കംപാല: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെതുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ എന്റബേ എയര്‍പോര്‍ട്ടിന്റെ നിയന്ത്രണം ചൈന കൈവശപ്പെടുത്തുമെന്ന് ആശങ്ക. പ്രതിസന്ധിയെതുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി ഉഗാണ്ട പ്രസിഡന്റ് യൊവേരി മൂസവനി പ്രതിനിധി സംഘത്തെ ബീജിങിലേക്ക് അയച്ചു.
2015-ലാണ് എന്റബേ വിമാനത്താവള വികസനത്തിനായി ഉഗാണ്ട ചൈനയിലെ എക്‌സ്‌പോര്‍ട് ഇംപോര്‍ട് ബാങ്കില്‍നിന്ന് 20 കോടി ഡോളര്‍ വായ്പയെടുത്തത്. എന്റബേ വിമാനത്താവളം രാജ്യാന്തര നിലവാരത്തില്‍ വികസിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു രണ്ട് ശതമാനം പലിശ നിരക്കില്‍ ഉഗാണ്ട സര്‍ക്കാര്‍ വായ്പയെടുത്തത്. ഉഗാണ്ടയുടെ ധനമന്ത്രാലയവും വ്യോമമന്ത്രാലയവുമാണു കരാറില്‍ ഒപ്പുവച്ചത്. 20 വര്‍ഷമായിരുന്നു വായ്പാ കാലാവധി. ഏഴ് വര്‍ഷം അധികമായി നല്‍കാനും കരാറില്‍ ധാരണയുണ്ടായിരുന്നു. കരാറില്‍ 13 പുതിയ വ്യവസ്ഥകള്‍ ചൈന പിന്നീട് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കരാറിലെ പല വ്യവസ്ഥകളും ഉഗാണ്ടക്ക് തിരിച്ചടിയാകുന്നതാണ്. ഇതുപ്രകാരം ലോണിനു മേല്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന പക്ഷം എയര്‍പോര്‍ട്ട് ചൈനീസ് കൈവശാവകാശത്തില്‍ പോകുന്നതിനെ സാധൂകരിക്കുന്നു. ഇതുകൂടാതെ അനുവദിച്ച ലോണ്‍ തുകയുടെ ക്രയവിക്രയവും ചൈനീസ് ബാങ്കിന്റെ മാത്രം അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. വിചിത്ര വ്യവസ്ഥകളാണ് ലോണിലുള്ളതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കരാര്‍ പരിഷ്‌കരിക്കണമെന്നും വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കി ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യം ചൈന നിരന്തരം നിരസിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
കരാര്‍ വ്യവസ്ഥകള്‍ ധൃതി പിടിച്ച് അംഗീകരിച്ചത് വലിയ തെറ്റായിപ്പോയെന്ന് ഉഗാണ്ട ധനമന്ത്രി മറ്റീയ കസൈജിത്ത് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
ധനം ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് പണം കടംകൊടുത്ത് അവര്‍ക്കു മേല്‍ ആധിപത്യം നേടുന്ന ഡെബ്റ്റ് ട്രാപ് ഡിപ്ലോമസി അഥവാ കടക്കെണി നയതന്ത്രം ചൈനയുടെ വിദേശകാര്യ തന്ത്രങ്ങളിലെ പ്രധാന ആയുധമാണ്. ചൈനയ്ക്ക് ഏറ്റവും താല്‍പര്യമുള്ള പസിഫിക്, ആഫ്രിക്കന്‍ മേഖലകളില്‍ നയപരവും പ്രതിരോധപരവുമായ ആധിപത്യത്തിനായാണ് ഇതുപയോഗിക്കുന്നത്. പ്രകൃതി സമ്പന്നമായ കോംഗോ, റവാണ്ട, കെനിയ, തെക്കന്‍ സുഡാന്‍, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളുടെ സമീപരാജ്യമായ ഉഗാണ്ടയ്ക്ക് വലിയ നയതന്ത്ര പ്രാധാന്യം ചൈന കല്‍പിക്കുന്നുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ചൈനയുടെ ഈ നയത്തിനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി വളരുകയും ലോക നേതൃത്വത്തിലെത്തുകയുമാണ് ചൈനയുടെ ഏറ്റവും വലിയ സ്വപ്‌നം. ഇതിന്റെ ഭാഗമായുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി രാജ്യങ്ങളെ വരുതിയില്‍ നിര്‍ത്താനുള്ള ചൈനയുടെ 'കടക്കെണി നയതന്ത്രത്തിന്റെ' ഭാഗമാണ്. തിരിച്ചടക്കാന്‍ കഴിയാത്ത രീതിയിലുള്ള ഭീമമായ തുക വായ്പകള്‍ നല്‍കുന്നു. ഇങ്ങനെ ആ രാജ്യത്തെ തങ്ങളുടെ അധീനതയിലാക്കുന്ന നയതന്ത്ര രീതിയെയാണ് ഡെറ്റ്-ട്രാപ്പ് ഡിപ്ലൊമസി അഥവാ കടക്കെണി നയതന്ത്രം എന്ന് അറിയപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.