ബൈഡനും ഷിയുമായി സംസാരിച്ചത് മൂന്നു മണിക്കൂറിലേറെ; മഞ്ഞുരുകിയില്ല, ആശയവിനിമയം തുടരാന്‍ തീരുമാനം

ബൈഡനും ഷിയുമായി സംസാരിച്ചത് മൂന്നു മണിക്കൂറിലേറെ; മഞ്ഞുരുകിയില്ല, ആശയവിനിമയം തുടരാന്‍ തീരുമാനം

വാഷിംഗ്ടണ്‍: മൂന്നു മണിക്കൂറിലേറെ ദീര്‍ഘിച്ച വീഡിയോ ചര്‍ച്ച നടത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ ഷി ജിന്‍ പിംഗും. തായ് വാന്‍ ഉള്‍പ്പെടെ ഭിന്നത ഏറി നില്‍ക്കുന്ന മിക്ക വിഷയങ്ങളിലും സമന്വയത്തിന്റെ സൂചനകളില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ നിരന്തരമായ ആശയവിനിമയം വര്‍ദ്ധിപ്പിക്കാന്‍ കൈക്കൊണ്ട തീരുമാനം സുപ്രധാനം തന്നെയാണെന്ന അന്താരാഷ്ട് നിരീക്ഷകര്‍ പറയുന്നു.

കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്നാണ് അമേരിക്കയുടെ ഭാഗത്തു നിന്നുള്ള നിരീക്ഷണം. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കാവുന്ന മേഖലകളില്‍ സുതാര്യത അനിവാര്യമെന്നു ബൈഡന്‍ പറഞ്ഞു. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിരുദ്ധാഭിപ്രായം നിലനില്‍ക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളിലടക്കം സംശയങ്ങള്‍ ദൂരീകരിക്കേണ്ട ബാദ്ധ്യത ചൈനയ്ക്കുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി.

പരസ്പരം ഇടപെടേണ്ട വിഷയങ്ങളില്‍ കൃത്യമായു അതിര്‍ വരമ്പ് കാത്തുസൂക്ഷിക്കണം. മത്സരം ആവശ്യമാണെങ്കിലും അത് സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്നാണ് അമേരിക്ക എന്നും ആഗ്രഹിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു.

ഒരേ കാലത്ത് വൈസ് പ്രസിഡന്റുമാരായിരുന്നതിനാല്‍ ബൈഡനുമായി തനിക്കു പ്രത്യേക സൗഹൃദമാണു നേരത്തെ തന്നെയുള്ളതെന്നും നിരവധി വിഷയങ്ങളില്‍ അതിനാല്‍ തന്നെ പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഷി ജിന്‍ പിംഗ് പറഞ്ഞു. ഇരുരാജ്യങ്ങളും നിരന്തരം ബന്ധപ്പെടുന്ന സംവിധാനം ശക്തമാക്കുമെന്നു ചൈനീസ് പ്രസിഡന്റ് അറിയിച്ചു.

വിവിധ രാജ്യങ്ങളുമായി ചൈന എടുക്കുന്ന അധിനിവേശ രീതികളില്‍ എന്തൊക്കെ സംസാരിച്ചു എന്നത് വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടില്ല. ട്രംപിന്റെ കാലത്ത് ആരംഭിച്ച വ്യാപാര യുദ്ധമാണ് അമേരിക്ക -ചൈന സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെയാണ് കൊറോണയിലും ചൈന സംശയത്തിന്റെ നിഴലിലായത്.

ലഡാക് വിഷയത്തില്‍ അമേരിക്ക ഇന്ത്യയെ പിന്തുണച്ചതും നിലവില്‍ ഹോങ്കോംഗിലെ ചൈനയുടെ അധികാരം പിടിക്കലും അമേരിക്ക എതിര്‍ത്ത തോടെ ബന്ധം വീണ്ടും വഷളായ പശ്ചാത്തലത്തിലാണ് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. ലോകവേദിയില്‍ ചൈനയെ പിന്തുണയ്ക്കാത്ത അമേരിക്ക തായ് വാനുവേണ്ടി ശക്തമായ സൈനിക നീക്കമാണ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.