കാന്‍ബറ: ഓസ്ട്രേലിയയില്‍ മതവിശ്വാസികളായ പൗരന്മാര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും എതിരേ സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന വിവേചനപൂര്‍ണമായ നിയമങ്ങളില്‍നിന്നു സംരക്ഷണം നല്‍കുന്ന മതപരമായ വിവേചന നിയന്ത്രണ ബില്‍ (religious discrimination bill) പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മതവിശ്വാസികള്‍ക്ക് നിയമപരമായ അധിക പരിരക്ഷ ഉറപ്പാക്കുന്ന ബില്ലാണ് ഇന്ന് രാവിലെ സര്‍ക്കാര്‍ അവതരിപ്പിച്ചത്.
ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ പാരമ്പര്യവും സംസ്‌കാരവും വിലക്കുന്നതില്‍നിന്ന് ബില്‍ സംരക്ഷണം നല്‍കുന്നു. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതോ മുറിവേല്‍പ്പിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാവാത്തിടത്തോളം കാലം വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്നവര്‍ക്ക് വിവേചനം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും അവര്‍ക്കും സമൂഹത്തില്‍ വ്യക്തമായ സ്ഥാനമുണ്ടാകണമെന്നും നിര്‍ദ്ദിഷ്ട നിയമത്തില്‍ പറയുന്നു.
ബില്ലിന്റെ കരട് രൂപം വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതി തയാറാക്കിയിരുന്നു. നിര്‍ദ്ദിഷ്ട നിയമം മതവിശ്വാസങ്ങള്‍ സംബന്ധിച്ച നിലപാടുകളില്‍ ഫെഡറല്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന വ്യക്തമായ സൂചനയാണു നല്‍കുന്നത്. മതവിശ്വാസികളായ ഓസ്ട്രേലിയക്കാര്‍ എവിടെയും മാറ്റിനിര്‍ത്തപ്പെടരുതെന്നും അവരുടെ നിലപാടുകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം കല്‍പ്പിക്കണമെന്നും ബില്‍ ശിപാര്‍ശ ചെയ്യുന്നു.
ജനാധിപത്യ രാജ്യങ്ങളിലെ പൗരന്മാര്‍ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഈ ബില്‍ മതപരമായ വിവേചനത്തില്‍ നിന്ന് അവരെ സംരക്ഷിക്കും.
ഓസ്ട്രേലിയന്‍ കാമ്പസുകളിലും കോര്‍പ്പറേറ്റ് സമൂഹത്തിലും വ്യക്തികള്‍ക്ക് മതപരമായ സ്വാതന്ത്ര്യമോ സംരക്ഷണമോ ലഭിക്കാത്തതില്‍ വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ ആശങ്കാകുലരാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഒരു സിഖുകാരന്‍ ധരിക്കുന്ന തലപ്പാവിന്റെ പേരിലോ ഒരു ക്രൈസ്തവന്‍ കഴുത്തില്‍ കിടക്കുന്ന കുരിശിന്റെ പേരിലോ വിവേചനം അനുഭവിക്കാനിട വരരുത്.
നിയമപ്രകാരം, മതവിശ്വാസികള്‍ നടത്തുന്ന സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും നിയമനത്തിന് വിശ്വാസികളായ ജീവനക്കാര്‍ക്കു മുന്‍ഗണന നല്‍കാന്‍ കഴിയും. അതേസമയം ഇത്തരം സ്ഥാപനങ്ങള്‍ മതപരമായ വീക്ഷണങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വ്യക്തമായ പൊതുനയം ഉണ്ടായിരിക്കണമെന്നും ബില്‍ ശിപാര്‍ശ ചെയ്യുന്നു.
വിവേകപൂണവും സന്തുലിതവുമായ ബില്ലെന്നാണ് സ്‌കോട്ട് മോറിസണ്‍ ബില്ലിനെ വിശേഷിപ്പിച്ചത്.
മതവിശ്വാസങ്ങളുടെ പ്രാധാന്യം മനസിലാക്കുന്ന സഹിഷ്ണുതയും പക്വതയുമുള്ള ഒരു സമൂഹത്തിനു വേണ്ടിയാണ് ബില്‍ നിലകൊള്ളുന്നത്. പൗരന്റെ സ്വാതന്ത്ര്യത്തെയും ഉത്തരവാദിത്തങ്ങളെയും ഈ ബില്‍ സന്തുലിതമാക്കുന്നു. ഓസ്‌ട്രേലിയക്കാര്‍ക്ക് മതം അവരുടെ സംസ്‌കാരവുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. അതു വേര്‍തിരിക്കാനാവില്ല.
ലേബര്‍ പാര്‍ട്ടി ബില്ലിനെ ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യുമെന്നും എല്ലാ വിഭാഗം ജനങ്ങളുമായി ആലോചിക്കുമെന്നും ഷാഡോ അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ഡ്രെഫസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. മതവിശ്വാസങ്ങളുടെ പേരിലുള്ള വിവേചനത്തില്‍നിന്നു സംരക്ഷണം നല്‍കുന്ന ബില്ലിനെ ലേബര്‍ പാര്‍ട്ടി പിന്തുണയ്ക്കുന്നു.
സെനറ്റര്‍മാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംയുക്ത കമ്മിറ്റി ബില്‍ സൂക്ഷ്മമായി പരിശോധിക്കും. ബില്‍ അടുത്തയാഴ്ച സഭയില്‍ വോട്ടുചെയ്ത് പാസാക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ലിംഗത്തിന്റെയോ ജാതിയുടെയോ ശാരീരിക വൈകല്യത്തിന്റെയോ പ്രായത്തിന്റെയോ പേരില്‍ ആരെയും മാറ്റിനിര്‍ത്തരുതെന്ന നിയമം നിലവില്‍ രാജ്യത്തിനുണ്ട്. അതിനൊപ്പമാണ് വിശ്വാസികള്‍ക്കും വിവേചനം പാടില്ലെന്ന സുപ്രധാന നിയമനിര്‍മാണത്തിന് പ്രധാനമന്ത്രി തന്നെ മുന്‍കൈയെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.