ഭാഗം - 5 : ഈശോയുടെ ഗാഗുൽത്തായിലേക്കുള്ള കുരിശിന്റെ വഴി (തുടർച്ച )
1. കുരിശും വഹിച്ചു കൊണ്ടുള്ള ഈശോയുടെ യാത്ര ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ഭാഗത്തു പറഞ്ഞിരുന്നതു പോലെ കുറ്റ പത്രം എഴുതിയ പ്ലാക്കാർഡും പിടിച്ചു ഒരു പട്ടാളക്കാരൻ മുൻപിൽ. മറ്റു നാലു പട്ടാളക്കാരുടെ മധ്യത്തിൽ ഈശോ. വളരെ ഭാരമുള്ള കുരിശു അവിടുത്തെ തോളിൽ. ഏറ്റവും ദൈർഘ്യമുള്ള വഴി തെരഞ്ഞെടുത്തിരിക്കുന്നതിന്റെ കാരണം കഴിഞ്ഞ ഭാഗത്തു നാം കണ്ടതാണ്.
2. കുരിശിന്റെ വഴിയേ കുറിച്ചു ധ്യാനിക്കുന്നവരാണ് നാം. അതു കൊണ്ടു വഴിയിലെ ഈശോയുടെ അനുഭവങ്ങളെ കുറിച്ചു കൂടുതൽ ഇവിടെ വിശദീകരിക്കുന്നില്ല. എങ്കിലും കുരിശിന്റെ വഴിയിൽ നടന്ന രണ്ടു കാര്യങ്ങളെ കുറിച്ചു അല്പം വിശദമായി തന്നെ നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. ശരീരമാസകലം മുറിവ്, രക്തം വാർന്നു പോയ്കൊണ്ടിരിക്കുന്നു. കുരിശു വഹിക്കാൻ ഇശോയ്ക്കു ശക്തിയില്ല. മുന്നോട്ടുള്ള യാത്ര അസ്സാധ്യം . ഈ രീതിയിൽ ഇശോയെ ജീവനോടെ ഗാഗുൽത്തായിൽ എത്തിക്കുവാൻ കഴിയുകയില്ല എന്നു മനസ്സിലാക്കിയ ശതാധിപൻ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിക്കുന്നു. വഴിയേ പോയ ഒരുവനെ നിർബന്ധപൂർവ്വം ഈശോയുടെ കുരിശു വഹിക്കാൻ നിയോഗിക്കുന്നു. പലസ്തീന റോമിന്റെ അധീനതയിലുള്ള രാജ്യമാണ്. ആരെയും എന്തു ജോലിക്കും നിയോഗിക്കാൻ റോമൻ പട്ടാളക്കാർക്ക് അധികാരമുണ്ട്, ആളുകൾ അനുസരിച്ചേ മതിയാകൂ. കുരിശു വഹിക്കാൻ നിയോഗിക്കപ്പെട്ട ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദൗർഭാഗ്യകരവും പ്രതിഷേധകരവും ആണ് അത് . കാരണം, ജീവിതകാലം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്, ജെറുസലേമിൽ ഒരു പെസ്സഹാ ഭക്ഷിക്കുവാൻ. അതിനാണ് പട്ടാളക്കാർ തടസം നിന്നിരിക്കുന്നത്. മാത്രമല്ല ഒരു കൊടും കുറ്റവാളിയുടെ കുരിശു വഹിക്കാനും ഇടയാക്കിയിരിക്കുന്നു. എങ്ങിനെയെങ്കിലും ആ കുരിശ് ഗാഗുൽത്തായിൽ കൊണ്ട് ചെന്നു വലിച്ചെറിഞ്ഞു രക്ഷപെടണം. ആ കുറ്റവാളിയോട് വെറുപ്പും പട്ടാളക്കാരോട് അമർഷവും തോന്നിയെങ്കിലും കുരിശു വഹിച്ചേ പറ്റു. അങ്ങനെ നിവൃത്തിയില്ലാതെ ശിമയോൻ ആ കുരിശു വഹിക്കുന്നു .
3. എന്നാൽ കുരിശും വഹിച്ചു ഈശോയോടൊപ്പം നടന്നു നീങ്ങിയ ശീമയോന് ഗാഗുൽത്തായിൽ ചെന്നപ്പോൾ എന്തോ മാറ്റം ഉണ്ടായി. വേദപുസ്തകം അതിനെപ്പറ്റി അപ്പോൾ ഒന്നും പറയുന്നില്ല. എന്നാൽ വരികൾക്കിടയിൽക്കൂടി വായിച്ച ബൈബിൾ വ്യാഖ്യാതാക്കൾ പല മാറ്റങ്ങളും അദ്ദേഹത്തിൽ കണ്ടു. അതെന്താണ് എന്നു നമുക്കും ഒന്ന് മനസിലാക്കാം, എങ്കിലേ ഈശോയുടെ കുരിശിന്റെ യഥാർത്ഥ മഹത്വം മനസ്സിലാകുകയുള്ളു.
4. ശിമയോന് വന്ന മാറ്റത്തെക്കുറിച്ചറിയാൻ ആദ്യമായി നമുക്ക് മർക്കോസിന്റെ സുവിശേഷത്തിലേക്കു ഒന്ന് നോക്കാം. ഈശോയുടെ മരണത്തിനു ഏകദേശം 30-32 വർഷങ്ങൾക്കു ശേഷമാണ് മർക്കോസ് സുവിശേഷം എഴുതുന്നതു. റോമിലെ സഭക്ക് വേണ്ടിയാണു സുവിശേഷം എഴുതിയതു എന്നാണ് പറയപ്പെടുന്നത് .
5. മറ്റു സുവിശേഷകന്മാരെല്ലാം ഈശോയുടെ കുരിശു വഹിക്കാൻ നിർബന്ധിതനായ വ്യക്തിയെ കിറേനേക്കാരൻ ശിമയോൻ എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ മാർക്കോസ് മക്കളുടെ പേര് പറഞ്ഞാണ് ശിമയോനേ പരിചയപ്പെടുത്തുന്നത്. മർക്കോസ് 15:21 ൽ പറഞ്ഞിരിക്കുന്നതു, അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനേക്കാരൻ ശിമയോൻ എന്നാണ്. അതു കാണിക്കുന്നത് സുവിശേഷം എഴുതപ്പെട്ട കാലം വന്നപ്പോൾ റോമിലെ സഭയിലെ അറിയപ്പെടുന്നവരും പ്രധാനികളും ആയിരുന്നു അവർ എന്നാണല്ലോ. ഇനിയും അപ്പസ്‌തോല പ്രവർത്തനം 13:1 ൽ , അന്ത്യോക്യായിലെ സഭയിലെ പ്രധാനികളെപ്പറ്റി പറയുന്നവരുടെ കൂട്ടത്തിൽ നീഗർ എന്നു വിളിക്കപ്പെടുന്ന ശിമയോനെപ്പറ്റി പറയുന്നു. നീഗർ എന്നു പറയുന്നത് ഇരുണ്ട നിറമുള്ള ആഫ്രിക്കക്കാരെ ആണ്. ഈശോയുടെ കുരിശു വഹിച്ച അതേ ശിമയോൻ തന്നയാണ് അന്ത്യോക്യയിലെ സഭയുടെ നേതൃ നിരയിൽ ഇന്നു നാം കാണുന്ന നീഗർ ശിമയോൻ. റോമാ 16:13 ൽ പൗലോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നതും ശ്രദ്ധേയമാണ്. കർത്താവിൽ തെരഞ്ഞെടുക്കപ്പെട്ട റൂഫസിനും അവന്റെ അമ്മയ്ക്കും വന്ദനം പറയുവിൻ, അവൾ എന്റെയും അമ്മയാണ്. ഈശോയുടെ കുരിശു ശിമയോനു വരുത്തിയ മാറ്റം! മനസ്സില്ലാമനസോടെയും അതിനു നിർബന്ധിച്ചവരെ ശപിച്ചും കുറ്റവാളിയെ വെറുത്തും കുരിശുവഹിച്ചു , ഗാഗുൽത്തായിൽ എത്തി ശിമയോനും കുടുംബവും. ആ ശിമായോന്റെ ഭാര്യയെ , സ്വന്തം അമ്മ എന്നു വരെ പൗലോസ് സ്ലീഹാ വിശേഷിപ്പിക്കുന്ന വിധത്തിൽ, ആ കുടുംബാംഗങ്ങൾ റോമിലെ സഭയുടെ നെടുംതൂണുകളായി മാറിയിരിക്കുന്നു. ശിമയോൻ തന്നെ അന്ത്യോക്യയിലെ സഭയുടെ പ്രചാരകനും വിജാതിയരുടെ ഇടയിലേക്ക് സുവിശേഷ ത്തിന്റെ വാഹകനുമായി രൂപാന്തരപ്പെടുന്ന അത്ഭുതപ്രതിഭാസം ആണ് ഇവിടെ കാണുന്നത് .
6. വി.മർക്കോസിന്റെ സുവിശേഷം 13:14-20 വാക്യങ്ങളിൽ ജെറുസലേമിനെ കുറിച്ചുള്ള ഈശോയുടെ വിലാപം നാം വായിക്കുന്നു. അവസാന നിമിഷവും കുരിശിന്റെ ഭാരത്തിൻ കീഴിൽ നടക്കുമ്പോഴും, വരാനിരിക്കുന്ന ആ ഭീകര സംഭവങ്ങൾ ഇശോയെ ആസ്വസ്ഥാനക്കുന്നു. ഈശോയുടെ പീഡാനുഭവ യാത്ര കണ്ടു കരയുന്ന സ്ത്രീകളോട് അനുകമ്പ തോന്നി ഈശോ നൽകുന്ന മുന്നറിയിപ്പ് ആദ്യം നൽകിയ മുന്നറിയിപ്പിന്റെ തുടർച്ചയാണ്.
7. AD 70 ൽ ആയിരുന്നു ജെറുസലേമിന്റെ പൂർണമായ നാശവും ഇസ്രായേൽ എന്ന രാജ്യം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായതും. ടൈറ്റസിന്റെ നേതൃത്വത്തിൽ റോമൻ സൈന്യം ജെറുസലേം വളഞ്ഞു. ഈ അവസരത്തിൽ ഈശോ നൽകിയിരുന്ന മുന്നറിയിപ്പ് (മാർക്കോസ13 : 14-20) അവഗണിച്ചു, നാട്ടിൻ പുറത്തുനിന്നും ജനങ്ങൾ ഭയവിഹ്വലരായി ഓടികൂടിയത് ജെറുസലെമിലേക്കായിരുന്നു. ടൈറ്റസ് ജറുസലേം വളഞ്ഞു. ജോസഫ്സ് (യഹൂദ ചരിത്രകാരൻ ) 'ദി വാർസ് ഓഫ് ദി ജൂസ്' എന്ന പുസ്തകത്തിൽ ആ സംഭവം ഹൃദയഭേദകമായ വിധം രേഖപ്പെടുത്തിയിരിക്കുന്നു . ഭക്ഷണവും വെള്ളവും ഉൾപ്പെടെ എല്ലാം തടഞ്ഞു. 97,000 പേരെ അടിമകളാക്കി. പതിനൊന്നു ലക്ഷം പേർ ദാരിദ്ര്യം മൂലവും വാളുകൾ മൂലവും മരിച്ചു വീണു. ദാരിദ്ര്യം കുടുംബങ്ങളെ ക്രമേണ കാർന്നു തിന്നു. അതിന്റെ ഭയാനകത അവിശ്വസനീയമായി നമുക്ക് അനുഭവപ്പെടും . പച്ച പുല്ലിനും വള്ളികൾക്കും വേണ്ടി മനുഷ്യർ ഓടി , ആർക്കും ഒന്നും കിട്ടിയില്ല. ഓടുന്ന വഴി തന്നെ മരിച്ചു വീഴുന്നു. മാരിച്ചവരെ അടക്കം ചെയ്യാൻ കഴിയുന്നില്. അങ്ങനെ ചെയ്യാൻ പരിശ്രമിക്കുന്നവർ തന്നെ വീണു മരിക്കുന്നു. വിശപ്പിന്റെ രൗദ്രഭാവം പലരേയും മാലിന്യക്കൂമ്പാരങ്ങളിലേക്ക് നയിച്ചു, അതിൽ നിന്നും ചാണകം പോലുള്ള മാലിന്യങ്ങൾ ഭക്ഷിച്ചു, വേറെ ചിലർ തോൽ ചെരുപ്പുകളും അതിന്റ വാറുകളും കടിച്ചു ഈമ്പിക്കൊണ്ടിരുന്നു.
8. ജെറുസലേമിന്റെ നാശത്തിന്റെ ചരിത്രം കൂടുതൽ വിവരിക്കുന്നില്ല. ഭീകര ദുരിതങ്ങളുടെ കാലത്തെ പറ്റിയുളള പ്രവചനത്തെ ഇത്ര കഠിനമായ വേദനകളുടെ മദ്ധ്യേയും അവിടുന്ന് ഓർക്കുന്നു. പക്ഷെ ഈശോ നൽകിയ മുന്നറിയിപ്പ് അവഗണിച്ചു അവർ പ്രവർത്തിക്കുന്നു. സങ്കടകരമായ ഒറ്റ വാചകത്തിൽ പിന്നീടുള്ള ഇസ്രായേലിന്റെ ചരിത്രത്തെ നമുക്ക് ചുരുക്കാം; ഇസ്രായേൽ എന്ന രാജ്യം ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു. മാതൃരാജ്യം ഇല്ലാത്ത ഒരു ജനതയായി യഹൂദർ ലോകം മുഴുവൻ ചിതറേണ്ടി വന്നു. 19 നൂറ്റാണ്ടു കാലം , അതായതു രണ്ടാം ലോകമഹായുദ്ധതിനു ശേഷം , സഖ്യ കക്ഷികൾ ഇന്നത്തെ ഇസ്രായേലിനു രൂപം നൽകുന്നത് വരെ ആ അവസ്ഥ തുടർന്നു.
നമുക്ക് കുരിശിന്റെ വഴിയിലേക്ക് തിരിച്ചു വരാം . അങ്ങിനെ മരണ പ്രായനായ ഈശോ ഗാഗുൽത്തായിൽ എത്തിച്ചേർന്നു. ഗാഗുൽത്തായിൽ നടന്ന സംഭവങ്ങളെക്കുറിച്ചും ഈശോയുടെ കുരിശു മരണത്തെ കുറിച്ചും അടുത്ത ആഴ്ചയിൽ നമുക്ക് ധ്യാനിക്കാം.
✍ കെ സി ജോൺ
കല്ലുപുരക്കൽ
മറ്റ് ഭാഗങ്ങൾ വായിക്കുവാനായി താഴെ ലിങ്ക് നോക്കുക
കത്തോലിക്കാ സഭ, ചരിത്ര വഴികളിലൂടെ (ഭാഗം 4)
കത്തോലിക്കാ സഭ, ചരിത്ര വഴികളിലൂടെ (ഭാഗം 3)
കത്തോലിക്കാ സഭ ചരിത്ര വഴികളിലൂടെ(ഭാഗം2 )
കത്തോലിക്കാ സഭ ചരിത്രവഴികളിലൂടെ (ഭാഗം 1)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.