സ്‌കൂള്‍ കുട്ടികള്‍ക്കും അക്കൗണ്ട്; പ്രവർത്തനങ്ങൾ സൗജന്യമാക്കി കേരള ബാങ്ക്

സ്‌കൂള്‍ കുട്ടികള്‍ക്കും അക്കൗണ്ട്; പ്രവർത്തനങ്ങൾ സൗജന്യമാക്കി കേരള ബാങ്ക്

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സഹകരണ, രജിസ്ട്രേഷൻ വകുപ്പ്. 12 വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് ഈ പദ്ധതിയില്‍ അംഗങ്ങളാകാൻ സാധിക്കുക. എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന അക്കൗണ്ടുകളാണ് ഇവയെന്ന് വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

'വിവരങ്ങള്‍ കൃത്യമായി എസ്‌എംഎസിലൂടെ ലഭിക്കുക, പരീക്ഷകള്‍ക്ക് ഫീസ് അടയ്ക്കാനും മറ്റും ഡിഡി എടുക്കേണ്ടി വന്നാല്‍ സൗജന്യമായി നല്‍കുക, ആര്‍ടിജിഎസും എന്‍ഇഎഫ്ടിയും ഐഎംപിഎസും സൗജന്യമായി നല്‍കുക എന്നിവയെല്ലാം അക്കൗണ്ടിലൂടെ സൗജന്യമായി സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. അക്കൗണ്ട് പ്രവർത്തനങ്ങൾക്ക് സര്‍വീസ് ചാര്‍ജ്ജ് ഇല്ലയെന്നത് മറ്റൊരു പ്രത്യേകതയാണ്.

എടിഎം കാര്‍ഡും മൊബൈല്‍ ബാങ്കിംഗും പൂര്‍ണ സൗജന്യം'. ഇങ്ങനെ മുതിര്‍ന്നവര്‍ ഫീസ് നല്‍കി സ്വീകരിക്കുന്ന എല്ലാ സേവനങ്ങളും കേരള ബാങ്കിൽ കുട്ടികള്‍ക്ക് സൗജന്യമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. 'സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത വിദ്യാനിധി അക്കൗണ്ടിലൂടെ ലഭിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏത് സ്‌കോളര്‍ഷിപ്പും ഈ അക്കൗണ്ടിലൂടെ കിട്ടും. കമ്മിഷനായോ സര്‍വീസ് ചാര്‍ജ്ജായോ ഒരു പൈസ പോലും നഷ്ടമാകുകയില്ല. ഇനി ഉന്നത പഠനത്തിന് പോകാന്‍ വിദ്യാഭ്യാസ വായ്പ എടുക്കാന്‍ പോയാലോ, അവിടെയും ലഭിക്കും വിദ്യാനിധിക്കാര്‍ക്ക് പ്രത്യേക പരിഗണനയും മുന്‍ഗണനയും. കുട്ടിക്കൂട്ടുകാര്‍ക്ക് മാത്രമല്ല കേരള ബാങ്ക് വിദ്യാനിധി സൗകര്യമൊരുക്കുന്നത്. അവരുടെ രക്ഷിതാക്കള്‍ക്കുമുണ്ട് മറ്റൊരു അക്കൗണ്ട്. അമ്മമാര്‍ക്കായിരിക്കും മുന്‍ഗണന.

വിദ്യാനിധിയില്‍ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായാണ് രക്ഷിതാവിന് പ്രിവില്ലേജ് അക്കൗണ്ട് നല്‍കുന്നത്. ഈ അക്കൗണ്ട് എടുത്താല്‍ സൗജന്യമായി അപകട ഇന്‍ഷുറന്‍സും ലഭിക്കും. രണ്ട് ലക്ഷം രൂപവരെ സഹായം ലഭിക്കുന്ന ഇന്‍ഷുറസായിരിക്കും ലഭിക്കുക' എന്ന് മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.