നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണം: ഈ വര്‍ഷം പൊലിഞ്ഞത് 64 ജീവനുകള്‍; കര്‍ഷകര്‍ക്കു റബര്‍ ബുള്ളറ്റ് നല്‍കാന്‍ ആലോചന

നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണം: ഈ വര്‍ഷം പൊലിഞ്ഞത് 64 ജീവനുകള്‍; കര്‍ഷകര്‍ക്കു റബര്‍ ബുള്ളറ്റ് നല്‍കാന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി വന്യജീവികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ വര്‍ഷം തന്നെ പൊലിഞ്ഞത് എത്രയെത്ര ജീവനുകള്‍. 2021 വര്‍ഷം ജനുവരി മുതല്‍ ഇതുവരെ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 64 പേരാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്ന കണക്കാണിത്.

അതേസമയം ഈ വര്‍ഷം ഇതുവരെ വനംവകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത് 52 മരണങ്ങളാണ്. ഏതു ജീവിയുടെ ആക്രമണത്തിലാണു മരണമെന്ന ഇനം തിരിച്ചുള്ള കണക്കും വകുപ്പു തയാറാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മരണം കാട്ടാന ആക്രമണത്തിലാണ്. 25 പേരാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. പാമ്പുകടിയേറ്റ് മരിച്ചത് 22 പേരും. കാട്ടുപന്നി, കാട്ടുപോത്ത് എന്നിവ മൂലമുള്ള മരണവും പട്ടികയിലുണ്ട്. മയില്‍ റോഡിലേക്കു ചാടിയതിനെത്തുടര്‍ന്നുള്ള ഇരുചക്ര വാഹനാപകടമായിരുന്നു മറ്റൊരു മരണം.

വന്യജീവി ആക്രമണം തൃശൂര്‍, വയനാട്, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു രൂക്ഷമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാമ്പുകടിയേറ്റുള്ള മരണം ഏറ്റവും കൂടുതല്‍ പാലക്കാട് ജില്ലയിലാണ് 10 വര്‍ഷത്തിനിടെ 192 മരണം. കണ്ണൂരില്‍ 85 പേരും മലപ്പുറത്ത് 79 പേരും ആലപ്പുഴയില്‍ 51 പേരും പാമ്പു കടിയേറ്റു മരിച്ചു. 2008 മുതല്‍ ഇതുവരെ 1310 വന്യജീവി ആക്രമണ മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 729 മരണവും പാമ്പുകടിയേറ്റായിരുന്നു. കൂടാതെവിവിധ വന്യജീവി ആക്രമണങ്ങളിലായി 4397 പേര്‍ക്കു പരുക്കേറ്റു.

വന്യജീവി ആക്രമണങ്ങള്‍ കൂടിയതോടെ നഷ്ടപരിഹാര അപേക്ഷകളും കൂടിയിരിക്കകുയാണ്. 2009-10ല്‍ 2922 അപേക്ഷകളാണു വനം വകുപ്പിനു ലഭിച്ചതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 10,095 അപേക്ഷകള്‍ കിട്ടി. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ വനം വകുപ്പ് നടപടിയെടുത്തിട്ടും മരണസംഖ്യ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കിടങ്ങുകള്‍ കുഴിച്ചും വേലി കെട്ടിയും വന്യ ജീവികളെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഫലവത്തായിട്ടില്ലെന്നാണ് ആക്രമണങ്ങളുടെ വര്‍ധന സൂചിപ്പിക്കുന്നത്.

കാട്ടാനകളെ തുരത്താന്‍ കര്‍ഷകര്‍ക്കു റബര്‍ ബുള്ളറ്റ് നല്‍കുന്നതു വനം വകുപ്പിന്റെ ആലോചനയില്‍. മന്ത്രി എ.കെ.ശശീന്ദ്രനുമായുള്ള ചര്‍ച്ചയിലാണു വയനാട്ടിലെ കര്‍ഷകര്‍ ഈ ആവശ്യം ഉന്നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.