വാഴ്‌സോ/ന്യൂയോര്‍ക്ക്: ബെലാറസിലെ സ്വേച്ഛാധിപത്യ ഭരണകൂടം യൂറോപ്പില്‍ പുതിയ കുടിയേറ്റ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന ആരോപണം ശക്തമാക്കി യൂറോപ്യന്‍ യൂണിയനും നാറ്റോയും യു.എസും രംഗത്ത്. ബെലാറസ്-പോളണ്ട് അതിര്‍ത്തിയിലെ അതിശൈത്യത്തില്‍ ആയിരക്കണക്കിന് കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും കുടുങ്ങിക്കിടക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണെന്ന് പോളിഷ് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിക്കി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ ഗൂഢ പദ്ധതിയുടെ ഭാഗമാണ് ഇപ്പോഴത്തെ അഭയാര്‍ത്ഥി പ്രവാഹമെന്ന പക്ഷക്കാരനാണ് പോളിഷ് പ്രധാനമന്ത്രി. പോളണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമോഹത്തിനു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ട്. കുടിയേറ്റക്കാരില്‍ പലരും യുവാക്കളാണ്.സ്ത്രീകളും കുട്ടികളും കുറവല്ല.വലിയൊരു വിഭാഗം ആളുകളും മിഡില്‍ ഈസ്റ്റില്‍ നിന്നും ഏഷ്യയില്‍ നിന്നും ബെലാറസ് വഴി വന്നവരാണെന്ന നിഗമനത്തിലാണ് പോളണ്ട്.
അതിര്‍ത്തിയിലെ രാത്രി താപനില മരവിപ്പിക്കുന്നതിലും താഴെയാണ്. ഒറ്റപ്പെട്ടുപോയ പലരും ഭക്ഷണവും വെള്ളവും കിട്ടാതെയും ശൈത്യം അതിജീവിക്കാനാകാതെയും പ്രതിസന്ധിയിലാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒന്നിലേറെ സ്ഥലങ്ങളില്‍ അക്രമവും സൈനിക ഇടപെടലുകളുമുണ്ടായി.ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തര്‍ക്കം മുറുകിവരികയാണ്.ഇതിനിടെ അഭയാര്‍ത്ഥി വിഷയത്തിലെ മാനുഷികത മാത്രം എടുത്തുകാട്ടുന്ന നിലപാടിലൂടെ പോളണ്ടിനെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതിനെ പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിക്കി അപലപിച്ചു.
കുടിയേറ്റക്കാര്‍ ഇനിയും ആക്രമണത്തിന് മുതിര്‍ന്നാല്‍ പോളണ്ട് അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ മുഴുവനായി അടച്ചിടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നവംബര്‍ 9 മുതല്‍ കുസ്നിറ്റ്സ ചെക്ക്പോസ്റ്റ് അടച്ചിരിക്കുകയാണ്.അതേസമയം, ബെലാറസ്-പോളണ്ട് അതിര്‍ത്തി അടയ്ക്കാനുള്ള പോളണ്ടിന്റെ നീക്കത്തെ നിലവിലെ സാഹചര്യത്തില്‍ 'ബെലാറസിനെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ശ്രമം' എന്നാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് വിശേഷിപ്പിച്ചത്.
സ്ഥിതി അതിഗുരുതരമെന്ന് യു.എന്‍
ഇതിനിടെ, ആയിരക്കണക്കിന് കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും അതിശൈത്യത്തില്‍ കുടുങ്ങിക്കിടക്കുന്ന ബെലാറസ്-പോളണ്ട് അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കനത്ത ആശങ്ക രേഖപ്പെടുത്തി. കുടിയേറ്റവും അഭയാര്‍ത്ഥി പ്രശ്‌നങ്ങളും മാനുഷിക തത്വങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം സെക്രട്ടറി ജനറല്‍ ആവര്‍ത്തിച്ചു. ഇത്തരം സാഹചര്യങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ നീക്കമുണ്ടായാല്‍ അത് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക്കിനെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിയില്‍ തണുത്തുറഞ്ഞ താപനിലയില്‍ നിരാശാജനകമായ അവസ്ഥയില്‍ തുടരുന്ന കുടിയേറ്റസമൂഹത്തെയും അഭയാര്‍ത്ഥികളെയും ഓര്‍ത്ത് താന്‍ പരിഭ്രാന്തയാണെന്ന യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാഷെലെറ്റിന്റെ പരാമര്‍ശവും വക്താവ് ചൂണ്ടിക്കാട്ടി.വാദങ്ങള്‍ എന്തൊക്കെയായാലും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുന്നത് ഈ മേഖലയിലെ സര്‍ക്കാരുകള്‍ക്ക് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് യു.എന്‍.
ബെലാറസിനെ പുടിന്‍ ഉപദേശിക്കണം: മെര്‍ക്കല്‍
യൂറോപ്യന്‍ യൂണിയന്‍ പ്രദേശത്തേക്ക് കടക്കാനുള്ള കുടിയേറ്റക്കാരുടെ കൂട്ടായ ശ്രമങ്ങള്‍ മൂലം പോളണ്ട് അഭിമുഖീകരിക്കുന്ന ഗുരുതര സാഹചര്യത്തെക്കുറിച്ച് ബെലാറസുമായി ആശയവിനിമയം നടത്താന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് ആവശ്യപ്പെട്ടിരുന്നു. ബെലാറസിലെ സര്‍ക്കാരിന്റെ അടുത്ത സഖ്യകക്ഷിയാണ് റഷ്യ.പോളണ്ടിനു പുറമേ കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ് ജര്‍മ്മനിയെന്നതില്‍ പ്രത്യേകമായ ആശങ്കയാണ് വിഷയത്തില്‍ ആംഗല മെര്‍ക്കലിനുള്ളത്.പുടിനും മെര്‍ക്കലും ഈ വിഷയത്തില്‍ സംഭാഷണം തുടരാന്‍ സമ്മതിച്ചതായി ക്രെംലിന്‍ അറിയിച്ചു.
അതിനിടെ, യൂറോപ്യന്‍ യൂണിയന്റെ ബാഹ്യ അതിര്‍ത്തികളില്‍ മതില്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച സജീവമായിക്കിഞ്ഞു.യൂറോപ്യന്‍ യൂണിയന്റെ പണം മതിലുകള്‍ക്കോ വേലികള്‍ക്കോ വേണ്ടി ഉപയോഗിക്കുന്നതിന് ഇ യു എക്‌സിക്യൂട്ടീവ് കമ്മീഷന്‍ ഇതുവരെ അനുവദിച്ചിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ അത് ചെയ്യുന്നതിന് നിരവധി അംഗരാജ്യങ്ങളുടെ സമ്മര്‍ദ്ദം മുറുകുകയാണ്.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിച്ചെല്‍, കഴിഞ്ഞ ദിവസം വാഴ്‌സോ സന്ദര്‍ശിച്ചപ്പോള്‍ യൂറോപ്യന്‍ കമ്മീഷന്‍ വരും ദിവസങ്ങളില്‍ 'അതിര്‍ത്തികളിലെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക്' ധനസഹായം നല്‍കാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞിരുന്നു. പോളണ്ടിന് പിന്തുണ പ്രകടമാക്കാന്‍ ലക്ഷ്യമിട്ടുള്ള സന്ദര്‍ശനമായിരുന്നു അദ്ദേഹത്തിന്റേത്. പോളണ്ട് ഗുരുതരമായ പ്രതിസന്ധിയും ക്രൂരമായ ആക്രമണവും അഭിമുഖീകരിക്കുകയാണെന്നും 27 രാജ്യങ്ങളുടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഐക്യദാര്‍ഢ്യം ആ രാജ്യത്തിനുണ്ടെന്നും മിച്ചെല്‍ പറഞ്ഞു.
പോളണ്ട്, ലിത്വാനിയ, ലാത്വിയയുടെ കുറച്ചു ഭാഗങ്ങള്‍ എന്നിവയുടെ ബെലാറസ് അതിര്‍ത്തികളിലൂടെ മാസങ്ങള്‍ നീണ്ട വ്യാപക കുടിയേറ്റത്തിനു ശേഷമുള്ള സംഘര്‍ഷമാണ് തീവ്രമായിരിക്കുന്നത്.ഇന്നലെയും രണ്ടു കുടിയേറ്റ സംഘങ്ങളെ പിടികൂടിയതായി പോളിഷ് അധികൃതര്‍ പറഞ്ഞു. കുടിയേറ്റക്കാര്‍ താല്‍ക്കാലിക ക്യാമ്പ് പണിത അതിര്‍ത്തി പ്രദേശത്ത് ബെലാറസ് സേന ആകാശത്തേക്ക് വെടിയുതിര്‍ക്കുകയാണെന്നും പോളണ്ട് അറിയിച്ചു.അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും മറ്റും പോളണ്ടിന്റെ അതിര്‍ത്തി മേഖലകളില്‍ പ്രവേശിക്കാന്‍ കഴിയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.