ഒമിക്രോണ്‍; ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഓസ്ട്രേലിയയില്‍ വിലക്ക്

ഒമിക്രോണ്‍; ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഓസ്ട്രേലിയയില്‍ വിലക്ക്

കാന്‍ബറ: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ 'ഒമിക്രോണ്‍' ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രാജ്യാന്തര യാത്രകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ള ഓസ്ട്രേലിയന്‍ പൗരന്മാരല്ലാത്ത യാത്രക്കാര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

ദക്ഷിണാഫ്രിക്കയ്ക്കു പുറമേ നമീബിയ, സിംബാബ്വെ, ബോട്സ്വാന, ലെസോത്തോ, എസ്വാറ്റിനി, സീഷെല്‍സ്, മലാവി, മൊസാംബിക് എന്ന് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളത്. ഇതില്‍ ഏതെങ്കിലും രാജ്യത്തുനിന്ന് ഇതിനകം ഓസ്ട്രേലിയയില്‍ എത്തിയിട്ടുള്ളവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.

കഴിഞ്ഞ 14 ദിവസം ഈ രാജ്യങ്ങളില്‍ കഴിഞ്ഞശേഷം നാട്ടിലെത്തിയ ഓസ്ട്രേലിയന്‍ പൗരന്മാരും അവരുടെ കുടുംബാംഗങ്ങളും ആരോഗ്യവിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള രണ്ടാഴ്ചത്തെ ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതുണ്ട്.

ക്വാറന്റീന്‍ നിര്‍ബന്ധമല്ലാത്ത സംസ്ഥാനങ്ങളിലേക്കും ടെറിട്ടറികളിലേക്കും പോയ നൂറോളം പേരെ ക്വാറന്റീന്‍ ചെയ്യേണ്ടിവരുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി പറഞ്ഞു.

ഇനിയുള്ള 14 ദിവസത്തെ ക്വാറന്റീന്‍ ഏറെ നിര്‍ണായകമാണ്. ഹോട്ടലിലോ വീട്ടിലോ ക്വാറന്റീന്‍ വേണമെന്നത് സംസ്ഥാനങ്ങള്‍ തീരുമാനിക്കേണ്ട വിഷയമാണെന്ന് പ്രൊഫ. പോള്‍ കെല്ലി പറഞ്ഞു.

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഓസ്ട്രേലിയ നിര്‍ത്തിവച്ചു. ഇപ്പോള്‍ സ്വീകരിക്കുന്നത് മുന്‍കരുതല്‍ നടപടികളാണെന്നും സാഹചര്യം അനുസരിച്ച് അത് എപ്പോള്‍ വേണമെങ്കിലും മാറാമെന്നും ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് തുടര്‍നടപടികള്‍ ആവശ്യമാണെന്നു കണ്ടാല്‍ അവ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയോ വിപുലീകരിക്കുകയോ ചെയ്‌തേക്കാം.

പുതിയ വകഭേദം സ്ഥിരീകരിച്ചത് കോവിഡിനെതിരേയുള്ള വാക്‌സിനേഷന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. രോഗനിര്‍ണയം നടത്തിയവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുത്തിട്ടില്ല. വാക്‌സിനേഷന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കണമെന്ന് ഗ്രെഗ് ഹണ്ട് കൂട്ടിച്ചേര്‍ത്തൂ.

രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പരിശോധനാ നടപടികളും സര്‍ക്കാര്‍ കര്‍ശനമാക്കി. നിലവില്‍ വിമാനത്തില്‍ കയറുന്ന യാത്രക്കാര്‍ അവരുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നെഗറ്റീവ് പിസിആര്‍ ടെസ്റ്റും കാണിക്കേണ്ടതുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ അവര്‍ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നതിന്റെ വിവരങ്ങളും തേടും.

ഓസ്ട്രേലിയയില്‍ ഒമിക്രോണിന്റെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് പ്രൊഫ. പോള്‍ കെല്ലി പറഞ്ഞു.

മനുഷ്യരുടെ പ്രതിരോധ ശേഷിയെ ഭേദിക്കുന്ന ഒമിക്രോണിനു മറ്റു വകഭേദങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണു റിപ്പോര്‍ട്ട്. നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു ഓസ്‌ട്രേലിയയിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.