മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ നടപ്പാക്കാനൊരുങ്ങുന്ന 'തുല്യ അവസര ഭേദഗതി ബില്ലിനെതിരേ പ്രതിഷേധ പരിപാടികളുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കത്ത് അയയ്ക്കും.
ക്രൈസ്തവ വിശ്വാസികള്‍ക്കു നേരേയുള്ള സര്‍ക്കാരിന്റെ മറ്റൊരു പ്രഹരമാണ് 'തുല്യ അവസര ഭേദഗതി ബില്‍'. ക്രൈസ്തവ സ്ഥാപനങ്ങളായ സ്‌കൂളുകളിലും മറ്റും വിശ്വാസികളായ ജീവനക്കാരെ നിയമിക്കാന്‍ നിലവിലുണ്ടായിരുന്ന പ്രത്യേക അധികാരം നീക്കുന്ന പുതിയ ഭേദഗതി ബില്ലിനെതിരേയാണ് പ്രതിഷേധമുയരുന്നത്.
നിര്‍ദിഷ്ട ബില്ലിലെ ശിപാര്‍ശകള്‍ വിക്ടോറിയയിലെ എല്ലാ വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളെയും സംഘടനകളെയും സാരമായി ബാധിക്കുന്നതാണ്. ക്രൈസ്തവ വിശ്വാസങ്ങളും മൂല്യങ്ങളും പിന്തുടരുന്ന ജീവനക്കാരെ ഇനി നിയമിക്കാനാവില്ല. വിശ്വാസങ്ങളോട് പരസ്യമായി വിയോജിക്കുന്ന ജീവനക്കാരെയും പുതിയ നിയമം അനുസരിച്ച് നിയമിക്കേണ്ടിവരും.
നിലവില്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് മതപരമായ വിശ്വാസങ്ങളും ധാര്‍മ്മികതയും പിന്തുടരുന്നവരെ സ്വതന്ത്രമായി നിയമിക്കാന്‍ കഴിയും. ഇതിനു മാറ്റം കൊണ്ടുവരാനാണ് വിക്ടോറിയന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഓസ്ട്രേലിയയിലെ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കായുള്ള പബ്ലിക് പോളിസി ഡയറക്ടര്‍ മാര്‍ക്ക് സ്‌പെന്‍സറും ബില്ലിനെതിരേ എതിര്‍പ്പുമായി രംഗത്തുവന്നു. ഒരു ക്രിസ്ത്യന്‍ സ്‌കൂള്‍ ആരെ നിയമിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിടാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
തങ്ങളുടെ കുട്ടികള്‍ ക്രൈസ്തവ മൂല്യങ്ങള്‍ പഠിച്ചുവളരണമെന്ന് ആഗ്രഹിക്കുന്നത് മാതാപിതാക്കളാണ്. അതിനാണ് കുട്ടികളെ ക്രിസ്ത്യന്‍ സ്‌കൂളുകളിലേക്ക് അയയ്ക്കുന്നത്. മാതാപിതാക്കളുടെ ഈ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെയും വിശ്വാസത്തില്‍ അധിഷ്ഠിതമായ ധാര്‍മ്മികതയെയും തകര്‍ക്കാനാണ് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് നേരെയുള്ള ഈ കടന്നാക്രമണം അവസാനിപ്പിക്കാന്‍ വിക്ടോറിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ എല്ലാവരും പ്രാദേശിക എംപിമാര്‍ക്കും പാര്‍ലമെന്ററി നേതാക്കള്‍ക്കും ഇ-മെയില്‍ ചെയ്യണമെന്നും വിക്ടോറിയയിലെ ഇതര വിശ്വാസ സമൂഹങ്ങള്‍ ഈ കാമ്പെയിനില്‍ പങ്കുചേരണമെന്നും മാര്‍ക്ക് സ്‌പെന്‍സര്‍ അഭ്യര്‍ഥിച്ചു. ഈ ഉദ്യമത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. പാര്‍ലമെന്റ് അംഗങ്ങള്‍ക്കു കത്ത് എഴുതാനായി താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.