കത്തോലിക്കാ സഭ, ചരിത്ര വഴികളിലൂടെ (ഭാഗം 3)

കത്തോലിക്കാ സഭ, ചരിത്ര വഴികളിലൂടെ (ഭാഗം 3)

ഭാഗം-3 : ഈശോയുടെ കുരിശു മരണം (തുടർച്ച)

1. ഈശോ പിലാത്തോസിന്റെ മുൻപിൽ .

തിന്മ പ്രവർത്തിക്കുന്നതിൽ ഭൂരിപക്ഷം എങ്ങനെ വിജയിക്കുന്നു എന്നും അതു പോലെ തന്നെ ഒരുവന്റെ ഭൂതകാല ദുർവൃത്തികൾ അവന്റെ വർത്തമാനകാല തീരുമാനങ്ങളെ എങ്ങിനെ തെറ്റായി സ്വാധീനിക്കുമെന്നും ഈശോയുടെ വിചാരണ വെളിപ്പെടുത്തുന്നു. ഇവിടെ പീലാത്തോസ് എത്ര ചഞ്ചലചിത്തനായിരുന്നു എന്നു സുവിശേഷങ്ങൾ നമുക്ക് വെളിപ്പെടുത്തി തരുന്നു. ഈശോ തെറ്റുകാരനല്ല എന്നു പീലാത്തോസിനു വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും ജനങ്ങളുടെ അന്യായമായ ആവശ്യങ്ങൾ അനുവദിച്ചുകൊടുക്കാൻ അദ്ദേഹം നിർബന്ധിതനായി, എന്തുകൊണ്ട്?

2. ഗവർണർ എന്നനിലയിൽ പല തെറ്റുകളും പീലാത്തോസിന്റെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. റോമിന്റെ നീതിന്യായ വ്യവസ്ഥ വളരെ ശക്തവും നിഷ്പക്ഷവുമായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ റോമിലേക്ക് വിളിച്ചു ചക്രവർത്തി ശാസിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇനിയും ഒരു പരാതി റോമിലേക്ക് പോയാൽ സ്ഥാനം പോയതു തന്നെ. അതുകൊണ്ട് ഇവൻ സീസറിന് കപ്പം കൊടുക്കേണ്ട എന്നും ,സ്വയം രാജാവാണെന്നു പറഞ്ഞു എന്നുമൊക്കെയുള്ള യഹൂദ പ്രമാണിമാരുടെ കുറ്റാരോപണത്തിനും, രാജ്യദ്രോഹ കുറ്റമായി കരുതി, ഇശോയ്ക്ക് കുരിശു മരണം നൽകണമെന്ന ജനങ്ങളുടെ ആക്രോശത്തിനും പീലാത്തോസിനു വഴങ്ങേണ്ടി വന്നു. ബറാബ്ബാസിനെ വിട്ടു കൊടുത്തു, ഇശോയെ കുരിശുരണത്തിന് വിധിക്കുകയും ചെയ്തു. അവസാനം കുറ്റബോധത്തോടെ കൈകൾ കഴുകി നിരപരാധി ചമഞ്ഞു . ഈ പീലത്തോസും യഹൂദജനങ്ങളും ഇന്നും നമ്മിൽ പലരിലൂടെയും ജീവിക്കുന്നു.

3. ചമ്മട്ടി അടി.

ക്രൂശിക്കലിന്റെ അവിഭാജ്യ ഘടകം ആണ് ചമ്മട്ടി അടി. അതി ക്രൂരവും ഭീകരവുമായ ഒരു ശിക്ഷ. നാലു അടിയാണ് കൽത്തൂണിന്റെ ഉയരം. കുറ്റവാളിയെ അതിനോട് ചേർത്ത് ബന്ധിക്കുന്നു. കുനിഞ്ഞു നിൽക്കുന്ന അവസ്ഥ, ഓരോ അടിയും കൃത്യമായി അയാളുടെ മേൽ പതിക്കാൻ വേണ്ടിയാണ് അത്.

4. ചമ്മട്ടികൾ മിക്കവാറൂം തോൽവാറുകൾ ആണ് .

ഓരോ തോൽവാറിലും വിവിധ സ്ഥലങ്ങളിൽ ദ്വാരങ്ങൾ. ആ ദ്വാരങ്ങളിലെല്ലാം കൂർത്ത എല്ലിൻ കഷണങ്ങളോ ലോഹകഷണങ്ങളോ തിരുകിക്കയറ്റി ഉറപ്പിച്ചിരിയ്ക്കും. ഓരോ അടി അടിക്കുമ്പോഴും കൂർത്ത വസ്തുക്കൾ കുറ്റവാളിയുടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ തുളച്ചു കയറും. ചമ്മട്ടി തിരികെ വലിക്കുമ്പോൾ മാംസം കീറിയും ഞരമ്പുകൾ പൊട്ടിച്ചുമായിരിക്കും അതു തിരിച്ചു വരുന്നത്. ഇങ്ങിനെയുള്ള 40 അടികൾ. അപ്പോഴേക്കും ശരീരം കീറിമുറിഞ്ഞിട്ടുണ്ടാവും . പലരും ആ സമയം കൊണ്ടു മരിച്ചിരിക്കും . ചുറ്റിപ്പിടിക്കുന്ന ചമ്മട്ടിയുടെ ലോഹകഷണങ്ങൾ കണ്ണിൽ ഉടക്കി കണ്ണു പൂർണമായി പിഴുതു പോരുന്ന അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ് ഇവയൊക്കെ. ഈ ശിക്ഷ കഴിയുമ്പോൾ ജീവനോടെ ഇരിക്കുന്നു എങ്കിൽ പലരും ആ സമയം കൊണ്ടു ഭ്രാന്തന്മാരായി തീർന്നിരിക്കും. കൽത്തളം അറവുശാലയുടെ തറപോലെ ആയിട്ടുണ്ടാവും , ചിന്നിച്ചിതറി കിടക്കുന്ന മാംസകഷണങ്ങളും തളംകെട്ടി കിടക്കുന്ന രക്തവും. ഇതാണ് ചമ്മട്ടി അടി, കുരിശിൽ തറയ്ക്കുന്നതിനു മുമ്പുള്ള ശിക്ഷ.

ഈ ശിക്ഷയാണ് ഇശോയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നത്, കുരിശിലേക്ക് ആനയിക്കപ്പെടുന്നതിനു മുമ്പ്. എന്തായിരുന്നു ഈശോയുടെ കുരിശുമരണവും അതോടനുബന്ധിച്ചുള്ള പീഡനങ്ങളും എന്നു മനസ്സിലാക്കാനാണ് അല്പം ദീർഘമായി ഇതു പ്രതിപാദിച്ചത് .

മുൾമുടി ധാരണത്തെ കുറിച്ചും ഗാഗുൽത്തായിലേക്കുള്ള കുരിശിന്റെ വഴിയേ കുറിച്ചും ഉള്ള ധ്യാനം അടുത്ത ആഴ്ചയിൽ. സഭയുടെ ചരിത്രം ആരംഭിക്കുന്നത് ഗാഗുൽത്തായിലെ കുരിശിൻ ചുവട്ടിലാണ്.

അതുകൊണ്ടാണ് കുരിശിനെക്കുറിച്ചും ഈശോയുടെ കുരിശുമരണത്തെ കുറിച്ചും ആദ്യമായി പ്രതിപാദിക്കാം എന്നു കരുതിയത്.

കെ സി ജോൺ, കല്ലുപുരക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.