കാത്തോലിക്കാ സഭ ചരിത്രവഴികളിലൂടെ

കാത്തോലിക്കാ സഭ ചരിത്രവഴികളിലൂടെ

ഭാഗം : 4 - ഗാഗുൽത്തായിലേക്കുള്ള കുരിശു യാത്രയുടെ ഒരുക്കം  

ഈശോ സൈനികരുടെ കയ്യിൽ  

1. പീലാത്തോസിന്റെ ന്യായവിധിയുടെ രംഗം നമ്മൾ കണ്ടു. അതിഭയാനകമായ ചമ്മട്ടി അടിക്കു ശേഷം മൃതപ്രായനായി ഈശോ നിൽക്കുന്നു. പീലാത്തോസ് "ഇതാ മനുഷ്യൻ " എന്നു പറഞ്ഞു കൊണ്ടു ഈശോയെ ജനങ്ങളെ കാണിക്കുന്നു. "അവനെ ക്രൂശിക്കുക" എന്ന മുറവിളിയും അട്ടഹാസവും. അവസാനം അയാൾ വിധി വാചകം ഉച്ചരിക്കുന്നു "Ibis ad crucem" (ലത്തീൻ ഭാഷ -' നീ കുരിശ്ശിലേക്കു പോകുക 'എന്നു വാച്യാർത്ഥം ) 

2. "ഇവനുവേണ്ടി കുരിശുനിർമ്മിക്കുക" എന്ന കല്പനയോടെ കുറ്റവാളിയെ പട്ടാളക്കാർക്ക് കൈമാറുന്നു. കുരിശു നിർമ്മിക്കപ്പെടുന്ന സമയം വരെ ഇയാൾ പട്ടാളക്കാരുടെ കൈകളിലെ പാവയാണ്. അവർക്കു അവരുടേതായ വിനോദങ്ങൾക്ക് കുറ്റവാളിയെ വിധേയനാക്കാം. ഈ അവസ്ഥയിലാണ് ഈശോയെ അവർ രാജാവാക്കി, ഞാങ്ങണ പിടിപ്പിച്ചതും രാജകീയകിരീടമായി മുൾമുടി ധരിപ്പിച്ചതും. 

3. നൂറു കണക്കിന് , ബലമുള്ള കൂർത്ത മുള്ളുകൾ ആണ് ആ ശിരസ്സിലേക്ക് അടിച്ചു കയറ്റുന്നത് . ഈശോ അനുഭവിച്ച വേദനയുടെ കാഠിന്യം വളരെ വലുതാണ്. കുരിശുമരണത്തിൽ ഒരുവൻ അനുഭവിക്കേണ്ടുന്ന വേദന മുന്നിൽ കണ്ടു കൊണ്ടു സിസ്സിറോ (Cicero) ഇപ്രകാരം പറയുന്നു "ദി മോസ്റ്റ് ക്രുവെൽ ആൻഡ് ഹൊറിഫയിങ് ഡെത്‌ " (ഏറ്റവും ക്രൂരവും ഭയാനകവുമായ മരണം)  

4. ഇശോയെ പരിഹസിക്കാൻ വേണ്ടിയാണു രാജാവാക്കി മുൾമുടി ധരിപ്പിച്ചതെന്നു നമുക്കറിയാം . എന്നാൽ ഒരു സനാതന സത്യം , ഈ പ്രപഞ്ചത്തിന്റെ നിത്യനായ ഏക രാജാവാണ് ഈശോ എന്ന കാര്യം , അവർ അറിയാതെ തന്നെ പ്രഘോഷിക്കുകയായിരുന്നു. ഈശോയുടെ പീഡാസഹനങ്ങളിൽ സൈനികരുടെ പരിഹാസ്യ പ്രവർത്തികൾ ശരീരത്തെ അത്യധികം വേദനിപ്പിച്ചു എന്നുള്ളത് ശരിയാണ്, എന്നാൽ മനസ്സിനെ വലിയ മുറിവേല്പിച്ചില്ല കാരണം പട്ടാളക്കാർ ഇശോയോട് ചെയ്തതൊന്നും പ്രത്യേക വിദ്വേഷം കൊണ്ടായിരുന്നില്ല. അവരുടെ മുന്നിൽ വരുന്ന ഏതൊരു കുറ്റവാളിയെയും പോലെ ഒരു കുറ്റവാളി;അവർ അവരോടു ചെയ്യുന്നതു പോലെ ഇശോയോടും ചെയ്തു; അത്രമാത്രം. ഈ ഒരു യാഥാർഥ്യം ഇന്നത്തെ സഭാമക്കളുടെ പരിചിന്തനത്തിന് വരുന്നത് നന്നായിരിക്കും. ഇന്നു നമ്മുടെ വിശ്വാസവും സഭയും ,ക്രൂര വിമർശനങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും വിധേയമാകുമ്പോൾ സഭാമക്കളുടെ അതിലുള്ള പങ്കു ചേരൽ ഇശോയ്ക്കു എത്രമാത്രം ഹൃദയഭേദകമായിരിക്കും. സഭാമക്കൾ ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും. ഇന്നു നമുക്കെതിരെ ഉണ്ടാകുന്ന പരിഹാസ്യങ്ങൾ ഈശോ അനുഭവിച്ച പരിഹാസ്യങ്ങളുടെ ഭാഗവും തുടർച്ചയുമാണ് . ഈ പരിഹാസ്യം ഈശോയിൽ ആരംഭിച്ച് ആദിമസഭയിലൂടെ തുടർന്ന് നമ്മിൽ എത്തിച്ചേർന്നിരിക്കുന്നതാണ്. റോമിലെവിടെയോ ഇന്നും , ഒരു ഭിത്തിയിൽ ഒരു കഴുതയുടെ മുന്നിൽ മുട്ട് കുത്തിനിൽക്കുന്ന ഒരാളുടെ ചിത്രവും "ക്രിസ്ത്യാനി അവന്റെ ദൈവത്തെ ആരാധിക്കുന്നു " എന്ന അടിക്കുറിപ്പും ഉള്ളതായി എവിടെയോ വായിച്ചതായി ഓർക്കുന്നു.  

5. കുരിശുമായുള്ള യാത്രയുടെ ക്രമം ഇപ്രകാരമാണ്. കുറ്റവാളിക്കു വേണ്ടി നിർമ്മിച്ച കുരിശു അയാളുടെ തോളിൽ വെച്ചു കൊടുക്കുക, നാലു പട്ടാളക്കാരുടെ സുരക്ഷിത വലയത്തിന് നടുവിൽ അയാളെ ബന്ധിതനായ നിലയിൽ നിർത്തുന്നു. കുറ്റപത്രം എഴുതിയ പ്ലാകാർഡും വഹിച്ചു ഒരു പട്ടാളക്കാരൻ മുമ്പേ നടക്കുന്നു. ഒരു നീണ്ട പ്രദക്ഷിണം , ഏറ്റവും ദൈർഘ്യം കൂടിയ യാത്ര, അതിന്റെ ലക്ഷ്യം, എത്രയധികം ജനങ്ങളെ കാണിക്കാൻ കഴിയുമോ അത്രയധികം ജനങ്ങളെ കാണിക്കുക . കുറ്റം ചെയ്താലുള്ള ശിക്ഷയുടെ കാഠിന്യം എല്ലാവരും മനസ്സിലാക്കണം. അങ്ങിനെ കുറ്റങ്ങൾ ആവർത്തിക്കപ്പെടരുത്. 

6. ഈശോയുടെ കാര്യത്തിലും ഈ ക്രമം തന്നെ അവർ പാലിച്ചു. ഈശോയെക്കെതിരെയുള്ള കുറ്റപത്രം എഴുതിയ പ്ലാകാർഡ് പിടിച്ചു ഒരു പട്ടാളക്കാരൻ.കുറ്റ പത്രമാകട്ടെ "യൂദൻമാരുടെ രാജാവ്" എന്നതും . ഈ കുറ്റപത്രത്തെ പറ്റി യഹൂദർ ഉയർത്തിയ വിവാദം നമുക്കറിയാം. ഒരു സമ്മർദ്ദത്തിനും വഴങ്ങാത്ത പീലാത്തോസ് "എഴുതിയത് എഴുതി " എന്നു പറയുവാനുള്ള ധൈര്യം ഇവിടെ കാണിക്കുന്നു.  

ഗാഗുൽത്തായിലേക്കുള്ള ഈശോയുടെ കുരിശിന്റെ വഴിയേക്കുറിച്ചും അതിനിടെ കണ്ടു മുട്ടുന്ന ചില വ്യക്തികളെയും സംഭവങ്ങളെയും കുറിച്ചും അടുത്ത ആഴ്ചയിൽ.  

കെ സി ജോൺ, കല്ലുപുരക്കൽ 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.