ഷി ജിന്‍ പിങിന്റെ ആജീവനാന്ത ഭരണം ഉറപ്പാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിനു വിരാമം

ഷി ജിന്‍ പിങിന്റെ ആജീവനാന്ത ഭരണം ഉറപ്പാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിനു വിരാമം

ബീജിംഗ്: പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ പരമാധികാരം വീണ്ടും ഉറപ്പിച്ചും അടുത്ത വര്‍ഷം തുടങ്ങുന്ന മൂന്നാം ടേമിലൂടെ അദ്ദേഹത്തിന് ആയുഷ്‌കാല ഭരണത്തിന് വഴിതുറന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാം പ്ലീനം സമാപിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറു വര്‍ഷത്തെ പോരാട്ടങ്ങളും പ്രധാന നേട്ടങ്ങളും അവലോകനം ചെയ്ത് ഷി അവതരിപ്പിച്ചു പാസാക്കിയ 'ചരിത്ര പ്രധാന പ്രമേയം' ഉള്‍പ്പെടെയുള്ള പ്ലീനം നടപടികളിലെല്ലാം അദ്ദേഹത്തിന്റെ സമഗ്രാധിപത്യം പ്രകടമായിരുന്നു.

പാര്‍ട്ടിയുടെ 100 വര്‍ഷത്തെ ചരിത്രത്തിലെ ഇത്തരത്തിലുള്ള മൂന്നാമത്തെ പ്രമേയമാണിത്. 19-ാമത് സിപിസി കേന്ദ്ര കമ്മിറ്റിയുടെ ആറാം പ്ലീനറി സമ്മേളനത്തില്‍ പ്രമേയം അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തതായി ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.1921 ല്‍ പാര്‍ട്ടി സ്ഥാപിതമായ ശേഷം ഇത്തരം രണ്ട് പ്രമേയങ്ങള്‍ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. 1945ല്‍ മാവോ സേ തുങും 1981ല്‍ ഡെങ് സിയാവോ പിങും. ഇരുവരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വാധികാരികളായ നേതാക്കളായിരുന്നു. ഇത്തവണ ഈ ചരിത്ര പ്രമേയം അവതരിപ്പിച്ചതോടെ ഷി ജിന്‍ പിങ് ചൈനയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ നേതാവായി അവരോധിക്കപ്പെടുകയായിരുന്നു.

ഷിയുടെ നേതൃത്വത്തെയും പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ പ്രധാന പദവിയെയും വാഴ്ത്തുന്നതാണ് 14 പേജുള്ള പ്രമേയമെന്നത് പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതികളോട് പൊരുത്തപ്പെടുന്നതാണ്. തന്റെ രണ്ടാമത്തെ അഞ്ച് വര്‍ഷ കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം അഭൂതപൂര്‍വമായ മൂന്നാം തവണയും അദ്ദേഹം അധികാരത്തില്‍ തുടരുമെന്ന് വ്യക്തമായിക്കഴിഞ്ഞു. തന്റെ മുന്‍ഗാമികളുടെ ചരിത്രം ആവര്‍ത്തിച്ചുകൊണ്ട് വിരമിക്കാതിരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും തീര്‍ച്ചയായിട്ടുണ്ട്.

അയല്‍ രാജ്യങ്ങളുമായുള്ള സംഘര്‍ഷം ഏറിവരികയും അന്താരാഷ്ട്ര ബന്ധങ്ങള്‍ ശിഥിലമാകുകയും ആഭ്യന്തര വെല്ലുവിളികള്‍ തീവ്രമാകുകയും ചെയ്യുന്നതൊന്നും ചൈനയെ നയിക്കുന്നതിനു തടസങ്ങളല്ലെന്ന ഭാവമാണ് ഷി സദാ പുറത്തെടുക്കുന്നത്.അതേസമയം, പ്ലീനം ഷിയുടെ അധികാരം ഊട്ടിയുറപ്പിച്ചുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി .'ചൈനയുടെ ദേശീയ യാത്രയുടെ ഇതിഹാസത്തില്‍ അദ്ദേഹം നായകനായി സ്വയം അവരോധിക്കാന്‍ ശ്രമിക്കുകയാണ്,' ചൈനീസ് കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്താ മാധ്യമമായ 'ചൈന നെയ്കന്‍' ന്റെ എഡിറ്റര്‍ ആദം നി പറഞ്ഞു.

ഷിയെ വാനോളം പുകഴ്ത്തി സിന്‍ഹുവ വാര്‍ത്താ എജന്‍സി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിശ്ചയ ദാര്‍ഢ്യവും ആത്മസമര്‍പ്പണവും ദീര്‍ഘദര്‍ശിത്വവും ഉന്നതമായ ചിന്തകളും ഉള്ള പണ്ഡിതനായ ജനസേവകന്‍ എന്നാണ് വിശേഷണം. ഷി തുടക്കമിടുന്ന 'ചൈനീസ് സ്വപ്നം', 'മഹത്തായ പുനരുജ്ജീവനം' എന്നീ സങ്കല്‍പ്പങ്ങള്‍ക്കും പ്ലീനം അംഗീകാരം നല്‍കി. 2012ല്‍ ആദ്യമായി അധികാരമേല്‍ക്കുമ്പോള്‍ ഷീ ജിന്‍ പിങ്ങ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രണ്ട് ശതാബ്ദി ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 2021ല്‍ ചൈനയെ സമൃദ്ധ സമൂഹമാക്കുക, 2049 ഓടെ ചൈനയെ മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കുക എന്നിവ. ഇതില്‍ ആദ്യ ലക്ഷ്യം നേടിയെന്ന് ഷി പ്രഖ്യാപിച്ചു. രണ്ടാം ലക്ഷ്യം നേടാനുള്ള കര്‍മ്മ പദ്ധതികളുണ്ട് ചരിത്ര പ്രമേയത്തില്‍.

സ്തുതിയുടെയും പുകഴ്ചയുടെയും പ്ലീനം

അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി ഏഴ് തവണയാണ് സമ്മേളിക്കുന്നത്.പ്ലീനം എന്നറിയപ്പെടുന്ന ഓരോ സമ്മേളനവും ഓരോ വിഷയമാകും ചര്‍ച്ച ചെയ്യുക. ദേശീയ നേതാക്കളും സൈനിക മേധാവികളും പ്രവിശ്യാ നേതാക്കളും ഉന്നതരായ വിദ്യാഭ്യാസ വിദഗ്ദ്ധരും ഏതാനും വനിതകളും ഉള്‍പ്പെടെ നാനൂറോളം പേരായിരിക്കും പ്ലീനത്തില്‍ പങ്കെടുക്കുക. ബീജിംഗില്‍ ചൈനീസ് പട്ടാളത്തിന്റെ കനത്ത കാവലുള്ള സൈനിക ഹോട്ടലിലാണ് പ്ലീനം നടന്നത്. അജണ്ട അതീവ രഹസ്യമായിരിക്കും. പിന്നീട് പുറപ്പെടുവിക്കുന്ന ഔദ്യോഗിക കമ്മ്യൂണിക്കേഷനില്‍ മാത്രമാണ് അജണ്ട വെളിപ്പെടുത്തുക.അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആധാര ശിലയാകുന്ന നയപരിപാടികള്‍ ആവിഷ്‌കരിക്കുന്നത് ഈ പ്ലീനത്തിലാണെന്ന് മുന്‍കൂട്ടി വ്യക്തമാക്കിയിരുന്നു.

ലിബറല്‍ കാഴ്ചപ്പാടുകളുടെ പേരില്‍ മാവോയുടെ പീഡനത്തിന് ഇരയായ മുന്‍ വൈസ് പ്രീമിയര്‍ ഷി സോങ്ഷൂണിന്റെ മകനായതിനാല്‍ 'രാജകുമാരന്‍' എന്നറിയപ്പെടുന്ന 68 കാരനായ ഷി, മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയുടെ കീഴില്‍ വൈസ് പ്രസിഡന്റായി വന്നശേഷം ക്രമാനുഗതമായി ഉയര്‍ന്നു വന്നയാളാണ്. അദ്ദേഹത്തിന്റെ മുന്‍ ശൈലികള്‍ പ്രകാരം 'ഒരു മയക്കമുള്ള നേതാവിന്റെ പ്രതിച്ഛായ'യാണ് ആദ്യമാദ്യമുണ്ടായിരുന്നതെങ്കിലും , 2012 ല്‍ പാര്‍ട്ടിയുടെ പരമോന്നത നേതൃത്വം ഏറ്റെടുത്തതോടെ രൂപാന്തരം ദൃശ്യമായി.അതിശക്തനായ നേതാവായി മാറി ഷി. പ്രസിഡന്റും സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ (സിഎംസി) ചെയര്‍മാനും , 2 മില്യണ്‍ അംഗബലമുള്ള ചൈനീസ് സൈന്യത്തിന്റെ മൊത്തത്തിലുള്ള നായകനുമായി.

മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ കൂടാതെ സൈന്യത്തിലെ അമ്പതിലധികം ഉന്നത ജനറലുകളുള്‍പ്പെടെ ഒരു ദശലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെട്ട ഒരു വലിയ അഴിമതി വിരുദ്ധ കാമ്പെയ്ന്‍ ആരംഭിച്ചുകൊണ്ടാണ് ചരിത്രത്തില്‍ സമാനതകള്‍ അധികമില്ലാത്തവിധം ഷി വേഗത്തില്‍ തന്റെ അധികാരം ഉറപ്പിച്ചത്. മുന്‍ഗാമികള്‍ ഭാഗകമായെങ്കിലും പിന്തുടര്‍ന്നുപോന്ന കൂട്ടായ നേതൃത്വ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം 'കോര്‍ ലീഡര്‍' ആയി ഉയര്‍ന്നു.ശിഷ്ടകാല യാത്ര കൂടുതല്‍ അനായാസമാക്കി മാറ്റുന്നതിലും ഷി ജിന്‍ പിങ് വിജയം കൊയ്തിരിക്കുകയാണ് നിര്‍ണ്ണായക പ്ലീനത്തിലൂടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.