കേന്ദ്രത്തിന് അധികാരത്തിന്റെ അഹങ്കാരം; മോഡിയെ വീണ്ടും വിമർശിച്ച് മേഘാലയ ഗവര്‍ണര്‍

കേന്ദ്രത്തിന് അധികാരത്തിന്റെ അഹങ്കാരം; മോഡിയെ വീണ്ടും വിമർശിച്ച് മേഘാലയ ഗവര്‍ണര്‍

ജയ്പൂർ: കേന്ദ്ര സർക്കാരിന്റെ കർഷക പ്രക്ഷോഭങ്ങൾക്ക് നേരെയുള്ള നിലപാടിൽ വീണ്ടും വിമർശനവുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കേണ്ടി വരുമെന്ന് മാലിക് പറഞ്ഞു. തേജ ഫൗണ്ടേഷൻ സംഘടിപ്പിച്ച ജാട്ട് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മേഘാലയ ഗവർണർ.

പുതിയ പാർലമെന്റ് നിർമാണത്തേയും അദ്ദേഹം വിമർശിച്ചു. ലോകാത്തരമായ കോളേജുകൾ പണിയുകയായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന് പകരം കേന്ദ്രം ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 600ൽ അധികം ആളുകൾ രക്തസാക്ഷികളായ ഒരു വലിയ പ്രക്ഷോഭം രാജ്യം ഇതിന് മുൻപ് കണ്ടിട്ടില്ല. ഒരു മൃഗം മരിച്ച് വീണാൽ പോലും അനുശോചനക്കുറിപ്പ് ഇറക്കുന്ന നേതാക്കൾ ഇത്രയും കർഷകർ മരിച്ച് വീണിട്ടും മിണ്ടാൻ കൂട്ടാക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

പാർലമെന്റിനുള്ളിലുള്ള കർഷകനേതാക്കൾ പോലും ഇതിന് തയ്യാറാകാത്തത് മോശമാണെന്നും ഗവർണർ പറഞ്ഞു. കർഷകരുടെ പ്രക്ഷോഭത്തോടുള്ള കേന്ദ്ര നയത്തിൽ താൻ ക്ഷുഭിതനാണെന്നും പ്രധാനമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങളെ തെറ്റായി മനസിലാക്കിയിരിക്കുകയാണ് കേന്ദ്രം. ഈ സിഖ്, ജാട്ട് സമൂഹം അങ്ങനെ സമരത്തിൽ നിന്ന് പിന്തിരിയുമെന്നും വെറുംകയ്യോടെ മടങ്ങുമെന്നും നിങ്ങൾ തെറ്റിദ്ധരിക്കരുതെന്നും പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും ഗവർണർ അറിയിച്ചു. കർഷകർക്കെതിരെ രണ്ട് കാര്യങ്ങൾ ചെയ്യരുതെന്ന് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു. അവർക്കെതിരെ സേനയെ ഉപയോഗിക്കരുത്, അവരെ വെറുംകയ്യോടെ മടക്കി അയക്കരുത്. അവർ ഒന്നും മറക്കുന്ന കൂട്ടത്തിലല്ല. നൂറ് വർഷം കഴിഞ്ഞാലും അവർ ഒന്നും മറക്കില്ല. പ്രധാനമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിൽ ഇക്കാര്യം അറിയിച്ചുവെന്നും ഗവർണർ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.