കശ്‌മീർ ഉൽപ്പന്നങ്ങൾ യു.എ.ഇ.യിലെത്തിക്കാൻ ഗോ ഫസ്റ്റ് എയർലൈനുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്

കശ്‌മീർ ഉൽപ്പന്നങ്ങൾ യു.എ.ഇ.യിലെത്തിക്കാൻ ഗോ ഫസ്റ്റ് എയർലൈനുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്

ശ്രീനഗർ: കശ്‌മീരിൽ നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ യു.എ.ഇ.യിലും മറ്റ് ഗൾഫ് നാടുകളിലുമെത്തിക്കുന്നതിനായി ലുലു ഗ്രൂപ്പും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ഗോ ഫസ്റ്റ് എയർലൈനും ഒരുങ്ങുന്നു. ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് യുഎ ഇ യിലെ ഷാർജയിലേക്ക് നേരിട്ടുള്ള കാർഗോ സർവീസിനാണ് ലുലു ഗ്രൂപ്പും ഗോ ഫസ്റ്റ് എയർലൈനും തമ്മിൽ ധാരണയായത്. ജമ്മു കശ്മീർ വ്യവസായ - സിവിൽ ഏവിയേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ ഠാക്കൂറിന്റെ സാന്നിധ്യത്തിൽ ഗോ ഫസ്റ്റ് മേധാവി മോഹിത് ദ്വിവേദിയും ലുലു ഗ്രൂപ്പ് ഡയറകറ്റർ സലിം എം എ യും തമ്മിലാണ് ഇത്‌ സംബന്ധിച്ച ധാരണാ പത്രത്തിൽ ശ്രീ നഗറിൽ വെച്ച് ഒപ്പ് വെച്ചത്.

ഗോ ഫസ്റ്റിൻ്റെ കാശ്മീരിൽ നിന്നും ഷാർജയിലേക്കുള്ള ആദ്യത്തെ അന്താരാഷ്ട്ര യാത്ര വിമാന സർവീസ് കഴിഞ്ഞയാഴ്ചയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം കശ്‌മീരിൽ നിന്നും ആദ്യമായി അന്താരാഷ്ട്ര കാർഗോ സർവീസ് ആരംഭിക്കുന്ന ആദ്യ എയർലൈൻ എന്ന ബഹുമതിയും ഗോ ഫസ്റ്റ് കരസ്ഥമാക്കുകയാണ്.

കശ്മീരിലെ വിശാലമായ കയറ്റുമതി സാദ്ധ്യതകൾ ഇതുവഴി ഉപയോഗപ്പെടുത്താമെന്നും, ഇതിനായി അവസരം നൽകിയതിന് ജമ്മു കശ്മീർ സർക്കാരിനും കേന്ദ്ര സർക്കാരിനും നന്ദി അറിയിക്കുന്നതായും ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം എ പറഞ്ഞു. പ്രാദേശികമായി കാശ്മീരിൽ ഉല്പാദിപ്പിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, കരകൗശല വസ്തുക്കൾ, മറ്റ് പ്രധാന ഉത്പന്നങ്ങൾ എന്നിവയുടെ വലിയ തോതിലുള്ള കയറ്റുമതി സാധ്യത ഇതോടെ തുറക്കുകയാണെന്ന് സലിം പറഞ്ഞു. ഡിസംബറിൽ സർവീസുകൾ ആരംഭിക്കാൻ തയ്യാറെടുക്കുന്നതായി ഗോ ഫസ്റ്റ് മേധാവി മോഹിത് ദ്വിവേദി വ്യക്തമാക്കി. ജമ്മുകശ്മീർ - കേന്ദ്ര ഗവൺമെന്റുകൾ, ലുലു ഗ്രൂപ്പ് എന്നിവയോടുള്ള നന്ദിയും ഗോ ഫസ്റ്റ് അറിയിച്ചു.

കാർഗോ സർവീസ് ആരംഭിക്കുന്നതോടെ ജമ്മു കശ്മീരിലെ കർഷകർക്കും, നെയ്ത്തുകാർക്കും, ചെറുകിട സംരംഭകർക്കും വലിയ വിപണന സാധ്യത മുന്നിൽ കാണാമെന്ന് സെക്രട്ടറി രഞ്ജൻ താക്കൂർ പറഞ്ഞു. ആദ്യം ആഴ്ചയിൽ 4 സർവിസുകൾ നടത്തുന്ന ഗോ ഫസ്റ്റ് എല്ലാദിവസവും സർവീസ് നടത്തുന്ന രീതിയിലേക്ക് മാറും. അത് ദുബായ് ഷാർജ മറ്റ്‌ വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ ഗുണപ്രദമായി മാറുമെന്നും താക്കൂർ പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.