുട്ടിയെ കണ്ടെത്തിയതും മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്നതും അതിവൈകാരികമായ നിമിഷങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനിച്ചത്. കാണാതായതുമുതല്‍ ക്ലിയോയുടെ തിരിച്ചുവരവിനായി പള്ളിയില്‍ പ്രാര്‍ഥനയോടും എല്ലാവരോടും അഭ്യര്‍ഥനകള്‍ നടത്തിയും കണ്ണീരോടെ കഴിയുകയായിരുന്നു അമ്മ എല്ലി സ്മിത്ത്.

'ഞങ്ങളുടെ കുടുംബം വീണ്ടും പൂര്‍ണമായി' എല്ലി സ്മിത്ത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ക്ലിയോ എവിടെയാണെന്ന് വിവരം നല്‍കുന്നവര്‍ക്ക് 1 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് പോലീസ് വാഗ്ദാനം ചെയ്തിരുന്നു.

'ക്ലിയോയെ അവളുടെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ പോലീസ് ഓഫീസര്‍മാര്‍ ഏറെ ആഹ്‌ളാദത്തിലാണ്. എല്ലായ്‌പ്പോഴും ഇത്തരത്തിലുള്ള സന്തോഷകരമായ ഫലം ലഭിക്കണമെന്നില്ല. കേസ് അന്വേഷണം ഏറെ ആശങ്കപ്പെടുത്തിയെങ്കിലും ഞങ്ങള്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല'-പോലീസ് കമ്മീഷണര്‍ ക്രിസ് ഡോസണ്‍ പറഞ്ഞു.

അന്വേഷണത്തിനിടെ ലഭിച്ച ചില ഫോറന്‍സിക് തെളിവുകളും രഹസ്യ വിവരങ്ങളുമാണ് കുട്ടിയിലേക്ക് എത്തിച്ചേരാന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കാണാതായ ക്യാമ്പ് സൈറ്റില്‍നിന്നും വിവിധ ഭാഗങ്ങളിലെ റോഡരുകിലുള്ള ചവറ്റുകൊട്ടയില്‍ നിന്നും മാലിന്യമെല്ലാം ശേഖരിച്ച് ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തിയിരുന്നു. അതില്‍ വീണുകിടന്നിരുന്ന ഓരോ ബാഗും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. മാത്രമല്ല, സമീപ പ്രദേശങ്ങളിലെ കടകളുടെയും റസ്റ്റോറന്റുകളുടെയും സിസിടിവികളും പരിശോധനക്ക് വിധേയമാക്കി.

ചവറ്റു കുട്ടികളില്‍ നിന്നും ലഭിച്ച ചില തെളിവുകളും ചില സി സി ടി വി ദൃശ്യങ്ങളും പ്രതിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചു. ഒറ്റയ്ക്ക് ഒരു വീട്ടില്‍ താമസിച്ചിരുന്ന പ്രതി കുട്ടികള്‍ക്കുള്ള നാപ്കിന്‍ വാങ്ങിയത് ശ്രദ്ധയില്‍പെട്ട ഒരു അയല്‍വാസി നല്‍കിയ വിവരവും പോലീസിന് അനുഗ്രഹമായി. കേസ് അന്വേഷണത്തിന്റെ ഭാഗമായി 110 പേരോളം ചോദ്യം ചെയ്യലിന് വിധേയരായി. ക്യാമ്പ് സൈറ്റില്‍ അന്ന് ക്ലിയോയുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നവരായിരുന്നു ഇവരില്‍ അധികവും.

ആശ്വാസകരമായ വാര്‍ത്തയെന്ന് പ്രധാനമന്ത്രിയും പ്രീമിയറും

COP26 കാലാവസ്ഥാ ഉച്ചകോടിക്കായി സ്‌കോട്ട്ലന്‍ഡിലെത്തിയ ശേഷം നാട്ടിലേക്കു മടങ്ങവെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മാര്‍ക്ക് മക്‌ഗോവനും കുട്ടിയെ കണ്ടെത്തിയ വാര്‍ത്തയില്‍ വലിയ ആശ്വാസം പ്രകടിപ്പിച്ചു.

'ഇത് അത്ഭുതകരവും ആശ്വാസം നല്‍കുന്നതുമായ വാര്‍ത്തയാണ്. ക്ലിയോ സ്മിത്തിനെ കണ്ടെത്തി, അവള്‍ വീട്ടില്‍ സുരക്ഷിതയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചു. ക്ലിയോയെ കണ്ടെത്തുന്നതിലും അവളുടെ കുടുംബത്തെ പിന്തുണയ്ക്കുന്നതിലും പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി' എന്നാണ് സ്‌കോട്ട് മോറിസണ്‍ ട്വീറ്റ് ചെയ്തത്.

രാജ്യത്തിന് മുഴുവന്‍ അഭിമാനം പകര്‍ന്ന മഹത്തായ വാര്‍ത്തയാണിതെന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്ഗോവന്‍ പറഞ്ഞു. ഇത് അതിശയകരമായ കണ്ടെത്തലായിരുന്നു. പുലര്‍ച്ചെ പോലീസ് കമ്മീഷണര്‍ അയച്ച സന്ദേശത്തിലൂടെയാണ് സന്തോഷവാര്‍ത്ത അറിഞ്ഞത്. താന്‍ മൂന്ന് മണിക്ക് ഉണര്‍ന്നപ്പോള്‍ ആദ്യം കണ്ടത് അതിശയകരവും ആശ്വാസകരവുമായ ഈ വാര്‍ത്തയാണെന്ന് അദ്ദേഹം പറഞ്ഞു.

'ആശുപത്രി കിടക്കയില്‍ പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്ന കുഞ്ഞു ക്ലിയോയുടെ മനോഹരമായ ഫോട്ടോയും പോലീസ് കമ്മിഷണര്‍ അയച്ചു. ലോകമെമ്പാടുമുള്ള പോലീസ് സേനകള്‍ ഈ കേസ് പഠനവിധേയമാക്കുമെന്നാണ് കരുതുന്നത്-മാര്‍ക്ക് മക്ഗോവന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനിസ് ഉള്‍പ്പെടെ നിരവധി പേരാണ് ക്ലിയോയെ കണ്ടെത്തിയ വാര്‍ത്തയില്‍ ആശ്വാസം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26