വത്തിക്കാന്‍ സിറ്റി: കരഘോഷത്തിനു ചെവി കൊടുക്കാതെ സേവനാധിഷ്ഠിതമായ ക്രിസ്തീയ പ്രതിബദ്ധത സ്വായത്തമാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. മറ്റുള്ളവരുടെ ബഹുമാനം പിടിച്ചുപറ്റാന്‍ മാത്രമായുള്ള പ്രവൃത്തികളുടെ നിരര്‍ത്ഥകത തിരിച്ചറിയണമെന്ന് ക്രിസ്തു രാജത്വ തിരുനാളിലെ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു; രാജത്വത്തിന്റെ യഥാര്‍ത്ഥ മഹിമ പുകഴ്ചയിലല്ലെന്ന് ദൈവപുത്രന്‍ കാട്ടിത്തന്നതെങ്ങനെയെന്ന് വിശദമാക്കിക്കൊണ്ട്.
റോമന്‍ പ്രവിശ്യയായ യഹൂദയുടെ ഗവര്‍ണറായ പൊന്തിയോസ് പീലാത്തോസിന്റെ മുമ്പാകെ താന്‍ ഒരു രാജാവാണെന്ന് യേശു സമ്മതിക്കുന്ന സുവിശേഷ ഭാഗത്തെ അധികരിച്ചായിരുന്നു മാര്‍പാപ്പ സംസാരിച്ചത്. 'മറ്റ് രാജാക്കന്മാരെപ്പോലെയുള്ള രാജാവല്ല യേശു; അവരുടെയും രാജാവാണ്. ലൗകിക ഭരണാധികാരികളുടേതിനേക്കാള്‍ തികച്ചും വ്യത്യസ്തമാണ് യേശുവിന്റെ രാജത്വം ' മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. 'ആ രാജത്വം യഥാര്‍ത്ഥത്തില്‍ മാനുഷിക മാനദണ്ഡങ്ങള്‍ക്കപ്പുറമാണ്.'
'പീലാത്തോസിന്റെ മുന്നില്‍, ജനക്കൂട്ടം തനിക്കെതിരെ തിരിഞ്ഞ വേളയിലാണ് താന്‍ ഒരു രാജാവാണെന്ന് യേശു പറയുന്നത്. മുമ്പ് ജനക്കൂട്ടം അവിടുത്തെ അനുഗമിക്കുകയും പ്രശംസിക്കുകയും ചെയ്തപ്പോള്‍ ഈ പ്രശംസയില്‍ നിന്ന് അകന്നു നിന്നതേയുള്ളൂ 'പാപ്പ നിരീക്ഷിച്ചു.'അതായത്, ഭൂമിയിലെ പ്രശസ്തിയുടെയും മഹത്വത്തിന്റെയും മോഹത്തില്‍ നിന്ന് താന്‍ തീര്‍ത്തും സ്വതന്ത്രനാണെന്ന് യേശു കാണിച്ചുതന്നു.
'നമുക്ക് സ്വയം ചോദിക്കാം. ഇക്കാര്യത്തില്‍ യേശുവിനെ എങ്ങനെ അനുകരിക്കണമെന്ന് നമുക്കറിയാമോ? തുടര്‍ച്ചയായി ആദരിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കുന്ന നമ്മുടെ ശീലത്തെ നിയന്ത്രിക്കേണ്ടതില്ലേ ? അതോ മറ്റുള്ളവര്‍ നമ്മെ ബഹുമാനിക്കുന്നതിനായി എല്ലാം ചെയ്യുകയാണോ ? നാം ചെയ്യുന്ന കാര്യങ്ങളില്‍, പ്രത്യേകിച്ച് നമ്മുടെ ക്രിസ്തീയ പ്രതിബദ്ധതയെ സംബന്ധിച്ചിടത്തോളം, കരഘോഷമാണോ സേവനമാണോ പ്രധാനം?'
പ്രജകളുടെയല്ല; സുഹൃത്തുക്കളുടെ രാജാവ്
തന്റെ അനുയായികളെ മോചിപ്പിച്ച രാജാവായിരുന്നു യേശുവെന്ന് പാപ്പാ പറഞ്ഞു. 'തിന്മയ്ക്ക് വിധേയരാകുന്നതില്‍ നിന്ന് അവന്‍ നമ്മെ മോചിപ്പിക്കുന്നു. അവന്റെ രാജ്യം വിമോചിതമാണ്, അതില്‍ അടിച്ചമര്‍ത്തുന്ന ഒന്നുമില്ല. അവിടുന്ന് എല്ലാ ശിഷ്യരെയും സുഹൃത്തുക്കളായി കണക്കാക്കി, തനിക്കു കീഴിലെ പ്രജയായല്ല.'
'എല്ലാ പരമാധികാരികള്‍ക്കും മുകളിലായിരിക്കുമ്പോഴും, തനിക്കും മറ്റുള്ളവര്‍ക്കുമിടയില്‍ യേശു വിഭജനരേഖ വരയ്ക്കുന്നില്ല. പകരം, തന്റെ സന്തോഷം പങ്കിടാന്‍ സഹോദരീസഹോദരന്മാര്‍ ഒപ്പം ഉണ്ടായിരിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അവനെ അനുഗമിക്കുന്നതിലൂടെ നമുക്ക് ഒന്നും നഷ്ടപ്പെടുന്നില്ല. എന്നാല്‍ നമുക്ക് മാന്യത കൈവരുന്നു. കാരണം ക്രിസ്തു തന്റെ ചുറ്റുപാടില്‍ അടിമകളെയല്ല, സ്വതന്ത്രരായ ആളുകളെയാണ് ആഗ്രഹിക്കുന്നത്.'
സത്യമാണ് ക്രൈസ്തവ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ശിലയെന്ന് പാപ്പ ചൂണ്ടിക്കാട്ടി.'യേശുവിനോടുകൂടെ ആയിരിക്കുമ്പോള്‍ നാം സത്യമായിത്തീരുന്നു. ഏറ്റവും അനുയോജ്യമായ മുഖംമൂടി കണ്ടെത്തി ധരിക്കാന്‍ കഴിയുന്ന നാടകമല്ല ക്രിസ്ത്യാനിയുടെ ജീവിതം. എന്തെന്നാല്‍, യേശു ഹൃദയത്തില്‍ വാഴുന്നത് അതിനെ കാപട്യത്തില്‍ നിന്നും തന്ത്രങ്ങളില്‍ നിന്നും ഇരട്ടത്താപ്പില്‍ നിന്നും മോചിപ്പിച്ചുകൊണ്ടാണ്.അവിടുന്ന് നമ്മുടെ രാജാവാകുന്നതോടെ ജീവിതത്തെ മലിനവും അവ്യക്തവും അതാര്യവും സങ്കീര്‍ണ്ണവുമാക്കുന്ന കാര്യങ്ങളില്‍ നിന്നുള്ള അകല്‍ച്ച ഉറപ്പാകുന്നു.'
എല്ലാ ക്രിസ്ത്യാനികളും പാപികളാണെങ്കിലും ക്രിസ്തുവിന്റെ രാജത്വം അവരെ കളങ്കങ്ങളില്‍ നിന്നു രക്ഷിക്കുന്നു. നാം യേശുവിന്റെ കര്‍തൃത്വത്തിന്‍ കീഴില്‍ ജീവിക്കുമ്പോള്‍, കളങ്കിതരായിത്തീരുന്നില്ല.നമുക്കു വ്യാജന്മാരാകാനാകില്ല, സത്യം മൂടിവെക്കാന്‍ കഴിയില്ല. ഇരട്ട ജീവിതം നയിക്കാനുമാകില്ല. ഭൗമിക അടിമത്തത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുകയും തിന്മകളെ ത്യജിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന പ്രപഞ്ച രാജാവായ യേശുവിന്റെ സത്യം സദാ അന്വേഷിക്കാന്‍ പരിശുദ്ധ ജനനിയുടെ സഹായം പ്രാര്‍ത്ഥിച്ചാണ് മാര്‍പാപ്പ പ്രസംഗത്തിനു വിരാമമിട്ടത്. കത്തോലിക്കാ സഭയുടെ ലോക യുവജനദിനാചരണം പ്രമാണിച്ച് റോം രൂപതയില്‍ നിന്നുള്ള യുവജനങ്ങള്‍ മാര്‍പാപ്പയോടൊപ്പമുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.