തിരുവനന്തപുരം: ദേശീയപാത വീതി കൂട്ടുമ്പോള്‍ വാഹനങ്ങള്‍ക്കും കാല്‍നട യാത്രികര്‍ക്കും റോഡ് മുറിച്ചു കടക്കുന്നതിന് നിയന്ത്രണമുണ്ടാകും. ദേശീയപാത 66 ആറു വരിയായി വീതി കൂട്ടുന്നതിന്റെ ഭാഗമായാണിത്. പ്രധാന കവലകളില്‍ അടിപ്പാതകളും മേല്‍പ്പാലങ്ങളുമാണ് നിര്‍ദേശിച്ചിട്ടുള്ളത്.
കൂടാതെ ഡിവൈഡറുകള്‍ മുറിച്ചുള്ള യാത്രകള്‍ തടയും. ദേശീയ പാതയിലെ വാഹനങ്ങള്‍ മറുവശത്തേക്കു കടക്കണമെങ്കില്‍ സര്‍വീസ് റോഡില്‍ കയറി അണ്ടര്‍പാസ് വഴി പോകേണ്ടിവരും. സിഗ്‌നല്‍ ലൈറ്റുകളും ഒഴിവാക്കപ്പെടുന്ന വിധത്തിലാണ് ക്രമീകരണം. ഇടറോഡുകളില്‍ നിന്നു ദേശീയ പാതകളിലേക്കുള്ള പ്രവേശനം സുരക്ഷിത പാതയിലൂടെ ആയിരിക്കും. തുറവൂര്‍-കഴക്കൂട്ടം മേഖല ആറുവരിയാക്കുന്നതിനായി തയ്യാറാക്കിയ രൂപരേഖയിലാണ് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ളത്.
25 വര്‍ഷത്തിനിടെ ഉണ്ടാകാനിടയുള്ള വാഹനത്തിരക്കു കൂടി പരിഗണിച്ചാണ് ജങ്ഷനുകളില്‍ അടിപ്പാതകളും മേല്‍പ്പാലങ്ങളും നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. മേല്‍പ്പാലങ്ങളെക്കാള്‍ ചെലവുകുറഞ്ഞ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നിരത്തിയുള്ള അടിപ്പാതകളാണ് കൂടുതല്‍ സ്ഥലങ്ങളിലുമുള്ളത്. ദേശീയപാതയ്ക്ക് ഇരുവശത്തും സമാന്തരറോഡുകള്‍ ഉണ്ടാകും.
ഓരോ പ്രദേശത്തെയും വാഹനസാന്ദ്രത കണക്കിലെടുത്ത് നിശ്ചിത കിലോമീറ്ററിനുള്ളില്‍ അടിപ്പാതകള്‍ ഉണ്ടാകും. ഇരുചക്രവാഹനങ്ങളും കാറുകളും കടന്നുപോകാന്‍ പാകത്തില്‍ ചെറിയ അണ്ടര്‍പാസുകളുമുണ്ട്. പ്രധാന റോഡിനും സമാന്തരപാതയ്ക്കും ഇടയില്‍ ഓടയും സുരക്ഷാവേലിയും ഉണ്ടാകും. സമാന്തരപാതയില്‍ നിന്ന് ഉയരത്തിലായിരിക്കും പ്രധാനപാത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.