വധഭീഷണി: താമസം മാറ്റാനൊരുങ്ങി ഓസ്‌ട്രേലിയന്‍ പ്രീമിയര്‍

വധഭീഷണി: താമസം മാറ്റാനൊരുങ്ങി ഓസ്‌ട്രേലിയന്‍ പ്രീമിയര്‍

പെര്‍ത്ത്: കുടുംബത്തിനെതിരേ ഭീഷണി ഉയര്‍ന്നതോടെ പെര്‍ത്തിനു സമീപമുള്ള റോക്കിംഗ്ഹാമിലെ വീട്ടില്‍നിന്നു താമസം മാറാനൊരുങ്ങി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക് മക്‌ഗോവന്‍. പ്രീമിയറുടെയും ഭാര്യയുടെയും മക്കളുടെയും ശിരഛേദം ചെയ്യുമെന്ന് ഫോണിലൂടെ ഭീഷണി ലഭിച്ചതിനെത്തുടര്‍ന്നാണ് താമസം മാറ്റുന്നത് പരിഗണിക്കുന്നത്.

ശനിയാഴ്ചയാണ് പ്രീമിയര്‍ക്കു ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കാനിംഗ്‌വേലില്‍ നിന്നുള്ള 20 വയസുകാരനും ഹാരിസ്ഡെയ്ലില്‍ നിന്നുള്ള 18-കാരനുമാണ് ശനിയാഴ്ച രാത്രി പ്രീമിയറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തന്റെ കുടുംബത്തെ ശിരഛേദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി മാര്‍ക് മക്ഗോവനും സ്ഥിരീകരിച്ചു. തനിക്ക് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും ആശങ്കപ്പെടുത്തുന്ന ഭീഷണിയാണിതെന്ന് പ്രീമിയര്‍ പറഞ്ഞു.

കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ച പ്രതികള്‍ അടുത്ത മാസം കോടതിയില്‍ ഹാജരാകണം.

ഭാര്യയെയും മക്കളെയും വധിക്കുമെന്ന ഭീഷണി സുഖകരമായ കാര്യമല്ലെന്നും ഇത്തരത്തിലുള്ള പെരുമാറ്റം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെര്‍ത്തിലുള്ള റോക്കിംഗ്ഹാമിലെ വീട്ടില്‍നിന്ന് ഉടന്‍ മാറാന്‍ പദ്ധതിയില്ലെന്നും എന്നാല്‍ ഇക്കാര്യം സജീവമായി പരിഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെതുടര്‍ന്ന് ജീവനക്കാര്‍ക്കെതിരേ ഭീഷണി ഉയര്‍ന്നതോടെ റോക്കിംഗ്ഹാമിലെ മക്ഗോവന്റെ ഇലക്ട്രേറ്റ് ഓഫീസ് കഴിഞ്ഞ ആഴ്ച അടച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികള്‍ക്കെതിരേയും വാക്‌സിന്‍ നയങ്ങള്‍ക്കെതിരേയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

അതേസമയം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ വാക്സിനേഷന്‍ നയങ്ങളെ ഇത്തരം ഭീഷണികള്‍ ബാധിക്കില്ലെന്ന് പ്രീമിയര്‍ പറഞ്ഞു. വാക്സിനേഷന്‍ നിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും.

പ്രീമിയര്‍ക്കു നേരേയുള്ള  ഭീഷണികള്‍ വെറുപ്പുളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് മിയ ഡേവിസ് പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ഭീഷണിയുടെയോ അക്രമത്തിന്റെയോ മാര്‍ഗം ഉപയോഗിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.