റാഫേല്‍ കലിനോവ്‌സ്‌കി: പട്ടാളക്കാരന്‍, മന്ത്രി, തടവുകാരന്‍, വൈദികന്‍; അവസാനം വിശുദ്ധന്‍

റാഫേല്‍ കലിനോവ്‌സ്‌കി: പട്ടാളക്കാരന്‍, മന്ത്രി, തടവുകാരന്‍, വൈദികന്‍; അവസാനം വിശുദ്ധന്‍

അനുദിന വിശുദ്ധര്‍ - നവംബര്‍ 19

പോളീഷ് പ്രഭു കുടുംബാംഗവും ലിത്വാനിയായുടെ തലസ്ഥാനമായ വില്‍നയിലെ അധ്യാപകനുമായ ആന്‍ഡ്രൂസ് കലിനോവ്‌സ്‌കിയുടെയും ജോസഫിന്‍ പോളാംസ്‌കയുടെയും രണ്ടാമത്തെ മകനായി 1835 സെപ്റ്റംബര്‍ ഒന്നിനാണ് ജോസഫ് കലിനോവ്‌സ്‌കിയുടെ ജനനം. ജോസഫ് ജനിച്ച് മാസങ്ങള്‍ക്കുശേഷം അവന്റെ അമ്മ മരണപ്പെട്ടു.

എട്ടാം വയസു മുതല്‍ തന്റെ പിതാവിന്റെ സ്‌കൂളില്‍ പോയി വിദ്യ അഭ്യസിക്കുവാന്‍ തുടങ്ങിയ ജോസഫ് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഓര്‍ഷയ്ക്കടുത്തുളള ഹോരി ഹോര്‍ക്കിയിലെ സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറില്‍ ചേര്‍ന്നു. റഷ്യക്കാര്‍ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കര്‍ശനമായി പരിമിതപ്പെടുത്തിയ കാലമായിരുന്നു അത്.

അതിനാല്‍ തന്നെ 1853 ല്‍ അദ്ദേഹം പീറ്റേഴ്‌സ്ബര്‍ഗിലുള്ള ഇംപീരിയല്‍ റഷ്യന്‍ ആര്‍മിയില്‍ എന്‍ജിനീയറിംഗ് പഠനത്തിനായി ചേര്‍ന്നു. 1856 ല്‍ കരസേന അദ്ദേഹത്തെ രണ്ടാം ലഫ്റ്റനന്റ് ആയി തിരഞ്ഞെടുത്തു. 1858 മുതല്‍ 1860 വരെ ഒഡെസ കീവ് കുര്‍സ്‌ക് എന്ന റെയില്‍വേ രൂപ കല്‍പന ചെയ്ത അതി പ്രാവീണ്യമുള്ള എന്‍ജിനീയറായി അദ്ദേഹം പ്രവര്‍ത്തിച്ചു.

1862 ല്‍ ഇംപീരിയല്‍ റഷ്യന്‍ സൈന്യം അദ്ദേഹത്തിന് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നല്‍കി. എന്നാല്‍ 1864 രാജി വെക്കുകയും പോളണ്ടിലെ വിപ്ലവ ഭരണകൂടം ജോസഫ് കലിനോവ്‌സ്‌കിയെ രാജ്യരക്ഷാ മന്ത്രിയായി നിയമിക്കുകയും ചെയ്തു. ആ വര്‍ഷം തന്നെ റഷ്യന്‍ പട്ടാളം അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും വിപ്ലവത്തെ അനുകൂലിച്ചതിന് വധ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

എങ്കിലും അദ്ദേഹത്തിന്റെ കുടുംബക്കാരുടെ അപേക്ഷയും ജോസഫിന്റെ ജീവിത നിലവാരവും കണക്കിലെടുത്ത് വധ ശിക്ഷയില്‍ ഇളവ് വരുത്തി പത്തു വര്‍ഷത്തേക്ക് തടവുകാരനാക്കി സൈബീരിയായിലേക്ക് അയച്ചു. ഈ കാലയളവില്‍ അദ്ദേഹം ആധ്യാത്മിക മേഖലയില്‍ ഏറെ വളര്‍ച്ച നേടി.

പിന്നീട് ഓസ്ട്രിയായിലെ ഗ്രാസില്‍ ഉള്ള നിഷ്പാദുക കര്‍മ്മല സഭയുടെ നവ സന്യാസ ഭവനില്‍ ചേര്‍ന്ന് റാഫേല്‍ എന്ന പേര് സ്വീകരിച്ചു. 1882 ജനുവരി 15 ന് വൈദിക പട്ടം സ്വീകരിച്ചു. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ പോളണ്ടിലെ സേര്‍ണയില്‍ സുപ്പീരിയറായി നിയമിച്ചു.

പിന്നീട് പോളണ്ടില്‍ വിഭജിച്ച് കിടന്നിരുന്ന കര്‍മ്മലീത്താ സഭയെ ഏകീകരിക്കുകയും സഭയുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. പോളണ്ടിലും ഉക്രൈനിലുമായി ഒന്നിലധികം കത്തോലിക്കാ സംഘടനകള്‍ സ്ഥാപിച്ചു. വളരെ സ്തുത്യര്‍ഹമായ സേവനം ആയിരുന്നു സമൂഹത്തിനായി റാഫേല്‍ കലിനോവ്‌സ്‌കി അനുഷ്ഠിച്ചത്.

1907 ല്‍ രോഗം ബാധിച്ച് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. 1983 ജൂണ്‍ 22ന് പോളണ്ടിലെ ക്രാക്കോവില്‍ വച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റാഫേല്‍ കലിനോവ്‌സ്‌കിയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. പ്രവാചകനായ അബ്ദിയാസ്

2. സെസരയായിലെ ബാര്‍ലാം

3. അന്റലൂഷ്യായിലെ ക്രിസ്പിന്‍

4. അനസ്താസിയാസ് ദ്വിതീയന്‍ പാപ്പാ

5. ഏഷ്യാമൈനറില്‍ ഇസൗരിയായിലെ ആസാസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.