സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ചു: ആശങ്കയോടെ പ്രവാസികള്‍; പലരും നാട്ടിലേക്കുള്ള യാത്ര റദ്ദാക്കുന്നു

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ചു: ആശങ്കയോടെ പ്രവാസികള്‍; പലരും നാട്ടിലേക്കുള്ള യാത്ര റദ്ദാക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തു നിന്നെത്തിയ വ്യക്തിയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തേയും ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു.

ഒമിക്രോണ്‍ വ്യാപന ഭീതിയെ തുടര്‍ന്ന് സാംബിയ, മഡഗസ്‌ക്കര്‍, മലാവി, സീഷെല്‍സ്, മൗറീഷ്യസ്, അങ്കോള, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ ക്വാറന്റീനും സൗദി കര്‍ശനമാക്കിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് എത്തുന്നതിന് ഇതുവരെ നിരോധനമായിരുന്നു. ഡിസംബര്‍ ഒന്ന് മുതലാണ് നിരോധനം എടുത്തു കളഞ്ഞത്. ഇനി മറ്റൊരു രാജ്യത്ത് ക്വാറന്റൈനില്‍ കഴിയാതെ തന്നെ നേരിട്ട് സൗദിയിലേക്ക് വരാന്‍ സാധിക്കും. ഇന്ത്യക്ക് പുറമെ വിയറ്റ്നാം, ഈജിപ്ത്, പാകിസ്താന്‍, ഇന്തോനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കും വിലക്ക് സൗദി നീക്കിയിട്ടുണ്ട്.

എന്നാല്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും മറ്റും പോകാനിരുന്ന പ്രവാസികള്‍ യാത്ര റദ്ദാക്കുന്നു എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. 30 ശതമാനം പ്രവാസികളാണ് ഇത്തരത്തില്‍ യാത്ര റദ്ദാക്കിയിട്ടുള്ളത്. കേരളത്തിലെത്തിയാല്‍ ക്വാറന്റീന്‍ വരാന്‍ സാധ്യതയുണ്ട് എന്നതും നിയന്ത്രണം വന്നാല്‍ തിരിച്ചു വരവ് പ്രയാസത്തിലാകുമെന്നതുമാണ് പ്രവാസികളെ മാറ്റി ചിന്തിപ്പിക്കുന്നത്.

ആശങ്ക നിലനില്‍ക്കുന്ന രാജ്യങ്ങളെ ഇന്ത്യ പ്രത്യേകം തരം തിരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് പരിശോധനയുണ്ടാകും. രോഗമില്ലെന്ന് ഉറപ്പായാല്‍ മാത്രമേ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കൂ. റിസള്‍ട്ട് വരുന്നതിന് മുമ്പ് പുറത്തിറങ്ങിയവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം.

ഈ നിയന്ത്രണം വന്നതോടെ ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെല്ലാം നീണ്ട ക്യൂ ആണ്. ആറ് മണിക്കൂര്‍ വരെ വിമാനത്താവളത്തില്‍ ഇരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ലെങ്കിലും സൗദിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പട്ടിക വിപുലപ്പെടുത്താന്‍ സാധ്യതയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.