വാഷിംഗ്ടണ്‍/ ന്യൂഡല്‍ഹി: കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ പുറത്തെടുത്ത് വില നിയന്ത്രിക്കാനൊരുങ്ങി അമേരിക്കയും ഇന്ത്യയും. ഒപെക് പ്ലസ് രാജ്യങ്ങളുടെ മേല്‍ക്കൈ തടഞ്ഞ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതു നിയന്ത്രിക്കാനും സുഗമമായ ആഭ്യന്തര സപ്ലൈ ഉറപ്പാക്കാനുമാണ് ഈ നിര്‍ണ്ണായക നടപടി.
യു. എസ് ഊര്‍ജ വകുപ്പ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ നിന്ന് 50 ദശലക്ഷം ബാരല്‍ എണ്ണ പുറത്തിറക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.ഇതു സംബന്ധിച്ച് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത് .പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പണപ്പെരുപ്പ വര്‍ദ്ധനവിന് കാരണമാക്കി ഇന്ധന വില കുതിച്ചുയരുന്നതു തടയാന്‍ വൈറ്റ് ഹൗസ് സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.അതേസമയം,  50 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരത്തില്‍നിന്ന് പുറത്തെടുക്കാനാണ് ഇന്ത്യയുടെയും നീക്കമെന്ന് പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം ആദ്യം എണ്ണ വിതരണം വര്‍ധിപ്പിക്കാനുള്ള ജോ ബൈഡന്റെ ആഹ്വാനത്തെ ഒപെക് പ്ലസ് രാജ്യങ്ങള്‍ അവഗണിച്ചിരുന്നു. പിന്നാലെ മറ്റുരാജ്യങ്ങളെ ഏകോപിപ്പിച്ച് യു.എസ് നിര്‍ണായക നീക്കത്തിന് തുടക്കമിടുകയായിരുന്നു. എണ്ണ വിതരണ രാജ്യങ്ങള്‍ കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുകയാണ് ഇതുവഴി. 
അതിനിടെ, എണ്ണവിപണിയെ സ്വാധീനിക്കാന്‍ യുഎസും മറ്റു രാജ്യങ്ങളും ഏകോപന നീക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ എണ്ണ വിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. നിലവില്‍ ബാരലിന് 79 ഡോളറാണ് ക്രൂഡ് ഓയില്‍ വില. ഒപെക് രാജ്യങ്ങളും റഷ്യയടക്കമുള്ള മറ്റു ഉത്പാദക രാജ്യങ്ങളും ചേര്‍ന്നാണ് ഒപെക് പ്ലസ് എന്നറിയപ്പെടുന്നത്.  
പ്രമുഖ രാജ്യങ്ങള്‍ സഹകരിക്കും
ലോകമെമ്പാടുമുള്ള എണ്ണ വിതരണത്തിലെ കുറവു പരിഹരിക്കുന്നതിനു വഴി തെളിക്കും തങ്ങളുടെ നടപടിയെന്ന് യു. എസ് ഊര്‍ജ വകുപ്പ് പ്രതീക്ഷിക്കുന്നു. എന്നാല്‍  ഈ എണ്ണ അത്ര പെട്ടെന്നൊന്നും വിപണിയിലെത്തില്ലെന്നും തൊട്ടടുത്ത ദിവസങ്ങളില്‍ വിലത്താഴ്ച ഉണ്ടാകണമെന്നില്ലെന്നും ഒരു മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ചൈന, ഇന്ത്യ, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, യുണൈറ്റഡ് കിംഗ്ഡം എന്നിവയുള്‍പ്പെടെ മറ്റ് നിരവധി രാജ്യങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും അമേരിക്കയുടെ നടപടി.യു. എസ് ഊര്‍ജ വകുപ്പിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച വരെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ 604.5 ദശലക്ഷം ബാരല്‍ എണ്ണയുണ്ട്.
അതേസമയം, 3.8 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ആണ് ഇന്ത്യ രാജ്യത്തെ മൂന്ന് ഇടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍നിന്ന് 50 ലക്ഷം ബാരല്‍ ആണ് പുറത്തെടുക്കുന്നത്. പുറത്തെടുക്കുന്ന നടപടി 7-10 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.കരുതല്‍ ശേഖരം അടിയന്തരമായി  തുറന്നു വിടണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് ഇന്ത്യയിലെ പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങള്‍ അനുകൂല നിലപാടാണ് എടുത്തത്. ഉന്നത തലത്തില്‍നിന്ന് ഇതുസംബന്ധിച്ച് ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണു സൂചന.
യു.എസ് നിര്‍ദേശം നടപ്പിലാക്കാനുള്ള അന്തിമ നടപടികളിലാണ് ചൈനയുമെന്നാണ് വിവരം. ജപ്പാനും ഇക്കാര്യം സജീവമായി പരിഗണിക്കുകയാണ് എന്ന സൂചനയുണ്ട്. ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങള്‍ കരുതല്‍ ശേഖരം ഒന്നിച്ച് തുറന്നുവിടുന്നതിന് തീരുമാനമെടുത്താല്‍ അത് എണ്ണ വിപണിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും.
ഓരോ രാജ്യവും തന്ത്രപ്രധാന കരുതല്‍ ശേഖരത്തില്‍നിന്ന് തുറന്നു നല്‍കുന്ന എണ്ണയുടെ അളവ് വളരെ വലുതായിരിക്കില്ല. അതേസമയം ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത് എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് വലിയ മുന്നറിയിപ്പാകും. പ്രധാനമായും വിതരണ തടസ്സങ്ങള്‍ നേരിടാനായിരുന്നു ഇന്ത്യയും മറ്റ് രാജ്യങ്ങളും തന്ത്രപ്രധാനമായ കരുതല്‍ ശേഖരം സൃഷ്ടിച്ചത് . പക്ഷേ, നിലവിലെ സാഹചര്യത്തില്‍ തന്ത്രപരമായ നീക്കത്തിനു നിര്‍ബന്ധിതമാകുകയാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.