ദക്ഷിണാഫ്രിക്കയില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ദക്ഷിണാഫ്രിക്കയില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി. ഈ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.

ജീനോമിക് സീക്വന്‍സിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകള്‍ രേഖപ്പെടുത്തിയതായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി) പ്രസ്താവനയില്‍ പറഞ്ഞു. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകള്‍ കൂടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വളരെ കുറച്ചുപേരില്‍ മാത്രമാണ് നിലവില്‍ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ചുവരികയാണെന്ന് എന്‍ഐസിഡി അറിയിച്ചു.

പുതിയ വകഭേദത്തെക്കുറിച്ച്‌ ലഭ്യമായ വിവരങ്ങള്‍ പരിമിതമാണെങ്കിലും ഈ വകഭേദത്തിനെക്കുറിച്ചും ഇത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസിലാക്കാന്‍ തങ്ങളുടെ വിദഗ്ധര്‍ രാവും പകലും കഠിനമായി പ്രയത്‌നിക്കുകയാണെന്ന് എന്‍ഐസിഡിയിലെ പ്രഫസര്‍ അഡ്രിയാന്‍ പുരെന്‍ അറിയിച്ചു.

ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നോ ഈ പ്രദേശങ്ങള്‍വഴിയോ യാത്രചെയ്യുന്ന രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ച നാല് വകഭേഗങ്ങളില്‍ ഒന്നാണ് ബീറ്റ. വാക്‌സിനുകള്‍ ഈ വകഭേദത്തിനെതിരേ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം രാജ്യത്ത് സി.1.2 എന്ന മറ്റൊരു വകഭേദം കണ്ടെത്തിയിരുന്നു.

ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് ദക്ഷിണാഫ്രിക്കയിലാണ്. ഏകദേശം മുപ്പത് ലക്ഷത്തോളം കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.