മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെത്തിയ മൂന്നു രാജ്യാന്തര യാത്രക്കാര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയില്‍സില്‍ രണ്ടു ഒമിക്രോണ്‍ കേസുകളും നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ഒരാള്‍ക്കുമാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് ദോഹ വഴിയുള്ള ഖത്തര്‍ എയര്‍വേസില്‍ ശനിയാഴ്ച രാത്രി സിഡ്നിയില്‍ എത്തിയ രണ്ട് യാത്രക്കാര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സിഡ്നി വിമാനത്താവളത്തില്‍ ശനിയാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ ഇവര്‍ പോസിറ്റീവായിരുന്നു. തുടര്‍ന്ന് സാംപിളുകളുടെ ജനിതക ശ്രേണീകരണം നടത്തിയാണ് പുതിയ വകഭേദത്തെ ഞായറാഴ്ച്ച തിരിച്ചറിഞ്ഞത്. രണ്ടു പേരും ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ വകുപ്പിന്റെ പ്രത്യേക ക്വാറന്റീന്‍ കേന്ദ്രത്തിലാണ്.
രണ്ടു പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. സമ്പൂര്‍ണ വാക്‌സിനേഷന്‍ എടുത്തവരാണെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യവകുപ്പ് പറഞ്ഞു. ഇതുകൂടാതെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 12 യാത്രക്കാരും 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനിലാണ്. രോഗബാധിതര്‍ എത്തിയ വിമാനത്തിലെ മറ്റ് 260 യാത്രക്കാരെയും ജീവനക്കാരെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് നോര്‍ത്തേണ്‍ ടെറിട്ടറിയിലേക്ക് യാത്ര ചെയ്ത ഒരാള്‍ക്കും ഒമിക്രോണ്‍ കണ്ടെത്തി. വ്യാഴാഴ്ച എത്തിയ വ്യക്തി ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയതിനു മുന്നോടിയായാണ് ഒമിക്രോണ്‍ ബാധിതരായ യാത്രക്കാര്‍ രാജ്യത്തെത്തിയത്. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ, ബോട്സ്വാന, ലെസോത്തോ, ഈസ്വാറ്റിനി, സീഷെല്‍സ്, മലാവി, മൊസാംബിക് എന്നീ ഒമ്പത് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്.
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഓസ്‌ട്രേലിയയില്‍ എത്തിയാല്‍ ഉടന്‍ തന്നെ താമസ സ്ഥലത്തേക്കു പോകുകയും 72 മണിക്കൂര്‍ ഐസൊലേറ്റ് ചെയ്യുകയും വേണം. ആരോഗ്യ വകുപ്പ ഇവരെ നിരീക്ഷിക്കും.
ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26