വാക്‌സിന്‍ കുത്തിവയ്ക്കാതെ നല്‍കിയെന്ന് രേഖപ്പെടുത്തി; പെര്‍ത്തില്‍ നഴ്‌സിനെ അറസ്റ്റ് ചെയ്തു

വാക്‌സിന്‍ കുത്തിവയ്ക്കാതെ നല്‍കിയെന്ന് രേഖപ്പെടുത്തി; പെര്‍ത്തില്‍ നഴ്‌സിനെ അറസ്റ്റ് ചെയ്തു

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തിലെ ഒരു മെഡിക്കല്‍ ക്ലിനിക്കില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവച്ചതില്‍ കൃത്രിമത്വം കാട്ടിയ രജിസ്‌റ്റേര്‍ഡ് നഴ്‌സിനെ അറസ്റ്റ് ചെയ്തു. ക്ലിനിക്കില്‍ വാക്‌സിന്‍ എടുക്കാന്‍ എത്തിയ കൗമാരക്കാരന്റെ കൈയില്‍ സൂചി കുത്തിയിട്ടും മരുന്ന് ശരീരത്തിലേക്കു കയറിയിട്ടില്ലെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് 51 വയസുകാരിയായ ക്രിസ്റ്റീന ഹാര്‍ട്ട്മാന്‍ എന്ന നഴ്‌സിനെ അറസ്റ്റ് ചെയ്തത്.

കോവിഡ് വാക്സിന്‍ നല്‍കുന്നതില്‍ ഗുരുതര വീഴ്ച്ച വരുത്തിയ നഴ്സ് ക്ലിനിക്കിലെ രജിസ്റ്ററില്‍ 15 വയസുകാരന് വാക്‌സിന്‍ നല്‍കിയതായി തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഇവരെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സ്ത്രീക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രാക്ടീസ് നിര്‍ത്തണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.


ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ക്രിസ്റ്റീന ഹാര്‍ട്ട്മാന്‍ ഭര്‍ത്താവിനൊപ്പം കോടതിക്കു പുറത്തേക്കു വരുന്നു.

പെര്‍ത്തിലുള്ള വിക്ടോറിയ പാര്‍ക്ക് റെസ്പിറേറ്ററി ക്ലിനിക്കിലാണ് സംഭവം നടന്നത്. കൗമാരക്കാരന്റെ കൈയില്‍ സൂചി കയറ്റിയിട്ടും മരുന്ന് ശരീരത്തിനകത്തേക്കു ചെന്നിട്ടില്ലെന്നത് ക്ലിനിക്കിന്റെ ഉടമയായ ഡോ. സീന്‍ സ്റ്റീവന്‍സിന്റെ ശ്രദ്ധയില്‍പെട്ടു. കുത്തിവച്ച ശേഷം ഉപേക്ഷിച്ച സിറിഞ്ചില്‍ മരുന്ന് നിറഞ്ഞിരിക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് ക്ലിനിക്ക് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

വാക്‌സിന്‍ നല്‍കുന്നവരുടെ പേരു രേഖപ്പെടുത്തുന്ന മെഡിക്കല്‍ റെക്കോര്‍ഡ്‌സില്‍ ഇവര്‍ മറ്റൊരു നഴ്സിന്റെ പേരാണ് രേഖപ്പെടുത്തിയതെന്നും ആരോപണമുണ്ട്. വാക്‌സിനേഷന്‍ ജോലിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണു പോലീസ് പറയുന്നത്. വാക്‌സിനെടുക്കുമ്പോള്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കാതിരിക്കാന്‍ വാതില്‍ അടച്ചിട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവര്‍ ക്ലിനിക്കില്‍ ജോലിക്കു പ്രവേശിച്ചത്. നഴ്സിന്റെ പ്രവൃത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നു സംശയിക്കുന്നതായി പോലീസ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

നഴ്‌സിന്റെ പേര് അന്വേഷിച്ച് ഇരുപത്തഞ്ചോളം പേര്‍ ക്ലിനിക്കില്‍ എത്തിയിരുന്നതായി ആക്ഷേപമുണ്ട്. നഴ്‌സിനെ രക്ഷിക്കാനെന്നു സംശയിക്കത്തക്കവിധം വാക്‌സിനെടുത്ത 15-കാരന്റെ പിതാവ് പിന്നീട് ക്ലിനിക്കില്‍ തിരിച്ചെത്തി കുട്ടിക്ക് വാക്‌സിനില്‍നിന്ന് പ്രതികൂല ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതായി പറഞ്ഞതായും പോലീസ് അറിയിച്ചു. ഏറെ സങ്കീര്‍ണമായ കേസിന്റെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

റോക്കിംഗ്ഹാമിലെ ഒരു ക്ലിനിക്കിലും ഇവര്‍ ജോലി ചെയ്തിട്ടുണ്ട്. ക്രിസ്റ്റീനക്കെതിരേയുള്ള അന്വേഷണം പുേരാഗമിക്കുകയാണ്. ഇവര്‍ക്കെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

നഴ്‌സിന്റെ ഇത്തരമൊരു പ്രവൃത്തിക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും ഇത് ആരും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ആരോഗ്യ മന്ത്രി റോജര്‍ കുക്ക് മുന്നറിയിപ്പ് നല്‍കി.

നഴ്‌സുമാരുടെ പ്രൊഫഷണല്‍ റെഗുലേറ്ററി അതോറിറ്റിയായ എ.എച്ച്.പി.ആര്‍.എയുടെ രജിസ്‌ട്രേഷന്‍ ദുരുപയോഗം ചെയ്താല്‍ കഠിനമായ നിയമ നടപടികള്‍ നേരിടേണ്ടി വരും. 1991 മുതല്‍ രജിസ്‌റ്റേര്‍ഡ് നഴ്സാണ് ക്രിസ്റ്റീന ഹാര്‍ട്ട്മാന്‍.

നഴ്സ് ഉള്‍പ്പെട്ടതായി ആരോപിക്കുന്ന സംഭവം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് റോയല്‍ ഓസ്ട്രേലിയന്‍ കോളജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.

സംഭവം വളരെ ആശങ്കയോടെയും ഗൗരവത്തോടെയുമാണ് പരിഗണിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ (പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ) പ്രസിഡന്റ് ഡോ. മാര്‍ക്ക് ഡങ്കന്‍-സ്മിത്ത് പറഞ്ഞു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ഒരു ആരോഗ്യപ്രവര്‍ത്തന്‍ വാക്‌സിന്‍ നല്‍കാതിരിക്കുന്നത് വിചിത്രമാണെന്ന് ഡങ്കന്‍-സ്മിത്ത് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.