മോഡലുകളുടെ മരണം: ഹോട്ടലിലെ ഡിവിആര്‍ കൈമാറി; ബാക്കിയുള്ള ഒരെണ്ണം കൂടി ഹാജരാക്കണമെന്ന് പൊലീസ്

മോഡലുകളുടെ മരണം: ഹോട്ടലിലെ ഡിവിആര്‍ കൈമാറി; ബാക്കിയുള്ള ഒരെണ്ണം കൂടി ഹാജരാക്കണമെന്ന് പൊലീസ്

കൊച്ചി: മുന്‍ മിസ് കേരള താരങ്ങളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹോട്ടലിലെ ഡിവിആര്‍ പൊലീസിന് കൈമാറി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടാണ് സി സി ടിവി ദൃശ്യങ്ങളടങ്ങിയ ഒരു ഡിവിആര്‍ പൊലീസിന് കൈമാറിയത്. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

കൂടാതെ ഹോട്ടലിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ച മറ്റൊരു ഡിവിആര്‍ കൂടിയുണ്ടെന്ന് പൊലീസ് പറയുന്നു. ഇതും ഹാജരാക്കാന്‍ റോയി വയലാട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വൈകാതെ ഹാജരാക്കാമെന്നാണ് റോയി പൊലീസിനെ അറിയിച്ചിരിക്കുന്നത്. റോയിയെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യം ചെയ്തിരുന്നു. അപകടത്തിനു ശേഷം സൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദേശ പ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡി കാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് സൈജുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്.

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തി അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും വിവരം ലഭിച്ചിരുന്നു. കൂടാതെ ഡിജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായതായും വിവരമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.