ഗ്രേറ്റ് ബാരിയര്‍ റീഫിലെ 98 ശതമാനം പവിഴപ്പുറ്റുകളും അപകടാവസ്ഥയിലെന്ന് പഠനം

ഗ്രേറ്റ് ബാരിയര്‍ റീഫിലെ 98 ശതമാനം പവിഴപ്പുറ്റുകളും അപകടാവസ്ഥയിലെന്ന് പഠനം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ലോക പ്രശസ്തമായ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ 98 ശതമാനത്തെയും കോറല്‍ ബ്ലീച്ചിങ് എന്ന പ്രതിഭാസം ബാധിച്ചതായി പുതിയ പഠനം 1998 മുതലുള്ള കണക്കാണിത്. പവിഴപ്പുറ്റുകളില്‍ വസിക്കുന്ന ആല്‍ഗകള്‍ക്ക് നാശം സംഭവിച്ച് വെളുത്ത നിറമാകുന്ന അവസ്ഥയാണ് ബ്ലീച്ചിംഗ്. വെറും രണ്ട് ശതമാനത്തില്‍ താഴെയുള്ളവ മാത്രമാണ് ബ്ലീച്ചിംഗിനെ അതിജീവിച്ചത്. സമുദ്ര താപനില ഉയരുന്നതാണ് ബ്ലീച്ചിംഗ് പ്രതിഭാസത്തിനു കാരണം. സമുദ്രജലത്തിന്റെ താപനിലയിലെ വര്‍ധന മൂലം കോറലുകള്‍ അവയുടെ ശരീരത്തിലെ കോശങ്ങളില്‍ താമസിക്കുന്ന സൂസാന്തില്ലകളെന്ന ഭക്ഷണ നിര്‍മാതാക്കളായ സൂക്ഷ്മജീവികളെ പുറന്തള്ളുന്നു. നിറം നഷ്ടപ്പെടുന്ന കോറലുകള്‍ വൈകാതെ മരണമടയുന്നു.


ബ്ലീച്ചിങ് പ്രതിഭാസത്തിനു വിധേയമായ ഗ്രേറ്റ് ബാരിയര്‍ റീഫിലെ പവിഴപ്പുറ്റുകള്‍.

ഓസ്ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്ത് നിന്ന് 2,300 കിലോമീറ്റര്‍ (1,400 മൈല്‍) വരെ നീളുന്ന ഈ പവിഴപ്പുറ്റ് ശേഖരം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. കാഴ്ചയില്‍ സസ്യങ്ങളോടും പൂക്കളോടും സാമ്യമുണ്ടെങ്കിലും ജന്തുവിഭാഗത്തില്‍പ്പെടുന്നവയാണ് കോറലുകള്‍. ഓസ്ട്രേലിയന്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കോറല്‍ റീഫ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. ക്വീന്‍സ് ലന്‍ഡ് ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

ഹരിത ഗൃഹ വാതക ഗമനം കുറയ്ക്കുന്നതിലൂടെ പവിഴപുറ്റുകളുടെ ഭാവി സുരക്ഷിതമാക്കാമെന്നാണ് പഠനം പറയുന്നത്. ആഗോള താപനം 1.5 ഡിഗ്രിയില്‍ പരിമിതപ്പെടുത്തിയാല്‍
അവയ്ക്ക് കാര്യമായി ഒന്നും സംഭവിക്കില്ല. എന്നാല്‍ മൂന്ന് മുതല്‍ നാല് വരെ ഡിഗ്രിയില്‍ പവിഴപ്പുറ്റുകള്‍ പൂര്‍ണമായും നശിക്കാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്ലാസ്ഗൗവിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. നിരവധിയാളുകളാണ് ഉപജീവനമാര്‍ഗത്തിനും മറ്റുമായി പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്നത്.

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ രണ്ട് ശതമാനത്തോളം വരുന്ന പവിഴപുറ്റുകള്‍ മാത്രമാണ് ബ്ലീച്ചിംഗില്‍ നിന്നു രക്ഷപ്പെട്ടിട്ടുള്ളത്. ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി അടുത്തിടെ നടത്തിയ പഠനത്തില്‍ ബ്ലീച്ചിംഗിലൂടെ കടന്നുപോയ പവിഴപ്പുറ്റുകള്‍ എങ്ങനെ ചൂടിനോട് പ്രതികരിക്കുന്നുവെന്ന് കണ്ടെത്തി. ഇതുവരെ ബ്ലീച്ചിങ്ങിന് വിധേയമാവാത്തവ ഇനി ബ്ലീച്ചിങ്ങിന് വിധേയമാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

'1998 മുതല്‍ അഞ്ച് വലിയ ബ്ലീച്ചിംഗ് പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് നടന്നത്. രണ്ട് ശതമാനം മാത്രമാണ് ബ്ലീച്ചിംഗില്‍ നിന്നും രക്ഷപ്പെട്ടതെങ്കിലും 2016 മുതല്‍ 80 ശതമാനത്തോളം പവിഴപ്പുറ്റുകള്‍ ഒരു തവണയെങ്കിലും ബ്ലീച്ചിംഗിന് വിധേയമായി, എ.ആര്‍.സി സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ കോറല്‍ റിലീഫ് സ്റ്റഡീസ് പ്രൊഫസറായ ടെറി ഹൂഗ്സ് പറഞ്ഞു.

ബ്ലീച്ചിംഗിനു ശേഷം തിരികെ ജീവിതം വീണ്ടെടുക്കുന്ന പവിഴപ്പുറ്റുകള്‍ക്ക് കടുത്ത ചൂടുള്ള കാലാവസ്ഥയെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പ്രൊഫ. ഹൂഗ്‌സ് പറയുന്നു. ഈ പ്രതിഭാസത്തെ കാട്ടുതീക്ക് ശേഷം മുളച്ചുവരുന്ന പുല്ലുകളുമായാണ് ഇദ്ദേഹം താരതമ്യം ചെയ്തത്. കാട്ടുതീക്കു ശേഷം മുളച്ചുവരുന്നത് തീ എളുപ്പം പിടിക്കാന്‍ സാധ്യതയുള്ള പുല്ലുകളാണ്. ഇത് തീയ്‌ക്കെതിരേ പ്രതിരോധ ശേഷിയുള്ള വനത്തില്‍നിന്നും പ്രദേശത്തെ തീപിടിത്ത സാധ്യതയുള്ള പുല്‍മേട്ടാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം പവിഴപ്പുറ്റുകളുടെ പ്രത്യുത്പ്പാദനശേഷിയെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. 2016-നും 2020-നുമിടയില്‍ ലാര്‍വ വിതരണത്തില്‍ 71 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ് ലാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പവിഴപ്പുറ്റുകളെ എങ്ങനെ സംരക്ഷിക്കാമെന്ന പഠനങ്ങള്‍ നടക്കുമ്പോള്‍ തന്നെ ഹരിതഗൃഹ വാതക ഗമനം കുറയ്ക്കുന്നതിനും പവിഴപ്പുറ്റുകളുടെ ലാര്‍വ വിതരണം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും ഗവേഷകയായ മാന്‍ഡി ചിയുങ് പറയുന്നു

പവിഴപുറ്റുകള്‍ നശിക്കുകയും അതേസമയം ലാര്‍വകള്‍ ഇല്ലാതെ വരികയും ചെയ്താല്‍ ഇത്തരം പ്രദേശങ്ങളില്‍ വീണ്ടെടുപ്പ് സാധ്യമാകുകയില്ലെന്നും അവര്‍ നിരീക്ഷിച്ചു. ഓസ്‌ട്രേലിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മറൈന്‍ സയന്‍സ് റിസര്‍ച്ച് പ്രോഗ്രാം ഡയറക്ടര്‍ ബ്രിട്ടയുടെ അഭിപ്രായപ്രകാരം പവിഴപുറ്റുകള്‍ ഭാവിയില്‍ എങ്ങനെയായിരിക്കുമെന്നത് പ്രവചനാനതീതമാണ്. ബ്ലീച്ചിങ് പ്രവര്‍ത്തനം അവയെ അടിമുടി മാറ്റിക്കൊണ്ടിരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുകയും സമുദ്ര സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ പവിഴപ്പുറ്റുകള്‍ നിലനില്‍ക്കുമെന്ന പ്രത്യാശയും അവര്‍ പങ്കുവെച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.