ബഹിരാകാശ നിലയത്തിലേക്ക് കുതിച്ച് നാലംഗ സംഘം; കമാന്‍ഡര്‍ ഇന്ത്യന്‍ വംശജനായ രാജാ ചാരി

ബഹിരാകാശ നിലയത്തിലേക്ക് കുതിച്ച് നാലംഗ സംഘം; കമാന്‍ഡര്‍ ഇന്ത്യന്‍ വംശജനായ രാജാ ചാരി


ന്യൂയോര്‍ക്ക്: നാസയും സ്പേസ് എക്സും ചേര്‍ന്ന് ബഹിരാകാശ നിലയത്തിലേക്ക് അയച്ച നാലംഗ സംഘത്തിനു നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജനായ രാജാ ചാരി. ദിവസങ്ങള്‍ക്ക് മുന്‍പ് നാലു പേര്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് എത്തിയതിനു പിന്നാലെയാണ് പുതിയ ടീമിന്റെ സാഹസിക യാത്ര.

ഭ്രമണപഥത്തിലെ ലബോറട്ടറിയില്‍ ആറ് മാസത്തെ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായാണ് പുതിയ സംഘം യാത്രതിരിച്ചത്. 17 മാസത്തിനുള്ളില്‍ സ്പേസ് എക്സിന്റെ അഞ്ചാമത്തെ ബഹിരാകാശ യാത്രാ പരിപാടിയാണിത്.ഇലോണ്‍ മസ്‌ക് 2002-ല്‍ സ്ഥാപിച്ച സ്‌പേസ് എക്‌സുമായി നാസയുടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലുള്ള നാലാമത്തെ ദൗത്യവും.

മിഷന്‍ കമാന്‍ഡറായി നിയോഗിക്കപ്പെട്ട 44 കാരനായ രാജാ ചാരി യുഎസ് എയര്‍ഫോഴ്സ് കോംബാറ്റ് ജെറ്റ് ടെസ്റ്റ് പൈലറ്റ് ആണ്. കെയ്ല ബാരണ്‍ ( 34 )ആണ് മിഷന്‍ സ്പെഷ്യലിസ്റ്റ്. യുഎസ് നേവി അന്തര്‍വാഹിനി ഓഫീസറും ന്യൂക്ലിയര്‍ എഞ്ചിനീയറുമായ ബാരണും രാജാ ചാരിയോടൊപ്പം ഈയിടെയാണ് നാസയുടെ ബിരുദധാരികളായത്. മുതിര്‍ന്ന ബഹിരാകാശയാത്രികന്‍ ടോം മാര്‍ഷ്‌ബേണ്‍ (61) ആണ് ടീമിന്റെ നിയുക്ത പൈലറ്റും രണ്ടാമത്തെ കമാന്‍ഡറും.

നാലാമനായ മത്തിയാസ് മൗറര്‍ (51) മെഡിക്കല്‍ ഡോക്ടറാണ്.നാസ ഫ്‌ളൈറ്റ് സര്‍ജനെന്ന നിലയില്‍ ബഹിരാകാശ നിലയത്തിലേക്ക് മുമ്പ് യാത്രകള്‍ നടത്തിയിട്ടുള്ള ഈ ജര്‍മ്മന്‍കാരന് നാല് ബഹിരാകാശ നടത്തങ്ങളുടെ അനുഭവവും സ്വന്തം.ചാരിയും ബാരണും മൗററും ഈ വിക്ഷേപണത്തോടെ ബഹിരാകാശത്തെത്തുന്ന 599-ാമത്തെയും 600-ാമത്തെയും 601-ാമത്തെയും മനുഷ്യരായി മാറി. രാജാ ചാരിയും കെയ്ല ബാരണും ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടവരാണ്.

ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂളും രണ്ട് ഘട്ടങ്ങളുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റും അടങ്ങുന്ന സ്പേസ് എക്സിന്റെ വിക്ഷേപണ പേടകം ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നീട്ടിവെച്ച വിക്ഷേപണമാണിത്.റോക്കറ്റില്‍ നിന്ന് ഡ്രാഗണ്‍ വേര്‍പ്പെട്ടപ്പോള്‍ താഴെനിന്നുള്ള ഒരു ലോഞ്ച് എന്‍ജിനീയര്‍ ക്രൂവിന് സന്ദേശം കൈമാറി: 'ഭ്രമണപഥത്തിലേക്ക് സ്വാഗതം. നിങ്ങള്‍ യാത്ര ആസ്വദിച്ചുവെന്ന് കരുതുന്നു. ഡ്രാഗണ്‍ നിങ്ങളെ ഇവിടെ നിന്ന് കൊണ്ടുപോകും. ശുഭ യാത്ര.'

മൂന്ന് അമേരിക്കന്‍ ബഹിരാകാശയാത്രികരും അവരുടെ യൂറോപ്യന്‍ സ്പേസ് ഏജന്‍സി ക്രൂമേറ്റും ഏകദേശം 22 മണിക്കൂര്‍ പറക്കലിന് ശേഷമാണ് ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ മുകളില്‍ ഭ്രമണം ചെയ്യുന്ന ബഹിരാകാശ നിലയത്തില്‍ എത്തുക. ലിഫ്റ്റ്ഓഫ് കഴിഞ്ഞ് 10 മിനിറ്റിനുള്ളില്‍ തന്നെ റോക്കറ്റിന്റെ മുകളിലെ ഭാഗമായ ക്രൂ ക്യാപ്സ്യൂളിനെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. തൊട്ടുപിന്നാലെ റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന താഴത്തെ ഘട്ടം, ബഹിരാകാശ പേടകത്തിന്റെ ബാക്കി ഭാഗങ്ങളില്‍ നിന്ന് വേര്‍പെട്ട് ഭൂമിയിലേക്ക് തിരികെ പറന്നു. അറ്റ്‌ലാന്റിക്കില്‍ നേരത്തെ വിന്യസിച്ചിരുന്ന ലാന്‍ഡിങ് പ്ലാറ്റ്‌ഫോമില്‍ റോക്കറ്റിന്റെ ഭാഗം വിജയകരമായി വന്നിറങ്ങി്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.