തൊഴില്‍ മേഖലയിലെ ഉണര്‍വ് വ്യക്തമാക്കി ഡാറ്റ; യു.എസ് സമ്പദ് വ്യവസ്ഥ 'ഫാസ്റ്റ് ട്രാക്ക്' വീണ്ടെടുക്കുന്നു

തൊഴില്‍ മേഖലയിലെ ഉണര്‍വ് വ്യക്തമാക്കി ഡാറ്റ; യു.എസ് സമ്പദ് വ്യവസ്ഥ 'ഫാസ്റ്റ് ട്രാക്ക്' വീണ്ടെടുക്കുന്നു

വാഷിംഗ്ടണ്‍:യു.എസ് സമ്പദ് വ്യവസ്ഥ കോവിഡ് ആഘാതത്തില്‍ നിന്നു കര കയറുന്നതിന്റെ വ്യക്തമായ സൂചനയേകി തൊഴില്‍ മേഖലയില്‍ ഉണര്‍വ്. കഴിഞ്ഞയാഴ്ചത്തെ ഡാറ്റ പ്രകാരം, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള പുതിയ ക്ലെയിമുകള്‍ ഫയല്‍ ചെയ്യുന്ന അമേരിക്കക്കാരുടെ എണ്ണം 52 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി.

അവശ്യ വസ്തുക്കളുടെ ക്ഷാമം, ഉയര്‍ന്ന പണപ്പെരുപ്പം, വിട്ടുമാറാത്ത പകര്‍ച്ചവ്യാധികള്‍ എന്നിവയാല്‍ ഒന്നര വര്‍ഷത്തിലേറെക്കാലം ഉലഞ്ഞു നിന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായിട്ടുണ്ടെന്ന നിരീക്ഷകരുടെ അനുമാനം ശരിവയ്ക്കുന്നതാണ് തൊഴില്‍ വകുപ്പില്‍ നിന്നുള്ള ഡാറ്റ. തൊഴില്‍ വിപണി ശക്തമാകുന്നതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. നവംബര്‍ പകുതിയോടെ തൊഴിലില്ലായ്മ ചുരുങ്ങി. കോവിഡ് 19 അണുബാധയുടെ ആദ്യ തരംഗം കാണപ്പെട്ട 2020 മാര്‍ച്ചിന് ശേഷം സമ്പദ് വ്യവസ്ഥയുടെ ഉണര്‍വു പ്രകടമാക്കുന്ന ആദ്യ സൂചനകളിലൊന്നാണിത്.

നവംബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സിനായി 199,000 അപേക്ഷകള്‍ ആണുണ്ടായിരുന്നത്. കോവിഡ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് രണ്ടു ലക്ഷത്തിന് താഴെ ക്ലെയിമുകള്‍ ലഭിക്കുന്നത്. കണക്കുകള്‍ പ്രകാരം അതിനു മുമ്പുള്ള ആഴ്ചയെ അപേക്ഷിച്ച് 71,000 അപേക്ഷകള്‍ കുറഞ്ഞു. 1969 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. 2020 മാര്‍ച്ച് 14 ന് 225,000 അപേക്ഷകളുണ്ടായിരുന്നു.

ഒക്ടോബറിലെ ഉപഭോക്തൃ ചെലവ് കാണിക്കുന്ന ഡാറ്റയും ഭേദപ്പെട്ട നിലയിലായിരുന്നു.ഗതാഗത മേഖലയില്‍ ഒഴികെ ഉപകരണങ്ങള്‍ക്കായുള്ള ബിസിനസ്സ് ഓര്‍ഡറുകളും ഉയര്‍ന്നുവരുന്നുണ്ട്. ഇതും സമ്പദ്വ്യവസ്ഥ ശക്തിപ്പെടുന്നതിനു തെളിവാണെന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചു. കയറ്റുമതി കുതിച്ചുയര്‍ന്നതോടെ കഴിഞ്ഞ മാസം ചരക്ക് വ്യാപാര കമ്മി കുത്തനെ കുറഞ്ഞതും ശുഭോദര്‍ക്കമാണ്.അതേസമയം, പൊതുവിപണിയില്‍ വിലകള്‍ ഉയര്‍ന്നു തന്നെ തുടരുന്നതു ജനങ്ങള്‍ക്കും ഭരണകൂടത്തിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. പണപ്പെരുപ്പം 31 വര്‍ഷത്തിനിടയിലെ ഏറ്റവും പരിതാപകരമായ നിലയിലാണ്.

'താങ്ക്‌സ് ഗിവിംഗ്' അവധിക്ക് മുമ്പുള്ള സാമ്പത്തിക മേഖലാ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്ത് വിദഗ്ധര്‍ കണക്കു കൂട്ടുന്നത്, നാലാം പാദ വളര്‍ച്ചാ എസ്റ്റിമേറ്റുകളിലെ പുരോഗതിയോടെ 8.6 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ രാജ്യത്തിനു കഴിയുമെന്നാണ്. സാമ്പത്തിക ഉത്പാദനം, ഓഹരി മൂല്യങ്ങള്‍, കോര്‍പറേറ്റ് ലാഭം തുടങ്ങിയവയിലെല്ലാം കുതിപ്പുള്ളതായി അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.