കാലാവസ്ഥ വ്യതിയാനം പക്ഷികളുടെ ശരീരഘടനയില്‍ വ്യതിയാനം വരുത്തുന്നതായി ഗവേഷകര്‍

കാലാവസ്ഥ വ്യതിയാനം പക്ഷികളുടെ ശരീരഘടനയില്‍  വ്യതിയാനം വരുത്തുന്നതായി ഗവേഷകര്‍

കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ പ്രവചനത്തിനും അതീതമാണെന്നു ലോകമെമ്പാടും സംഭവിച്ച പ്രകൃതി ദുരന്തങ്ങള്‍ തെളിയിച്ചുകഴിഞ്ഞു. മനുഷ്യരില്‍ മാത്രമല്ല പക്ഷികളിലും മൃഗങ്ങളിലും വരെ കാലാവസ്ഥാ പ്രതിസന്ധി ദൂരവ്യാപകമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. അടുത്തകാലത്തായി നടത്തിയ ഒരു പഠനത്തില്‍ പക്ഷികളുടെ ശരീരഘടനയില്‍ കാലാവസ്ഥ വ്യതിയാനം മൂലം മാറ്റം സംഭവിക്കുന്നുവെന്ന വസ്തുതയാണ് കണ്ടെത്താനായത്. അവയുടെ ശരീരം ചുരുങ്ങുകയാണെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ഗവേഷകര്‍ പുറത്തുവിട്ടത്.

ആമസോണ്‍ മഴക്കാടുകള്‍ പോലെ മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത സ്ഥലങ്ങളില്‍ പോലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി പക്ഷികളുടെ ശരീരം ചുരുങ്ങുകയാണ്. ചിറകുകള്‍ക്കു നീളം വര്‍ധിച്ചതായും കണ്ടെത്തി. 40 വര്‍ഷത്തിലേറെ നടത്തിയ പഠനത്തിനൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്.

40 വര്‍ഷത്തിനിടെ ആമസോണ്‍ മഴക്കാടുകളില്‍ നിന്ന് പിടികൂടി ടാഗ് ചെയ്ത് വിട്ടയച്ച 77 ഇനത്തിലുള്ള 15,000-ലധികം ദേശാടനം ചെയ്യാത്ത പക്ഷികളെയാണ് പഠനവിധേയമാക്കിയത്.

1980 മുതല്‍ ഓരോ ദശാബ്ദത്തിലും പക്ഷികളുടെ ശരീരഭാരം ശരാശരി രണ്ടു ശതമാനം കുറയുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഈ പുതിയ പഠനം പ്രസിദ്ധീകരിച്ചത്.

അതായത് 1980-കളില്‍ 30 ഗ്രാം ശരാശരി ഭാരമുണ്ടായിരുന്ന ഒരു പക്ഷിക്ക്, ഇപ്പോള്‍ 27.6 ഗ്രാമായി കുറഞ്ഞു. ആമസോണ്‍ മഴക്കാടുകളിലെ പക്ഷികളുടെ മൂന്നിലൊന്നിന്റെയും ചിറകുകള്‍ക്കു നീളം വര്‍ധിക്കുകയാണെന്നും പഠനം വെളിപ്പെടുത്തി.

മുന്‍പ് നടത്തിയ പഠനങ്ങളില്‍ വടക്കേ അമേരിക്കയിലെ ദേശാടനപ്പക്ഷികളിലും ഇതേ പ്രതിഭാസം കണ്ടെത്തിയിരുന്നു.

പൊതുവായി നോക്കുമ്പോള്‍ പക്ഷികളുടെ വലിപ്പത്തില്‍ കാര്യമായ വ്യത്യാസമില്ല. എന്നാല്‍ എല്ലാ പക്ഷികളുടെയും ശരീരഭാരം രണ്ട് ഗ്രാം കുറയുന്നുണ്ടെങ്കില്‍ അത് നിസാരമായി അവഗണിക്കാനാവില്ലെന്നു ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് റിന്യൂവബിള്‍ നാച്ചുറല്‍ റിസോഴ്‌സസിലെ പ്രൊഫസറായ ഫിലിപ്പ് സ്റ്റൗഫര്‍ പറഞ്ഞു. 40 വര്‍ഷം മുന്‍പുണ്ടായിരുന്ന അവസ്ഥയല്ല ഇപ്പോള്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന താപനിലയാണ് പക്ഷികളുടെ ഈ രൂപമാറ്റത്തിന് കാരണമാകുന്നത്. മറ്റു ഘടകങ്ങളുമുണ്ട്. ഭക്ഷ്യലഭ്യതയുടെ കുറവും ഇവയുടെ ശരീരശോഷണത്തിന് കാരണമാകുന്നു.

ഉയരത്തില്‍ വസിച്ചിരുന്നതിനാല്‍ ചൂടും വരണ്ട കലാവസ്ഥയും ഏറ്റവുമധികം ബാധിക്കുന്നത് പക്ഷികളെയാണ്. ഇതുമൂലം ഇവയുടെ ശരീരഭാരത്തിലും ചിറകിന്റെ വലിപ്പത്തിലും പ്രകടമായ മാറ്റങ്ങളുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

ശരീരഭാരം കുറയുന്നതും ചിറകിന്റെ നീളം കൂടുന്നതും അര്‍ത്ഥമാക്കുന്നത് പക്ഷികള്‍ കൂടുതല്‍ കാര്യക്ഷമമായി ഊര്‍ജ്ജം ഉപയോഗിക്കുന്നു എന്നാണ്.

1966 മുതല്‍ ആമസോണ്‍ കാടുകളില്‍ മഴക്കാലത്ത് മഴയുടെ അളവ് 13% വര്‍ധിക്കുകയും വരണ്ട കാലാവസ്ഥയില്‍ 15% കുറയുകയും ചെയ്തിട്ടുണ്ട്. മഴക്കാലത്ത് താപനില ഒരു ഡിഗ്രി സെല്‍ഷ്യസും വരണ്ട സീസണില്‍ 1.65 ഡിഗ്രി സെല്‍ഷ്യസും വര്‍ധിച്ചതായും പഠനത്തില്‍ കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.