ട്രെവിസോ: അര നൂറ്റാണ്ടോളം കാലം ഒരേയിടത്തു നിന്നു മാറ്റാതെ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വിന്റേജ് മോഡല്‍ കാര്‍ സ്മാരകമായി മാറി. കാറുകളുടെ കഥകളിലെ താരമായി മിന്നുകയാണിപ്പോള്‍ ഇറ്റലിയിലെ ഈ 1962 മോഡല്‍ ലാന്‍സിയ ഫുള്‍വ.
ട്രെവിസോ പ്രവിശ്യയിലെ കൊനെഗ്ലിയാനോ എന്ന ചെറുപട്ടണത്തില്‍ താമസിച്ചിരുന്ന ആഞ്‌ജെലോ ഫ്രിഗോലെന്റ് - ബെര്‍ട്ടില്ല മൊഡോളോ ദമ്പതികളുടേതായിരുന്നു 'ഓട്ടക്കാലത്തു' ചാര നിറത്തിലായിരുന്ന ലക്ഷണ യുക്തയായ ഈ കാര്‍. ന്യൂസ് പേപ്പര്‍ ഏജന്റുമാരായിരുന്ന അവരുടെ ന്യൂസ് സ്റ്റാന്‍ഡിലേക്ക് പത്രങ്ങള്‍ കൊണ്ടു വരാന്‍ വേണ്ടിയാണ് 1962 ല്‍ വാങ്ങിയ ഫുള്‍വയെ പ്രധാനമായും ഉപയോഗിച്ചിരുന്നത്.ചന്തമുള്ള കാര്‍ കടയ്ക്കു മുന്നില്‍ കിടക്കുന്നതു തന്നെ ഐശ്വര്യമായി കണ്ടു ആഞ്‌ജെലോ. 1972 ലെ ഇന്റര്‍നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ കപ്പ് കരസ്ഥമാക്കിയതോടെ സുവര്‍ണ്ണത്തിളക്കമാര്‍ജിച്ച ചരിത്രം സ്വന്തമായുണ്ട് ലാന്‍സിയ ഫുള്‍വയ്ക്ക്.
കാലം മാറിയതോടെ, നാലു പതിറ്റാണ്ടോളം നടത്തിയ ബിസിനസിന് വിരാമമിടേണ്ടിവന്നു ദമ്പതികള്‍ക്ക്. എങ്കിലും പഴയ ന്യൂസ് സ്റ്റാന്‍ഡിനു മുന്നില്‍ നിന്ന് തങ്ങളുടെ പ്രിയപ്പെട്ട കാര്‍ മാറ്റാന്‍ മനസു വന്നില്ല. കട പൂട്ടിയപ്പോള്‍ പാര്‍ക്ക് ചെയ്ത ഫുള്‍വ കഴിഞ്ഞ നാല്പത്തിയേഴ് വര്‍ഷമായി അവിടെ തന്നെ കിടന്നു. ക്രമേണ ഗൂഗിള്‍ മാപ്പില്‍ പോലും ഇതൊരു ലാന്‍ഡ് മാര്‍ക്കായി മാറി. മനോഹരിയായ ലാന്‍സിയ ഫുള്‍വയെ തേടി നിരവധി വിനോദ സഞ്ചാരികളും പ്രദേശവാസികളും ഇങ്ങോട്ടേക്ക് എത്താന്‍ തുടങ്ങി. തിക്കും തിരക്കും വര്‍ധിച്ചു വന്നു. പ്രദേശത്തെ മേയറാകാന്‍ മല്‍സരിക്കുന്ന പ്രധാന സ്ഥാനാര്‍ത്ഥി കഴിഞ്ഞ മാസം ഫുള്‍വയെ സന്ദര്‍ശിച്ച് സെല്‍ഫി എടുക്കാന്‍ മറന്നില്ല.
ഇവിടെ ഗതാഗതക്കുരുക്കും ഉണ്ടായിത്തുടങ്ങിയതോടെ അധികൃതര്‍ കാര്‍ അവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചു. വിവരം അറിഞ്ഞ് രണ്ട് വിന്റേജ് കാര്‍ പ്രേമികള്‍ രംഗത്തെത്തി. ഈ ലാന്‍സിയ ഫുള്‍വയെ സ്മാരകമാക്കി സെറെറ്റി ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിക്കാന്‍ തയ്യാറായത് അവരാണ്. കാറിന്റെ ഉടമകളായ ആഞ്‌ജെലോ - ബെര്‍ട്ടില്ല ദമ്പതികളുടെ വീടിന് മുന്നിലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ ഓമനയെ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കണ്‍കുളുര്‍ക്കെ കാണാം. കാറിന് ഇപ്പോള്‍ കിട്ടുന്ന അധിക സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഈ കാര്‍ എന്നും 94 കാരനായ ആഞ്‌ജെലോ പറഞ്ഞു.അദ്ദേഹത്തിന് രണ്ടാം ഭാര്യ പോലെയായിരുന്നു ഫുള്‍വ എന്ന കുറുമ്പു വര്‍ത്തമാനം പങ്കുവയ്ക്കുന്നുണ്ട് ബെര്‍ട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.