ക്രിസ്മസ് പരേഡിലെ കൂട്ടക്കൊല: ഒരു ബാലന്‍ കൂടി മരിച്ചു; കോടതിയില്‍ കണ്ണീര്‍ തൂകി പ്രതി ഡാരെല്‍ ബ്രൂക്ക്‌സ്

ക്രിസ്മസ് പരേഡിലെ കൂട്ടക്കൊല: ഒരു ബാലന്‍ കൂടി മരിച്ചു; കോടതിയില്‍ കണ്ണീര്‍ തൂകി പ്രതി ഡാരെല്‍ ബ്രൂക്ക്‌സ്

വൗകെഷ(വിസ്‌കോന്‍സിന്‍): ക്രിസ്മസ് പരേഡിലേക്ക് വാഹനം ഓടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയതിന് അറസ്റ്റിലായ ഡാരെല്‍ ബ്രൂക്ക്‌സിനെ പോലീസ് വൗകെഷ കൗണ്ടി കോടതിയില്‍ ഹാജരാക്കി. മുമ്പു പല ക്രമിനല്‍ കേസുകളില്‍ പ്രതിയാവുകയും ശിക്ഷ വാങ്ങിയ ശേഷം പരോളില്‍ മുങ്ങി നടക്കുകയും ചെയ്തിട്ടുള്ള 39 കാരന്‍ ഇടയ്ക്കിടെ വിങ്ങിക്കരഞ്ഞുകൊണ്ടാണ് നീണ്ട കുറ്റാരോപണങ്ങള്‍ വായിച്ചു കേട്ടത്.

ഞായറാഴ്ചത്തെ അക്രത്തില്‍ അഞ്ചു പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ അമ്പതോളം പേരില്‍ 8 വയസുകാരന്‍ ജാക്സണ്‍ സ്പാര്‍ക്സ് കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ മനഃപൂര്‍വമായ ആറ് നരഹത്യാ കുറ്റങ്ങളാണ് ബ്രൂക്ക്‌സിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കുറഞ്ഞ വ്യവസ്ഥയില്‍ ജാമ്യം നേടി മുങ്ങിയ ചരിത്രമുള്ളതിനാലും തുടര്‍ന്ന് കൊടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാലും ഇനി ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂട്ടര്‍ സൂസന്‍ ഓപ്പര്‍ വാദിച്ചു.

പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം സുരക്ഷ അപകടത്തിലാക്കി ബ്രൂക്ക്‌സിനെ തടയാന്‍ ശ്രമിച്ചിട്ടും അയാള്‍ വണ്ടി ക്രിസ്മസ് പരേഡിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.'ഈ പ്രതി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന അപകടസാധ്യത വിവരിക്കാന്‍ വാക്കുകളില്ല' - പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ഓരോ നരഹത്യയ്ക്കും പരോളില്ലാതെ ജീവപര്യന്തം ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.ഇതനുസരിച്ച് ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരും ഇനി അയാള്‍ക്ക്.

മില്‍വാക്കി കൗണ്ടിയില്‍ ബ്രൂക്‌സ് ഉള്‍പ്പെട്ട രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഒരു സ്ത്രീയുടെ മേല്‍ എസ് യു വി ഓടിച്ചു കയറ്റിയെന്നതാണ് തീര്‍പ്പാക്കാത്ത കേസുകളില്‍ ഒരെണ്ണം. അക്രമാസക്തമായ പെരുമാറ്റത്തിന് ആറ് തവണ ശിക്ഷ വാങ്ങിയിട്ടുമുണ്ട്. താരതമ്യേന ചെറിയ തുകയ്ക്ക് ഇയാള്‍ക്കു ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് മില്‍വാക്കി കൗണ്ടി അറ്റോര്‍ണി അന്വേഷണം നടത്തിവരികയാണ്. ഒരു സെല്‍ ഫോണിന്റെ പേരില്‍ ബന്ധുവിനെ കയ്യേറ്റം ചെയ്യുകയും വാഹനത്തില്‍ കയറിപ്പോയ അയാളുടെ നേരെ വെടിയുതിര്‍ക്കുകയും ചെയ്തതാണ് 2020 ജൂലൈ മുതല്‍ നിലവിലുള്ള മറ്റൊരു കേസ്. ഇവയിലെല്ലാം അയാള്‍ കുറ്റം നിഷേധിച്ചിരിക്കുകയാണ്.

2003 ലും 2005 ലും 2011 ലും പോലീസ് ഓഫീസര്‍മാരുടെ കൃത്യ നിര്‍വഹണം തടഞ്ഞതിന് ബ്രൂക്ക്സിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഹ്രസ്വ കാല ശിക്ഷ നല്കിയിരുന്നു.2010-ല്‍, വുഡ് കൗണ്ടിയില്‍ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച കുറ്റത്തിനു ശിക്ഷ വാങ്ങി. 15 വര്‍ഷം മുമ്പ് 24 വയസുള്ളപ്പോള്‍ ലൈംഗിക കുറ്റവാളിയായി അറസ്റ്റ് ചെയ്യപ്പെട്ട് പ്രൊബേഷന്‍ ശിക്ഷ അനുഭവിച്ചു. ലൈംഗിക കുറ്റങ്ങള്‍ക്ക് പിന്നെയും പല തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണു ബ്രൂക്സ്. പരോളില്‍ ഇറങ്ങിയ ശേഷം ജയിലില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാറന്റ് നടപടികളെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.

അക്രമത്തിനു ശേഷം അപരിചിതന്റെ
വീട്ടില്‍ സഹായം തേടിയെത്തി...


അക്രമ സംഭവം നടന്ന് 20 മിനിറ്റിനു ശേഷം വൗകേഷയിലെ തന്നെ ഡാനിയല്‍ റൈഡര്‍ എന്നയാളുടെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിന്നാണ് ബ്രൂക്‌സിനെ പോലീസ് പിടികൂടിയത്. തണുത്തു വിറച്ചെത്തി ഡോര്‍ ബെല്‍ അടിച്ച അയാളെ വീടിനകത്തു പ്രവേശിപ്പിച്ചിരുന്നെന്ന് റൈഡര്‍ പ്രാദേശിക ന്യൂസ് ചാനലിനോടു പറഞ്ഞു. താന്‍ ഊബര്‍ കാത്തു നില്‍ക്കുകയാണെന്നും വണ്ടി എത്താത്തതിനാല്‍ ഒന്നു ഫോണ്‍ ചെയ്യണമെന്നും പറഞ്ഞാണ് ബ്രൂക്‌സ് റൈഡറുടെ സഹായം തേടിയത്.

'ഞാന്‍ അയാള്‍ക്ക് ഒരു ജാക്കറ്റ് നല്‍കി, സാന്‍ഡ്വിച്ച് ഉണ്ടാക്കി കൊടുത്തു. ഫോണ്‍ ഉപയോഗിക്കാനും അനുവദിച്ചു. ഇതിനിടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഒന്നിലേറെ പോലീസ് കാറുകള്‍ പായുന്നതു കണ്ടു.അതോടെ അയാളെ ബലമായി പറഞ്ഞു വിട്ടു' ഡാനിയല്‍ റൈഡര്‍ പറഞ്ഞു. പക്ഷേ, ബ്രൂക്‌സിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി റൈഡറുടെ അയല്‍ക്കാരന്‍ ഇതിനിടെ പോലീസിനെ വിളിച്ചു. തന്റെ ഐഡി വീടിനുള്ളില്‍ ഉപേക്ഷിച്ചു പോന്നെന്നു പറഞ്ഞ് ബ്രൂക്‌സ് വീണ്ടും വാതിലില്‍ മുട്ടിക്കൊണ്ടിരുന്നുവെന്നും റൈഡര്‍ പറഞ്ഞു.

നിമിഷങ്ങള്‍ക്കകം പോലീസ് വന്ന് 'കൈകള്‍ ഉയര്‍ത്തൂ ' എന്നാക്രോശിച്ചുകൊണ്ട് അക്രമിയെ കീഴടക്കുകയായിരുന്നു.ഈ ദൃശ്യങ്ങളെല്ലാമടങ്ങിയ ഡോര്‍ ബെല്‍ വീഡിയോ പ്രാദേശിക ന്യൂസ് ചാനലിനു റൈഡര്‍ നല്‍കിയിട്ടുണ്ട്. ദുരന്ത സ്ഥലത്തുനിന്ന് അര മൈല്‍ അകലെയാണ് ഈ വീട്. ജനക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റിയ ബ്രൂക്‌സിന്റെ വാഹനത്തിനു നേരെ പോലീസ് വെടിയുതിര്‍ത്തിരുന്നെങ്കിലും അയാള്‍ക്കു പരിക്കേറ്റില്ല. ഫുട്ബോള്‍ മല്‍സരം ടി വിയില്‍ കണ്ടുകൊണ്ടിരുന്നതിനാല്‍ താന്‍ അപകട വിവരം അപ്പോഴൊന്നും അറിഞ്ഞില്ലെന്നും റൈഡര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.