അനുദിന വിശുദ്ധര്‍ - നവംബര്‍ 22
ദേവാലയ സംഗീതത്തിന്റെ മധ്യസ്ഥയായ വിശുദ്ധ സിസിലി രണ്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ റോമയിലാണ് ജനിച്ചത്. മാതാപിതാക്കള്‍ അക്രൈസ്തവരായിരുന്നു എങ്കിലും ക്രിസ്തുമത തത്വങ്ങള്‍ അഭ്യസിച്ചിരുന്ന അവള്‍ ബാല്യത്തില്‍ തന്നെ ജ്ഞാനസ്നാനം സ്വീകരിച്ചു. പുരാതന റോമില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധയായിരുന്നു സിസിലി.
വിശുദ്ധയുടെ രക്തസാക്ഷിത്വമല്ലാതെ ചരിത്രപരമായി അവകാശപ്പെടാവുന്ന അധിക വിവരങ്ങള്‍ ലഭ്യമല്ല. പ്രാര്‍ത്ഥനാ പുസ്തകങ്ങളിലെ വിവരണമനുസരിച്ച് വിശുദ്ധ സിസിലി പ്രാര്‍ത്ഥനകളിലും ധ്യാനങ്ങളിലും മുഴുകിയ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. ചെറുത്തില്‍ തന്നെ തന്റെ ദിവ്യമണവാളന് നിത്യകന്യാത്വം നേര്‍ന്നിരുന്ന സിസിലിയെ വലേരിയന്‍ എന്ന കുലീന യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.
വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുവാന്‍ വിശുദ്ധ നടത്തിയ എല്ലാ ശ്രമങ്ങളും നിഷ്ഫലമാവുകയാണുണ്ടായത്. അതിനാല്‍ തന്റെ കന്യാത്വത്തെ സംരക്ഷിച്ചുകൊള്ളണമെന്ന് അവള്‍ ദൈവത്തോട് തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. ഈ വിഷമ ഘട്ടത്തില്‍ അവളെ ആശ്വസിപ്പിക്കാനായി ദൈവം അവളുടെ കാവല്‍ മാലാഖയുടെ സാന്നിധ്യം അവള്‍ക്ക് അനുഭവവേദ്യമാക്കി.
സിസിലിയെ നിഷ്‌കളങ്കമായി സ്നേഹിച്ചിരുന്ന വലേറിയനോടു വിവാഹ ദിവസം തന്നെ അവള്‍ പറഞ്ഞു. 'ക്രിസ്തുവിനെ അല്ലാതെ മറ്റാരെയും സ്വീകരിക്കുകയില്ലെന്ന് ഞാന്‍ ദൈവത്തോടു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ എന്റെ കന്യാത്വത്തെ സംരക്ഷിക്കുന്നതിനായി ഒരു സ്വര്‍ഗീയ ദൂതനെ കാവല്‍ക്കാരനായി തന്നോടുകൂടെ സദാ നിറുത്തിയിട്ടുണ്ട്'. എന്നാല്‍ തനിക്ക് ആ മാലാഖയെ കാണിച്ചു തന്നാല്‍ താന്‍ ക്രിസ്തുവില്‍ വിശ്വസിക്കാമെന്ന് വലേരിയന്‍ വാക്ക് കൊടുത്തു.
മാമ്മോദീസ കൂടാതെ ഇത് സാധ്യമല്ലെന്ന് അവള്‍ വലേരിയനെ ധരിപ്പിച്ച പ്രകാരം അദ്ദേഹം ഉര്‍ബന്‍ പാപ്പായില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു തിരിച്ചു വന്നപ്പോള്‍ സിസിലി തന്റെ ചെറിയ മുറിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുന്നതും അവളുടെ സമീപത്തായി ദൈവത്തിന്റെ മാലാഖ നില്‍ക്കുന്നതും കണ്ടു. ഇതോടെ വലേരിയന്‍ ഭയചകിതനായി.
കന്യകാത്വത്തോടുള്ള സിസിലിയയുടെ ഇഷ്ടത്തില്‍ പ്രീതിപൂണ്ട മാലാഖ അവര്‍ക്ക് മഞ്ഞുകണക്കെ വെളുത്ത നിറമുള്ള ലില്ലി പുഷ്പങ്ങളും കടും ചുവന്ന റോസാ പുഷ്പങ്ങളും നിറഞ്ഞ ഒരു പൂക്കുട സമ്മാനിച്ചു. ഒരിക്കലും വാടാത്ത ഈ പൂക്കള്‍ ചാരിത്രത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. വിവാഹിതരായ ഈ ദമ്പതികളെ അനുമോദിക്കുന്നതിനായി ഒരിക്കല്‍ വലെരിയന്റെ സഹോദരനായ തിബര്‍ത്തിയൂസ് വന്നപ്പോള്‍ മനോഹരമായ ഈ പൂക്കള്‍ കണ്ട അദ്ദേഹം ആശ്ചര്യപ്പെട്ടു.
ഇവ എങ്ങിനെ ലഭിച്ചു എന്നറിഞ്ഞ തിബര്‍ത്തിയൂസ് വൈകാതെ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ മതത്തില്‍ ചേര്‍ന്നു. ഇവരുടെ മതപരിവര്‍ത്തനത്തെ കുറിച്ചറിഞ്ഞ മുഖ്യനായ അല്‍മാച്ചിയൂസ് ഇവരെ തടവിലാക്കി വധിക്കുന്നതിനായി തന്റെ ഉദ്യോഗസ്ഥനായ മാക്‌സിമസിനെ അയച്ചു. തങ്ങളുടെ വധശിക്ഷയുടെ തലേദിവസം രാത്രിയില്‍ ഇവര്‍ മാക്‌സിമസിനെ ഉപദേശിക്കുകയും തുടര്‍ന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബവും മാമോദീസ സ്വീകരിക്കുകയും ചെയ്തു.
ക്രൈസ്തവസഭ അതിക്രൂരമായി പീഡിപ്പിക്കപ്പട്ടിരുന്ന കാലഘട്ടമായിരുന്നു അത്. അതിനാല്‍ അധികം താമസിക്കാതെ തന്നെ വലേറിയനെയും സഹോദരനെയും ക്രൈസ്തവ വിരോധികള്‍ ബന്ധിക്കുകയും ക്രൂരമായി വധിക്കുകയും ചെയ്തു. തന്റെയും അന്ത്യം അടുത്തിരിക്കുന്നുവെന്നു മനസിലാക്കിയ സിസിലി സ്വത്തുക്കളെല്ലാം വിറ്റ് ദരിദ്രര്‍ക്ക് വിഭജിച്ചു കൊടുത്തശേഷം മരണത്തിനായി ഒരുങ്ങി.
പ്രതീക്ഷിച്ചതുപോലെ സിസിലിയും മതവൈരികളാല്‍ പിടിക്കപ്പെട്ടു. മതത്യാഗം ചെയ്യാന്‍ തയ്യാറാവാതിരുന്ന അവളെ ശ്വാസം മുട്ടിച്ചു കൊല്ലുവാന്‍ ഉത്തരവായി. അതനുസരിച്ച് ചൂടുവെള്ളം നിറച്ച ഒരു മുറിയിലാക്കി വിശുദ്ധയെ അവര്‍ പൂട്ടി. അടുത്ത ദിവസം മൃതദേഹം നീക്കുവാനായി മുറി തുറന്നപ്പോള്‍ സിസിലി പൂര്‍ണ ആരോഗ്യത്തോടെ ദൈവ കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതായാണ് കണ്ടത്.
ഇതില്‍ കോപിഷ്ഠനായ നഗരാധിപന്‍ അവളുടെ ശിരസ് ഛേദിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ തന്റെ ജീവിതം മൂന്നു ദിവസത്തേയ്ക്കു കൂടി നീട്ടിത്തരണമെന്ന് സിസിലി പ്രാര്‍ത്ഥിക്കുകയും ദൈവം തിരുമനസാവുകയും ചെയ്തു. ഘാതകന്‍ ശക്തിയോടെ വിശുദ്ധയുടെ ശിരസില്‍ വെട്ടി.
എന്നാല്‍ വലിയൊരു മുറിവുണ്ടായെങ്കിലും ശിരസ് ഛേദിക്കപ്പെട്ടില്ല. അയാള്‍ രണ്ടു പ്രാവശ്യം കൂടി ആവര്‍ത്തിച്ചു. പക്ഷേ, ശിരസു ഛേദിക്കപ്പെട്ടില്ല. വീണ്ടും വെട്ടുന്നതിന് നിയമം അനുവദിക്കാത്തതിനാല്‍ അയാള്‍ അവിടെ നിന്ന് പോയി. അന്നേയ്ക്കു മൂന്നാം ദിവസം അവള്‍ തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു.
ഏതാണ്ട് 230 ല്‍ അലക്‌സാണ്ടര്‍ സെവേരൂസ് ചക്രവര്‍ത്തിയുടെ ഭരണ കാലത്താണ് സിസിലിയുടെ രക്തസാക്ഷിത്വം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 1599 ല്‍ വിശുദ്ധയുടെ ശവക്കല്ലറ തുറക്കുകയും അവളുടെ ശരീരം സൈപ്രസ് മരം കൊണ്ടുണ്ടാക്കിയ ശവപ്പെട്ടിയില്‍ കാണപ്പെടുകയും ചെയ്തു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മൃതശരീരം ഒട്ടും തന്നെ അഴുകിയിട്ടില്ലായിരുന്നു.
ഈ ശരീരം കാണാനിടയായ സ്റ്റീഫന്‍ മദേര്‍ണ എന്നയാള്‍ താന്‍ കണ്ടതുപോലെ തന്നെ വിശുദ്ധയുടെ ഒരു പ്രതിമ നിര്‍മ്മിക്കുകയുണ്ടായി. മധ്യകാലം മുതല്‍ തന്നെ വിശുദ്ധ സിസിലിയെ ദേവാലയ സംഗീതത്തിന്റെ മധ്യസ്ഥയായി ആദരിച്ച് വരുന്നു. സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് സദാ ദൈവ കീര്‍ത്തനങ്ങള്‍ ആലപിച്ചിരുന്നതിനാലാണ് വിശുദ്ധ സിസിലിയെ ദേവാലയ ഗായകരുടെ മധ്യസ്ഥയായി കണക്കാക്കുന്നത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ആഫ്രിക്കനായ മൗറൂസ്
2. ബാങ്കോറിലെ ഡെയിനിയോളെല്‍
3. ഫിലെമോണും ഭാര്യ അഫിയായും
4. ആന്റിയക്കിലെ മാര്‍ക്കും സ്റ്റീഫനും
5. ഔട്ടൂണ്‍ ബിഷപ്പായിരുന്ന പ്രഗ്മാഷിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ലേഖന പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.