കുരിശിലെ ബലി - ഒരു പശ്ചാത്തല പഠനം 1
1. ഈശോ കുരിശുമായി ഗാഗുൽത്താ മലമുകളിൽ എത്തിച്ചേർന്നു. ഇവിടെ നടക്കുന്നത് കുരിശിലെ പീഡാസഹനവും മരണവും മാത്രമല്ല, നിത്യമായ ഒരു പാപ പരിഹാരബലിയുമാണ്. ആ ബലിയുടെ വേദനകളിലേക്ക് കടക്കുന്നതിനു മുമ്പ് വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിൽ ഈ ബലിയുടെ പഴയനിയമ പശ്ചാത്തലം ചെറിയ തോതിലെങ്കിലും അറിഞ്ഞിരിക്കണം.അതിനുള്ള എളിയ പരിശ്രമമാണ് നടത്തുന്നത്.
2. വി. യോഹന്നാന്റെ സുവിശേഷം 1:29ൽ ഈശോ നടന്നു വരുന്നതു കണ്ടു സ്നാപക യോഹന്നാൻ ഈശോയെ അദ്ദേഹത്തിനു ചുറ്റും നിന്നിരുന്നവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് " എന്നാണ്. എന്തായിരിക്കും ഇതു കേട്ട ജനങ്ങളുടെ മനസ്സിലും പറഞ്ഞ യോഹന്നാന്റെ ചിന്തയിലും? ജനങ്ങൾക്ക് വേണ്ടി ആണ്ടു തോറും ബലി അർപ്പിക്കപ്പെട്ടുകൊണ്ടിരുന്ന കുഞ്ഞാടുകളുടെ ഓർമ. നമുക്കും പഴയ നിയമത്തിലൂടെ ആ കുഞ്ഞാടുകളുടെ ചരിത്രത്തിലേക്കു ഒരെത്തിനോട്ടം നടത്താം.
3. ഇസ്രായേൽ ജനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണു ഈജിപ്തിലെ അടിമത്വത്തിൽ നിന്നുമുള്ള മോചനവും ആ യാത്രയിൽ അവർക്കുണ്ടായ ദൈവനുഭവത്തിന്റ കഥകളും. ഈ അനുഭവങ്ങളുടെയെല്ലാം കേന്ദ്രബിന്ദു കുഞ്ഞാടായിരുന്നു. പ്രധാനമായും മൂന്നു അവസരങ്ങളിൽ ആയിരുന്നു ഈ അനുഭവങ്ങൾ ലഭിച്ചിരുന്നത് .
(i) പെസ്സഹാനുഭവം. പുറപ്പാട് പുസ്തകം 12ആം അധ്യായത്തിൽ ഈജിപ്തിൽ നിന്നും ഇസ്രായേൽ ജനം കടന്നു പോകേണ്ട രാത്രിയിൽ എന്തെല്ലാം ചെയ്യണം എന്നു മോശ വഴി ദൈവം ഇസ്രായേൽ ജനത്തെ അറിയിച്ചു. കുഞ്ഞാടിനെ കൊന്നു അതിന്റെ രക്തം ഇസ്രായേൽ ജനം വസിക്കുന്ന ഭവനങ്ങളുടെ കട്ടിള പടികളിൽ തളിക്കുക, ഇജിപ്തിലെ ഭവനങ്ങളെ സംഹാരദൂതൻ അവരുടെ ആദ്യജാതന്മാരെ വധിച്ചു കൊണ്ടു കടന്നു പോകുമ്പോൾ കുഞ്ഞാടിന്റെ രക്തം പുരട്ടപ്പെട്ടിട്ടുള്ള ഇസ്രായേൽ ജനം രക്ഷിക്കപ്പെടുന്നു. മാത്രമല്ല സാഹസപൂർണമായ ഒരു ദീർഘ യാത്രക്കുള്ള പുറപ്പാടാണ്, ശരീരത്തിന് ബലം വേണം, അതിനു വേണ്ടി ഈ കുഞ്ഞാടിന്റെ മാംസം ഭക്ഷിച്ചുകൊണ്ടു വേണം യാത്ര ആരംഭിക്കാൻ. അങ്ങിനെ പെസഹാക്കുഞ്ഞാട് ഇസ്രായേൽ ജനത്തിന്റെ വിമോചനത്തിന് കാരണമായി എന്നു മാത്രമല്ല അവർക്കു ലഭിച്ച ദൈവനുഭവത്തിന്റെ ആദ്യ അടയാളവുമായി.
ii) ഇസ്രായേൽ ജനത്തിന്റെ ദൈവാനുഭവത്തിന്റെ രണ്ടാമത്തെ അടയാളമാണ് ഉടമ്പടിയുടെ കുഞ്ഞാട്. ദൈവം സീനായ് മലയിൽ വച്ചു ജനത്തിന് പത്തു കല്പനകൾ നൽകുകയും അവരുമായി ഒരൂടമ്പടി സ്ഥാപിക്കുകയും ചെയ്തു. അവരെ ദൈവജനമാക്കി ഉയർത്തി. കല്പനകൾ പാലിച്ചാൽ നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും. ഇവിടെയും ഈ ഉടമ്പടി മുദ്രവയ്ക്കപ്പെട്ടത് ഒരു കുഞ്ഞാടിനെ കൊന്നു അതിന്റെ രക്തം ഉടമ്പടിയുടെ മേലും ജനങ്ങളുടെ മേലും തളിച്ചുകൊണ്ടും ദൈവമനുഷ്യ സ്നേഹബന്ധത്തിന്റെ അടയാളമായി അതിന്റെ മാംസം സ്നേഹവിരുന്നായി ഭക്ഷിച്ചു കൊണ്ടുമായിരുന്നു.
(iii) ഇസ്രായേൽ ജനതയുടെ ദൈവനുഭവത്തിന്റെ മൂന്നാമത്തെ അടയാളമാണ് പാപപരിഹാര കുഞ്ഞാട്. ഇതു നിരന്തരം ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്ന പാപപരിഹാര ബലിക്കുള്ള കുഞ്ഞാടാണ്. ദൈവവുമായുള്ള ഉടമ്പടി ഇസ്രായേൽ ജനം ലംഘിക്കാൻ തുടങ്ങി. അതായതു അവർ പ്രമാണങ്ങൾ ലംഘിച്ചു. പ്രമാണങ്ങളുടെ ലംഘനം പാപമാണ്. അതിനു പാപപരിഹാരബലി അനിവാര്യമായിത്തീർന്നു. ദൈവം ഒരു പാപപരിഹാരദിനം തന്നെ ഇസ്രായേൽ ജനതയ്ക്ക് കല്പിച്ചു നൽകി. മനുഷ്യൻ പാപം ആവർത്തിക്കുന്നു, അതിനാൽ പാപപരിഹാര ബലിയും ആവർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു.
ബലിയുടെ വിധി ഇപ്രകാരമായിരുന്നു. പാപപരിഹാര ദിനം ഇസ്രായേൽ ജനം സമാഗമ കൂടാരത്തിന്റെ മുമ്പിൽ ഒന്നിച്ചു കൂടുക, രണ്ടു ആട്ടിൻ കുട്ടികളെയും കൊണ്ടുവരണം. പ്രധാന പുരോഹിതൻ കുറിയിട്ടു ഒന്നിനെ കൊല്ലും. അതാണ് പാപപരിഹാര കുഞ്ഞാട്. അതിന്റെ രക്തം ഒരു കോപ്പയിൽ ശേഖരിച്ചു ബലിപീഠത്തിന്മേലും ജനങ്ങളുടെ മേലും തളിക്കും. പാപങ്ങൾ കഴുകി കളയുന്നതിന്റെ അടയാളമായി, മാംസം ദൈവാലയത്തിന് (സമാഗമാകൂടാരത്തിനു) വെളിയിൽ കത്തിച്ചു ചാമ്പലാക്കും, പാപം പൂർണമായി ഇല്ലാതാകുന്നതിന്റെ അടയാളം. രണ്ടാമത്തെ ആടിനെ ജനങ്ങളുടെ മദ്ധ്യേ നിറുത്തി അവർ അതിന്റെ തലയിൽ കൈകൾ വക്കുന്നു, ജനങ്ങളുടെ പാപമെല്ലാം ഈ മൃഗത്തിന്റെ മേൽ ആരോപിക്കപ്പെടുന്നു, അതിനു ശേഷം മുമ്പേതന്നെ ഒരുക്കി നിർത്തിയിരുന്ന ഒരുവൻ ആ ആടിനെ ദൂരെ വിജന പ്രദേശത്തു കൊണ്ടു വിടുന്നു. അവിടെ ക്രൂരമൃഗങ്ങൾ അതിന്റെ മേൽ ചാടിവീണു പിച്ചിചീന്തി കൊന്നു അതിന്റെ മാംസം ഭക്ഷിക്കുന്നു. ഈ ആടാണ് പാപങ്ങൾ വഹിക്കുന്ന കുഞ്ഞാട്.
4. ഹെബ്രായർക്കുള്ള ലേഖനം പത്താമത്തെ അധ്യായത്തിൽ ഈ ബലികളുടെ അപര്യാപ്തതകളെ കുറിച്ചു പറയുന്നുണ്ട്. അതു സ്ഥായിയായ പാപമോചനത്തിന് പര്യാപ്തമായിരുന്നില്ല എന്നു. അതു കൊണ്ടു എന്നന്നേക്കുമുള്ള ഏക ബലി അർപ്പിക്കുവാൻ പിതാവിന്റെ തീരുമാനപ്രകാരം ദൈവകുമാരൻ തന്നെ ഈശോ മിശിഹായിൽ മനുഷ്യനായി അവതരിച്ചു. മൂന്നു സുവിശേഷങ്ങളിലും പറയുന്നതുപോലെ അന്ത്യത്താഴ വേളയിൽ സ്വന്തം ശരീരരക്തങ്ങളുടെ പ്രതീകമായി അപ്പവും വീഞ്ഞും ശിഷ്യന്മാർക്ക് നൽകി കൊണ്ടു പറഞ്ഞതു പാപ പരിഹാരത്തിനുവേണ്ടി ചിന്തപ്പെടുന്ന രക്തവും മുറിക്കപ്പെടുന്ന ശരീരവുമെന്നാണ്. അതു പോലെതന്നെ സ്നേഹത്തിന്റെ പുതിയ ഉടമ്പടി മുദ്രവയ്ക്കുന്ന രക്തം, പാപത്തിന്റെ അടിമത്വത്തിൽ നിന്നും മാനവരാശിയെ വിമോചിപ്പിക്കുന്ന പെസഹാനുഭവവും. പഴയ നിയമത്തിൽ നാം കണ്ട മൂന്നു ബലികൾക്ക് വേണ്ടിയുള്ള ഏകകുഞ്ഞാടായി ഈശോ രൂപാന്തരപ്പെടുന്നു. ഈശോയുടെ ഈ ബലിയുടെ പ്രത്യേകത, അതു നിത്യമാണ്, ആവർത്തിക്കപ്പെടേണ്ടതല്ല, സർവോപരി ദൈവതിരുമനസ്സിന് വിധേയനായി പൂർണമായ അനുസരണയിൽ അർപ്പിച്ച ബലി: "അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം" [1 സാമു15:22)
ഈശോയുടെ കുരിശു മരണത്തിന്റെ പഴയ നിയമ പശ്ചാത്തലം കൂടുതൽ അറിയുവാൻ ജറമിയ 11:19, എശയ്യ 53 എന്നീ ഭാഗങ്ങൾ വായിച്ചു നോക്കുക. അടുത്ത ആഴ്ചയിൽ നമ്മുടെ പാപങ്ങൾ വഹിച്ച കുഞ്ഞാടായ ഈശോ ഗാഗുൽത്തായിൽ അർപ്പിച്ച ഏകവും സനാതനവുമായ ബലിയെക്കുറിച്ചു കാണാം.
✍ കെ സി ജോൺ കല്ലുപുരക്കൽ
കത്തോലിക്കാ സഭ, ചരിത്ര വഴികളിലൂടെ (ഭാഗം 5)
കത്തോലിക്കാ സഭ, ചരിത്ര വഴികളിലൂടെ (ഭാഗം 4)
കത്തോലിക്കാ സഭ, ചരിത്ര വഴികളിലൂടെ (ഭാഗം 3)
കത്തോലിക്കാ സഭ ചരിത്ര വഴികളിലൂടെ (ഭാഗം 2 )
കത്തോലിക്കാ സഭ ചരിത്രവഴികളിലൂടെ (ഭാഗം 1)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26