കന്ധമാല്‍: ലോക മനസാക്ഷിയെ ഞെട്ടിച്ച ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയ ഒഡീഷയിലെ കന്ധമാലില്‍ നിന്ന് വീണ്ടും തിരുപ്പട്ട സ്വീകരണം. കന്ധമാല്‍ ജില്ലയിലെ ടിയാങ്ങിയ ഗ്രാമത്തില്‍ നിന്നുമുള്ള ബികാഷ് നായകാണ് ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ക്കിടയിലും വിശ്വാസ ദീപം തെളിയിച്ച് വൈദികപ്പട്ടം സ്വീകരിച്ചത്.
ഇരുപത്തിയൊന്‍പതുകാരനായ ബികാഷ്് ഇക്കഴിഞ്ഞ നവംബര്‍ ആറിനാണ് പാട്‌ന ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുരയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തനായത്. നൂറിലേറെ ക്രൈസ്തവരെ നിര്‍ദ്ദയം കൊലചെയ്യുകയും മുന്നൂറിലധികം ദേവാലയങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ആയിരത്തിലേറെ ക്രിസ്ത്യന്‍ ഭവനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത് 2008 ല്‍ ഹിന്ദുത്വവാദികള്‍ അഴിഞ്ഞാടിയ ഒഡീഷയിലെ കന്ധമാല്‍ ഇന്നും ക്രൈസ്തവരുടെ ഉള്ളിലെ വേദന നിറഞ്ഞ ഒര്‍മ്മയാണ്.
ടിയാങ്ങിയ ഗ്രാമത്തില്‍ നിന്നും തിരുപ്പട്ടം സ്വീകരിക്കുന്ന ഒന്‍പതാമത്തെ വൈദികനാണ് ഫാ. ബികാഷ്. ഇവരില്‍ ഏഴു പേരും 2008 ലെ കന്ധമാല്‍ കലാപത്തിന്റെ ഇരകളാണ്. നവംബര്‍ 13ന് സ്വന്തം ഗ്രാമമായ ടിയാങ്ങിയയില്‍ ഫാ. ബികാഷ് നായക് തന്റെ പ്രഥമ ബലിയര്‍പ്പണം നടത്തി.
2010 ല്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള മാസി ഗുരുകുല്‍ സെമിനാരിയിലൂടെ വൈദീക പഠനം ആരംഭിച്ച ഫാ. ബികാഷ് നാഗ്പൂരിലും ഡല്‍ഹിയിലുമായിട്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. വര്‍ഗീയ വാദികളുടെ പീഡനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ ദൈവരാജ്യത്തിനായി സ്വജീവിതം സമര്‍പ്പിക്കുവാനുള്ള തന്റെ ആഗ്രഹത്തെ തടയുവാന്‍ കഴിഞ്ഞില്ലെന്ന് വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ ഫാ. ബികാഷ് പറഞ്ഞു.
2008 ല്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണത്തിനിടെ തനിക്ക് കാട്ടില്‍ ഒളിവില്‍ കഴിയേണ്ടതായി വന്നുവെന്നും വര്‍ഗീയവാദികളുടെ ഇത്തരത്തിലുള്ള ഭീഷണികള്‍ യേശുവിന് സാക്ഷ്യം വഹിക്കുന്ന കാര്യത്തില്‍ തനിക്ക് ശക്തിപകരുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട കട്ടക്ക്-ഭുവനേശ്വര്‍ രൂപതയുടെ ട്രഷററും തന്റെ സ്വന്തം ഗ്രാമവാസിയും, ബന്ധുവുമായിരുന്ന ഫാ. ബെര്‍ണാര്‍ഡ് ഡിഗാല്‍ ആണ് തന്റെ പ്രചോദനമെന്നും ഫാ. ബികാഷ് ് പറഞ്ഞു.
വര്‍ഗീയവാദികളുടെ കൈകളില്‍ നിന്നും ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തിയ തന്റെ മകനെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നായിരുന്നു ഫാ. ബികാഷിന്റെ അമ്മയുടെ പ്രതികരണം. ഭക്ഷിക്കാനോ പാനം ചെയ്യാനോ ഒന്നുമില്ലാതെ തന്റെ മക്കളോടൊപ്പം കാട്ടില്‍ ചിലവഴിച്ച ഉറക്കമില്ലാത്ത രാത്രികള്‍ ഇപ്പോഴും തന്റെ ഓര്‍മ്മയില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.
തന്റെ പ്രഥമ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ പോയി അദ്ദേഹം രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബീഹാറിലെ ബക്‌സര്‍ രൂപതാ വൈദികനായിട്ടാണ് ഫാ. ബികാഷ് തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.