ഹിന്ദിയില്‍ ദീപാവലി ആശംസ, ഡിന്നറിന് കേരള ചെമ്മീന്‍ കറി; ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം വൈറല്‍

ഹിന്ദിയില്‍ ദീപാവലി ആശംസ, ഡിന്നറിന് കേരള ചെമ്മീന്‍ കറി; ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം വൈറല്‍

കാന്‍ബറ: ഇന്ത്യന്‍ സമൂഹത്തിന് ഹിന്ദിയില്‍ ദീപാവലി ആശംസകള്‍ നേര്‍ന്നും സുഹൃത്തുക്കള്‍ക്കുള്ള വിരുന്നില്‍ കേരള ചെമ്മീന്‍ കറി സ്വയം പാചകം ചെയ്തും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പങ്കുവച്ച വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.

ഇരുട്ടിനു മേല്‍ വെളിച്ചം വിജയം കൈവരിക്കുന്ന ആഘോഷമായ ദീപാവലി, ഇരുള്‍ നിറഞ്ഞ ജീവിതങ്ങളില്‍ വെളിച്ചവും പ്രതീക്ഷയും പകരട്ടെ എന്നാശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ദീപാവലി സന്ദേശം നല്‍കിയത്. ഹിന്ദിയിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.

ഓസ്‌ട്രേലിയ മഹാമാരിയില്‍നിന്ന് കരകയറുന്നതിനിടെയാണ് ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മാറ്റിവയ്ക്കേണ്ടി വന്ന ഒത്തുചേരലുകളും ആഘോഷങ്ങളും വീണ്ടും സാധ്യമാക്കാന്‍ സമയമായെന്നും മോറിസണ്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ സമൂഹത്തെ സുരക്ഷിതമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.



ആശംസകള്‍ക്കു പിന്നാലെയാണ് വീട്ടിലെത്തിയ അതിഥികള്‍ക്ക് കേരളീയ രീതിയില്‍ ചെമ്മീന്‍ കറി പാചകം ചെയ്തു വിളമ്പിയത്.

കേരള ചെമ്മീന്‍ കറിയും കോക്കനട്ട് ചിക്കന്‍ കറിയും പൊട്ടറ്റോ സാഗുമാണ് തന്റെ വീട്ടില്‍ വിരുന്നു വന്ന സുഹൃത്തുക്കള്‍ക്കായി പ്രധാനമന്ത്രി വിളമ്പിയത്. വിഭവങ്ങള്‍ പാചകം ചെയ്യുന്നതിന്റെയും വിളമ്പിയതിന്റെയും ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു. ഒപ്പം, എല്ലാവര്‍ക്കും ദീപാവലി ആശംസകളും നേര്‍ന്നു.


ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പങ്കുവച്ച എഫ്.ബി പോസ്റ്റ്

https://m.facebook.com/story.php?story_fbid=437864547708913&id=100044561133947&sfnsn=wiwspmo

കേരള വിഭവം സ്വയം പാചകം ചെയ്തതിന്റെ ചിത്രം മോറിസണ്‍ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി മലയാളികളാണ് പ്രധാനമന്ത്രിക്ക് കമന്റിലൂടെ പ്രതികരിച്ചത്. അടുത്ത ഇന്ത്യാ സന്ദര്‍ശനത്തില്‍ കേരളം സന്ദര്‍ശിക്കണമെന്നും കേരളത്തിന്റെ മറ്റ് വിഭവങ്ങളും പരീക്ഷിക്കണമെന്നുമൊക്കെയാണ് മലയാളികള്‍ പ്രതികരിച്ചത്.

പാചകത്തോടു താത്പര്യം പുലര്‍ത്തുന്ന മോറിസണ്‍, വിവിധ ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വിഭവങ്ങള്‍ സ്വയം പാചകം ചെയ്ത്, കുടുംബത്തിന് വിളമ്പുന്നതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ സ്ഥിരം പോസ്റ്റ് ചെയ്യാറുണ്ട്.

എന്നാല്‍, ഇതാദ്യമായാണ് ഒരു കേരളീയ വിഭവം സ്വയം പാചകം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.