കത്തോലിക്കാ സഭ - ചരിത്ര വഴികളിലൂടെ (ഭാഗം -7)

കത്തോലിക്കാ സഭ - ചരിത്ര വഴികളിലൂടെ (ഭാഗം -7)

ഭാഗം - 7 : ഗാഗുൽത്തായിൽ സഭ ജന്മമെടുക്കുന്നു.

1. കുരിശിന്റെ വഴി ഗാഗുൽത്തായിൽ എത്തിച്ചേർന്നു. കഴിഞ്ഞ ഭാഗത്തു നമ്മൾ കണ്ട പാപങ്ങൾ വഹിക്കുന്ന കുഞ്ഞാടിനെ പോലെ നഗരത്തിനു പുറത്തേക്കു ഈശോ നയിക്കപ്പെട്ടു. ഹീബ്രൂവിൽ ഗാഗുൽത്താ എന്നും ലത്തീനിൽ കാൽവരി എന്നും പറയപ്പെടുന്ന സ്ഥലം. രണ്ടിന്റെയും അർത്ഥം ഒന്നു തന്നെ. തലയോട്ടികളുടെ ഇടം.

2. ഇവിടെ ഈശോയെ പട്ടാളക്കാർ ക്രൂശിക്കുന്നു. കുരിശു മുൻകൂട്ടി തയ്യാറാക്കിയതാണ്. അതിലെ ആണിപ്പഴുതുകളും അങ്ങിനെ തന്നെ. ഈശോയെ പരിപൂർണ നഗ്നനാക്കി കുരിശിൽ കിടത്തുന്നു. അമ്മയുൾപ്പെടെ മറ്റു സ്ത്രീകളുടെയും സാന്നിധ്യം. എത്ര വലുതായിരിക്കണം ആ ഹൃദയത്തിനേൽപ്പിച്ച മുറിവുകൾ! കുരിശിന്റെ ആണിപ്പഴുതുകളിലേക്ക് കൈകൾ വലിച്ചു നീട്ടുകയാണ്. ഈശോയുടെ തോൾപ്പൂട്ടു ബന്ധം വിച്ചേധിക്കപ്പെട്ട അവസ്ഥ; വേദന അതിന്റെ അത്യുച്ചാവസ്ഥയിൽ. കുരിശിൽ തറക്കപ്പെടുന്നതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. സുവിശേഷങ്ങളിലെ ആ ഭാഗങ്ങൾ വായിക്കുമ്പോൾ ചുരുക്കമായെങ്കിലും ആ വേദനയുടെ കാഠിന്യവും, എങ്ങിനെയാണ് ഈശോ പാപപരിഹാര കുഞ്ഞാടായി തീർന്നതെന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും.

3. രണ്ടു കള്ളന്മാരുടെ മദ്ധ്യേ അവർ ഈശോയെ തറയ്ക്കുന്നു. കുരിശിൻ ചുവട്ടിൽ നിൽക്കുന്ന ആളുകൾ ഇന്നത്തെ ലോകത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് - നിസ്സംഗത, ശത്രുത (പരിഹാസം), ആരാധനാ ഭാവം.

(i) ഈശോയുടെ മരണവേദനയുടെ മദ്ധ്യേയും ഈശോയുടെ വസ്ത്രത്തിനു വേണ്ടി കുറിയിടുകയും വീതം വക്കുകയും ചെയ്യുന്ന പട്ടാളക്കാർ. അവരെ സംബന്ധിച്ചിടത്തോളം ഇതു സാധാരണ സംഭവം. മറ്റു രണ്ടു കുറ്റവാളികളെ പോലെ തന്നെ മൂന്നാമനും. ക്രൂശിക്കപ്പെടുന്നവരുടെ വസ്ത്രങ്ങൾ ക്രൂശിക്കുന്നവർക്കുള്ള അവകാശമാണ്. ഒരൂ യഹൂദൻ എന്ന നിലയിൽ അഞ്ചു വസ്ത്രങ്ങളാണ് ഈശോ ധരിച്ചിരുന്നത്. തലപ്പാവ്, ചെരുപ്പ്, അരക്കെട്ട്, ധരിച്ചിരുന്ന നീളയങ്കി(ഉടുപ്പ്), മേലങ്കി. ഇതിൽ ആദ്യത്തേത് നാലും കുറിയിട്ടു ഓരോന്നെടുത്തു. അവർ നാലു പേരായിരുന്നല്ലോ.മേലങ്കി കീറിയാൽ ആർക്കും ഇല്ലാതെ പോകും. ആ മേലങ്കിയെ കുറിച്ചു സുവിശേഷം പറയുന്നതിപ്രകാരമാണ്. "അതാകട്ടെ, തുന്നലില്ലാതെ മുകൾ മുതൽ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു" (യോഹന്നാൻ 19:23) ഈ മേലങ്കിയെ കുറിച്ചുപറയപ്പെടുന്ന ചരിത്രം മാതാവ് തന്നെ ഈശോ പരസ്യജീവിതത്തിനു ഇറങ്ങി പുറപ്പെടുന്നതിനു മുമ്പ് സ്വന്തം കൈകൾ കൊണ്ടു തുന്നലില്ലാതെ മുകൾ മുതൽ അടിവരെ നെയ്തുണ്ടാക്കി മകന് സമ്മാനമായി നൽകിയ മേലങ്കിയായിരുന്നു അതു എന്നാണ്. എന്നാൽ, പറയാതെ പറയപ്പെടുന്ന ഒരു വലിയ രഹസ്യം കൂടി ആ മേലങ്കിയുടെ വിവരണം നമുക്ക് നൽകുന്നുണ്ട് എന്നാണ് ബൈബിൾ പണ്ഡിതന്മാർ പറയുന്നത് . ഈ പുറം കുപ്പായം മുഖ്യപുരോഹിതൻ ധരിക്കുന്ന പുറംകുപ്പായത്തിനു നല്കപ്പെട്ടിട്ടുള്ള വിവരണം തന്നെയാണ്. ലത്തീനിൽ പുരോഹിതനു പറയുന്നതു, 'pontifex'അതായതു പാലം പണിയുന്നവൻ എന്നാണ്, ദൈവത്തെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന പാലം പണിയുന്ന വ്യക്തി. ഈശോ കുരിശിലെ ബലി വഴി ആ പാലം പണിയുകയായിരുന്നു. മനുഷ്യ കുലത്തിന്റെ പാപങ്ങൾക്ക് പരിഹാരം ചെയ്തു നഷ്ടപ്പെട്ട ദൈവമനുഷ്യ ബന്ധം പുനസ്ഥാപിക്കുക ആയിരുന്നു. പ്രധാനപുരോഹിതനായും ബലിവസ്തുവുമായി ഈശോ സമർപ്പിച്ച കുരിശിലെ ഈ ബലി.

(ii) ഈശോയുടെ കുരിശിലെ സഹനം കണ്ടു നിന്നു സന്തോഷിച്ചവർ ഈ അവസരവും ഇശോയെ പരിഹസിക്കുവാനും നിന്ദിക്കുവനും വിനിയോഗിച്ചു. അത്ഭുതങ്ങൾ പ്രവർത്തിച്ചു കുരിശിൽ നിന്നും ഇറങ്ങി വരിക, എങ്കിൽ അവരും വിശ്വസിക്കും. അവർക്കറിയില്ലായിരുന്നു ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആധിക്യം. അവനെ രക്ഷിക്കാൻ വേണ്ടി ആ സ്നേഹം എന്തും സഹിക്കുമെന്നും തന്റെ ഏക പുത്രനെ തന്നെയാണ് പാപ പരിഹാര ബലിയായി നല്കപ്പെട്ടതെന്നുമുള്ള സത്യം അവർക്കറിഞ്ഞു കൂടായിരുന്നു. ദൈവപിതാവിന്റെ തിരുമനസ്സ് പൂർണമായി നിറവേറ്റാൻ വേണ്ടി, ആത്മബലി വഴി അനുസരണയുടെ പാനപാത്രം അവസാനത്തുള്ളി വരെ ആ പുത്രൻ പാനം ചെയ്യുകയായിരുന്നു എന്നും അവർ അറിഞ്ഞില്ല.

(iii) മൂന്നാമത്തെ കൂട്ടർ : ഈശോ ദൈവ പുത്രനാണെന്ന സത്യം വിളിച്ചുപറഞ്ഞ ശതാധിപനും പരിശുദ്ധ അമ്മയുടെ നേതൃത്വത്തിലുള്ള വിശുദ്ധരായ ഏതാനും പേരും. ഈശോയുടെ കുരിശിലെ പീഡകളെല്ലാം അവർ മനസ്സിൽ ഏറ്റെടുത്തു. ആ പീഡകളിൽ അവരും പങ്കാളികളായി, ഇശോയിൽ വിശ്വസിക്കുവാനിരിക്കുന്ന വലിയ ഒരു ജനസഞ്ചയത്തിന്റെ പ്രതിനിധികളായി, സാക്ഷികളായി അവർ അവിടെ നിലകൊണ്ടു. പരിശുദ്ധ അമ്മ തിരുക്കുമാരനോടൊപ്പം രക്ഷണീയകർമ്മത്തിൽ പങ്കുകൊള്ളുന്ന അനുഗ്രഹീത നിമിഷങ്ങൾ... 

4. ഇപ്പറഞ്ഞ മൂന്നു കൂട്ടരും നമ്മിൽ പലരിലൂടെയും ജീവിക്കുന്നു. കുരിശിനെ അവഹേളിക്കുന്നവർ, കൂദാശകളെ നിന്ദിക്കുന്നവർ, സഭയെയും സഭാസംവിധാനങ്ങളെയും പരിഹാസവിഷയങ്ങളാക്കുന്നവർ , പകർച്ചവ്യാധികളുടെ മദ്ധ്യേ ദൈവിക ഇടപെടൽ കണ്ടു വിശ്വാസം ഉറപ്പിക്കുവാൻ ശ്രമിക്കുന്നവർ; ഇവരുടെയെല്ലാം പ്രതീകങ്ങളാണ് കുരിശ്ശിൻ ചുവട്ടിൽ നാം കണ്ട മനുഷ്യർ.

5. കുരിശിൽ കിടന്നുകൊണ്ട് ഈശോ പറഞ്ഞ ഏഴു കാര്യങ്ങൾ നാലു സുവിശേഷങ്ങളിലുമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിലേക്കു മുഴുവനായി കടക്കുന്നില്ല. എങ്കിലും, ഈശോയുടെ മരണത്തിന്റെ അവസാന നിമിഷങ്ങളിൽ സംഭവിച്ച ചില കാര്യങ്ങളിലേക്ക് ആരാധനാ മനോഭാവത്തോടെ നമുക്കൊന്ന് കടന്നു ചെല്ലാം.

6. നാലു സുവിശേഷങ്ങളെയും നമ്മൾ താരതമ്യം ചെയ്യുമ്പോൾ, ഈശോയുടെ അന്ത്യ നിമിഷങ്ങളെ ഒരു വിജയ ഭേരിയുടെ തലത്തിലേക്കു വിശുദ്ധ യോഹന്നാൻ ഉയർത്തുന്നതായി നമുക്ക് കാണാൻ കഴിയും. ഈശോ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടു ജീവൻ വെടിഞ്ഞു എന്നു മൂന്നു സുവിശേഷങ്ങളും പറയുമ്പോൾ (മത്ത:27:50 മർക്കോ: 15:37, ലൂക്ക : 23:46) വിശുദ്ധ യോഹന്നാൻ പറയുന്നത് "എല്ലാം നിറവേറി " എന്നു പറഞ്ഞു തല ചായിച്ചു ഈശോ മരിച്ചു എന്നാണ്.(യോഹന്നാൻ 19 : 30). ദൗത്യം വിജയ പൂർവ്വം നിറവേറ്റിയതിന്റെ വിജയഭേരി; ആ സംതൃപ്തിയിൽ ആശ്വാസപൂർവം തല ചയ്ച്ചു ആത്മാവിനെ പിതാവിന്റെ തൃക്കരങ്ങളിൽ സമർപ്പിച്ചു. മനുഷ്യരക്ഷക്കു വേണ്ടിയുള്ള ഏകവും സനാതനവുമായ ബലി പൂർത്തിയായി.

7. വിശുദ്ധ യോഹന്നാൻ സാക്ഷ്യം നൽകുന്നു (യോഹന്നാൻ 19:34) "എന്നാൽ പടയാളികളിലോരുവൻ അവന്റെ പാർശ്വത്തിൽ കുന്തം കൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു" ഇവിടെ സഭ ഉത്ഭവിക്കുക ആയിരുന്നു, പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ. രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയെ കുറിച്ചുള്ള പ്രമാണ രേഖയിൽ പറയുന്നു"ക്രൂശിതനായ ഇശോനാഥന്റെ തിരുവിലാവിൽ നിന്നു നിർഗ്ഗമിച്ച രക്തവും വെള്ളവും സഭയുടെ ഉത്ഭവത്തിന്റെയും വളർച്ചയുടെയും പ്രതീകങ്ങളായിരുന്നു'. ഈ യാഥാർഥ്യം തന്നെയാണ് ക്രിസ്തുനാഥൻ മുൻകൂട്ടി അറിയിച്ചത്. "ഞാനോ ഭൂമിയിൽ നിന്ന് ഉയർത്തപ്പെട്ടു കഴിഞ്ഞാൽ സകല മനുഷ്യരേയും എന്റെ പക്കലേക്കു ആകർഷിക്കും" എന്നു...

അതേ പറ്റി അടുത്ത ആഴ്ചയിൽ നമുക്ക് ധ്യാനിക്കാം

കെ സി ജോൺ
കല്ലുപുരക്കൽ

കത്തോലിക്കാ സഭ ചരിത്ര വഴികളിലൂടെ; ഭാഗം - 6 വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26