സ്‌പെയിനില്‍ സര്‍ക്കസില്‍നിന്ന് രക്ഷപ്പെട്ട് നഗരത്തില്‍ അലഞ്ഞ ഒട്ടകങ്ങളെ പോലീസ് പിടികൂടി

സ്‌പെയിനില്‍ സര്‍ക്കസില്‍നിന്ന് രക്ഷപ്പെട്ട് നഗരത്തില്‍ അലഞ്ഞ ഒട്ടകങ്ങളെ പോലീസ് പിടികൂടി

മാഡ്രിഡ്: ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്നതു പോലൊരു രക്ഷപ്പെടല്‍ ആയിരുന്നു അത്. സര്‍ക്കസില്‍ നിന്നു രക്ഷപ്പെട്ട ഒരു സംഘം ഒട്ടകങ്ങളും ല്ലാമയും(ഒട്ടകം പോലെയുള്ള മൃഗം) സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിന്റെ നഗരവീഥികള്‍ കീഴടക്കി. വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റ നഗരവാസികള്‍ കാണുന്ന കാഴ്ച്ച എട്ട് ഒട്ടകങ്ങളും ഒരു ല്ലാമയും തെരുവിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതാണ്. സര്‍ക്കസ് നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തിനു സമീപമുള്ള ജില്ലയായ കാരബ്രാഞ്ചലിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചു മണിയോടെ ഇവയെ കണ്ടെത്തിയത്.

മാഡ്രിഡിലെ ഒരു സര്‍ക്കസ് കേന്ദ്രത്തില്‍ നിന്ന് നിരവധി ഒട്ടകങ്ങളും ഒരു ലാമയും രക്ഷപ്പെട്ടതായി ട്വിറ്ററില്‍ സ്പെയിന്‍ ദേശീയ പോലീസ് അറിയിച്ചു. രക്ഷപ്പെട്ട് അധികം താമസിയാതെ ഉദ്യോഗസ്ഥര്‍ മൃഗങ്ങളെ കണ്ടെത്തി. അതിനാല്‍ അവയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞു എന്ന് പോലീസ് പറഞ്ഞു.

മൃഗാവകാശ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളാണ് ഇതിനെല്ലാം കാരണമെന്ന് സര്‍ക്കസിന്റെ ഉടമകളായ ക്വിറോസ് സര്‍ക്കസ് കുറ്റപ്പെടുത്തി.

മൃഗങ്ങളെ താമസിപ്പിച്ചതിന് ചുറ്റും സ്ഥാപിച്ച വൈദ്യുത വേലി ആരോ മുറിച്ചിട്ടുണ്ടെന്ന് സര്‍ക്കസ് മാനേജര്‍ മാറ്റി മുനോസ് എഎഫ്പിയോട് പറഞ്ഞു. മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സര്‍ക്കസിനെതിരെ പോരാടുന്ന മൃഗാവകാശ പ്രവര്‍ത്തകരാണ് ഇതിനെല്ലാം കാരണമെന്ന് സര്‍ക്കസ് മാനേജര്‍ ആരോപിച്ചു. ല്ലാമയെയും ബാക്ട്രിയന്‍ ഒട്ടകങ്ങളെയും കണ്ടെത്തിയതില്‍ തനിക്ക് ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു കൂനുള്ള ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ മധ്യ, കിഴക്കന്‍ ഏഷ്യയിലെ മരുഭൂമികളില്‍ നിന്നാണ് വന്നത്. അവയ്ക്ക് ഏത് അവസ്ഥയെയും അതിജീവിക്കാന്‍ കഴിയും. ഇതില്‍ ഭൂരിഭാഗവും ഇന്ന് വീടുകളിലാണ് വളര്‍ത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.