കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബില്‍; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബില്‍; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിന് കാരണമായ മൂന്നു വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം.

ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ മാസം 29നാണ് സമ്മേളനം തുടങ്ങുന്നത്.
ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്‌സ് (എംപര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രീമെന്റ് ഒഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ആക്‌ട്, എസ്സന്‍ഷ്യല്‍ കമോഡിറ്റീസ് (അമന്‍ഡ്‌മെന്റ്) ആക്‌ട് എന്നിവയാണ് പിന്‍വലിക്കുക.

ഈ മാസം പത്തൊന്‍പതിന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിയമങ്ങളുടെ ഗുണഫലത്തെക്കുറിച്ച്‌ കര്‍ഷകരെ ബോധവത്കരിക്കാന്‍ സര്‍ക്കാരിനായില്ലെന്നാണ് പിന്‍വലിക്കുന്നതിന് കാരണമായി മോഡി പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പ്രധാനമായും ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്.

നിയമങ്ങള്‍ പിന്‍വലിച്ചാലും താങ്ങുവിലയ്ക്കു നിയമ പ്രാബല്യം കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ തീരുമാനമാവുന്നതു വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. താങ്ങുവില സംബന്ധിച്ച്‌ നിയമപരമായ ഉറപ്പ് ലഭിക്കുന്നതിനായി നവംബര്‍ 29 ന് പാര്‍ലമെന്‍റിലേക്ക് 60 ട്രാക്ടറുകള്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. 'നവംബര്‍ 29 ന് 60 ട്രാക്ടറുകള്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച്‌ നടത്തും. സര്‍ക്കാര്‍ തുറന്നുകൊടുത്ത റോഡുകളിലൂടെയാണ് ട്രാക്ടര്‍ റാലി നടത്തുക.

ഞങ്ങള്‍ റോഡുകള്‍ തടഞ്ഞെന്ന് ആരോപിച്ചിരുന്നു. റോഡ് തടയുന്നത് ഞങ്ങളുടെ രീതിയല്ല. സര്‍ക്കാരുമായി സംസാരിക്കാനാണ് ഞങ്ങള്‍ നേരെ പാര്‍ലമെന്‍റിലേക്ക് പോകുന്നതെന്ന്' ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കുമെന്ന വാര്‍ത്തക്ക് പിന്നാലെയാണ് രാകേഷ് ടിക്കായ്ത്തിന്‍റെ പ്രസ്താവന. 1000 പ്രതിഷേധക്കാരും പാര്‍ലമെന്റിലേക്ക് എത്തുമെന്നും ടിക്കായത്ത് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.