മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയില്‍ ക്രൈസ്തവ വിശ്വാസത്തിനു നേരെ മറ്റൊരു പ്രഹരം കൂടി. സംസ്ഥാനത്ത് തുല്യ അവസര നിയമത്തില്‍ (The Equal Opportunity (Religious Exceptions) Amendment Bill 2021 ) ഭേദഗതി വരുത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ക്രൈസ്തവ സ്ഥാപനങ്ങളില്‍ വിശ്വാസികളായ ജീവനക്കാരെ നിയമിക്കാന്‍ നിലവിലുണ്ടായിരുന്ന അധികാരം കുറയ്ക്കുന്നതാണ് പുതിയ ഭേദഗതി ബില്‍. സഭകളുടെ കീഴിലുള്ള സ്‌കൂളുകളെയാണ് നിയമ ഭേദഗതി കൂടുതലായി ബാധിക്കുക.
ഇന്നലെയാണ് പാര്‍ലമെന്റില്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ തുല്യ അവസര ഭേദഗതി ബില്‍ 2021 അവതരിപ്പിച്ചത്. ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നാല്‍ ക്രിസ്ത്യന്‍ സ്‌കൂളുകളുടെ പാരമ്പര്യവും വിശ്വാസങ്ങളും മൂല്യങ്ങളും പിന്തുടരുന്ന ജീവനക്കാരെ നിയമിക്കാന്‍ സ്‌കൂള്‍ അധികാരികള്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുമെന്ന് ക്രിസ്ത്യന്‍ സ്‌കൂള്‍സ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ സ്‌കൂളുകളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കുട്ടികളെ ചേര്‍ക്കാന്‍ ഞങ്ങളുടെ സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്ന രക്ഷിതാക്കള്‍ ക്രൈസ്തവ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസമാണ് ആഗ്രഹിക്കുന്നത്. അത് ഒരിക്കലും സംസ്ഥാന സ്‌കൂള്‍ സംവിധാനത്തിന് നല്‍കാന്‍ കഴിയില്ല.
സ്‌കൂളുകളില്‍നിന്നു ക്രൈസ്തവ മൂല്യങ്ങളെയും വിശ്വാസത്തെയും പിഴുതെറിയാനാണ് ഈ ബില്ലു കൊണ്ടുദ്ദേശിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ സ്‌കൂള്‍സ് പ്രതിനിധി വനേസ ചെങ് പറഞ്ഞു.
നിയമഭേദഗതിയുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹങ്ങളുടെ അഭിപ്രായം തേടിയിട്ടില്ലെന്നും ക്രിസ്ത്യന്‍ സ്‌കൂളുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിക്ടോറിയന്‍ സര്‍ക്കാരിന് യാതൊരു ധാരണയുമില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ക്രൈസ്തവ മൂല്യങ്ങളെയും വിശ്വാസങ്ങളെയും പിന്തുടരുന്ന അധ്യാപകരെയും മറ്റ് അനധ്യാപക ജീവനക്കാരെയും നിയമിക്കാനുള്ള സ്‌കൂളുകളുടെ അവകാശത്തെ 78 ശതമാനം വിക്ടോറിയക്കാരും പിന്തുണയ്ക്കുന്നതായി തെളിയിക്കുന്ന ഒരു വോട്ടെടുപ്പിന്റെ ഫലങ്ങളും രണ്ട് സംഘടനകളും പുറത്തുവിട്ടു.
സര്‍ക്കാര്‍ ധനസഹായത്തോടെ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ, ഇതര മത സ്ഥാപനങ്ങളിലെ നിയമനത്തില്‍ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കാനാണ് നിര്‍ദ്ദിഷ്ട നിയമഭേദഗതിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സ്‌കൂളുകളെയാണ് ഈ നിയമഭേദഗതി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഫലത്തില്‍ ക്രൈസ്തവ മൂല്യത്തില്‍ അടിയുറച്ചു വിശ്വാസിക്കുന്ന സ്‌കൂളുകള്‍ അവരുടെ ആദര്‍ശം ഉപേക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ പരോക്ഷമായി പറയുന്നത്.
നിര്‍ദിഷ്ട നിയമഭേദഗതിക്കെതിരേ കടുത്ത വിമര്‍ശനവുമായി മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കൊമെന്‍സോലി രംഗത്തെത്തി. മത സംഘടനകളെ ലക്ഷ്യം വച്ചുള്ള പുതിയ നിയമമാണ് ഇതെന്നും വിക്ടോറിയയിലെ വിശ്വാസികള്‍ക്കു മേല്‍ സര്‍ക്കാര്‍ നടത്തുന്ന മറ്റൊരു കടന്നുകയറ്റമാണ് ഇതെന്നും ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.
മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കൊമെന്‍സോലി
തുല്യ അവസര നിയമ പരിഷ്‌ക്കരണം മത സംഘടനകളുടെ വിശ്വാസത്തിനും മനഃസാക്ഷിക്കും അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേല്‍ കൂച്ചുവിലങ്ങിടും.
ഈ മഹാമാരിക്കാലത്ത് വിക്ടോറിയയിലെ വിശ്വാസികള്‍ മറ്റുള്ളവരോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുകയും ദുര്‍ബലരായവര്‍ക്കും ഒറ്റപ്പെടല്‍ നേരിടുന്നവര്‍ക്കും സ്ത്യുത്യര്‍ഹമായ രീതിയില്‍ പരിചരണം നല്‍കുകയും ചെയ്തു. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് വിശ്വാസത്തിലൂടെ കരകയറുന്ന ഈ സമയത്ത് സര്‍ക്കാര്‍ നടത്തുന്ന ഈ കടന്നാക്രമണം അംഗീകരിക്കാനാവില്ല.
'കത്തോലിക്ക വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭൂരിപക്ഷം സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തനിക്ക് ഏറെ ആശങ്കയുണ്ട്. അനേകം വിദ്യാര്‍ഥികള്‍ക്ക് വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചമായി മാറിയ അനുഭവമാണ് കത്തോലിക്കാ സ്‌കൂളുകള്‍ക്കുള്ളത്. ഒരു മതപരമായ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് നിര്‍ണയിക്കുന്നത് കോടതിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ആയിരിക്കരുതെന്നും ആര്‍ച്ച് ബിഷപ്പ് കൊമെന്‍സോലി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.