സൂറിച്ച്:ജന്തുക്കളില്‍ നിന്ന് മനുഷ്യനിലേക്ക് രോഗങ്ങള്‍ ചാടിപ്പിടിച്ചു തുടങ്ങിയതിന്റെ ആദ്യ 'സൂണോട്ടിക് ' (zoonotic) ചരിത്രാധ്യായം രേഖപ്പെടുത്താന്‍ അവിചാരിതമായി കളമൊരുങ്ങി. അര ലക്ഷം വര്‍ഷം മുമ്പ്, വേട്ടയാടിപ്പിടിച്ച ഏതോ മൃഗത്തില്‍ നിന്ന് ഒരു നിയാണ്ടര്‍ത്താല്‍ (Neanderthal ) മനുഷ്യനിലേക്ക് 'ബ്രൂസെല്ലോസിസ് ' (brucellosis) രോഗം പകര്‍ന്നു കയറിയതിന്റെ തെളിവുകള്‍ കണ്ടെത്താനായതോടെയാണിത്. സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണല്‍ (Scientific Reports Journal) ഇക്കഥ പ്രസിദ്ധീകരിച്ചു.
നിപ്പ വൈറസിനു പിന്നാലെ കൊറോണ വൈറസ് ലോക രാജ്യങ്ങളെയാകെ വിറപ്പിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി, ഈ മാരക വൈറസുകളിലൂടെ വന്നു പെടുന്നത് 'സൂണോട്ടിക് '(ജന്തുജന്യ) രോഗങ്ങളാണെന്ന്. ഇത്തരം രോഗങ്ങള്‍ക്ക് അത് കൊണ്ടുനടക്കുന്ന മൃഗങ്ങള്‍ക്കിടയില്‍ സംക്രമണ സാധ്യതയില്ലെങ്കിലും മനുഷ്യരിലേക്ക് പകരാമെന്ന വിപത്തുണ്ട്. ആദ്യഘട്ട താണ്ഡവത്തിനു ശേഷം കോവിഡ് ഒട്ടൊന്ന് ഒതുങ്ങിയതിന്റെ അനുബന്ധമായി ചൈനയില്‍ ആയിരക്കണക്കിനു പേരെ ബ്രൂസെല്ലോസിസ് ബാധിച്ചതോടെ, ആ രോഗത്തിന്റെ സൂണോട്ടിക് സ്വഭാവം ജനങ്ങള്‍ തിരിച്ചറിഞ്ഞു.
പുരാതന രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ഏറെ സങ്കീര്‍ണ്ണമായ ഗവേഷണങ്ങള്‍ വേണ്ടിവന്നു, ജന്തുജന്യ രോഗം ചാഞ്ചാട്ടം നടത്തി മനുഷ്യ വംശത്തിലേക്കു പടര്‍ന്നു കയറിയതിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്ന് അടയാളപ്പെടുത്താന്‍. 1908-ല്‍ ഫ്രഞ്ച് ഗ്രാമമായ ലാ ചാപ്പല്ലെ-ഓക്സ്-സെയിന്റ്സിന് ( La Chapelle-aux-Saints )സമീപമുള്ള ഒരു ഗുഹയില്‍ നിന്ന് കണ്ടെത്തിയ നിയാണ്ടര്‍ത്താലിന്റെ 'ഫോസിലൈസ് 'ചെയ്ത അസ്ഥികള്‍ പുനഃപരിശോധിച്ചതോടെ തുറന്നു കിട്ടിയത് രോഗ ശാസ്ത്ര ചരിത്രത്തെ ത്രസിപ്പിക്കാന്‍ പോന്ന അനുമാനങ്ങളാണ്; ഒപ്പം 40,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമാകുന്നതിന് മുമ്പ് യൂറോപ്പിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും ജീവിച്ചിരുന്ന ശിലായുഗ ഹോമിനിനുകളായ (stone age hominin) നിയാണ്ടര്‍ത്താലുകളുടെ ജീവിതത്തെക്കുറിച്ചുള്ള സന്ദേഹാതീതമായ പുതിയ വിവരങ്ങളും.
അര ലക്ഷം വര്‍ഷം മുമ്പത്തെ വേട്ടക്കാരന്‍
50,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ 'പൂര്‍വികന്റേ്'താണ് ഫ്രാന്‍സിലെ ഗുഹയില്‍ കണ്ടെത്തിയ അസ്ഥികൂട ഭാഗമെന്ന് ശസ്ത്രജ്ഞര്‍ ഉറപ്പു പറയുന്നു.ഏകദേശം 60 വയസിലായിരിക്കാമത്രേ 'അദ്ദേഹത്തി'ന്റെ മരണം സംഭവിച്ചത്. അതിനുമെല്ലാമപ്പുറമായി, ആ നിയാണ്ടര്‍ത്താലിന്റെ നട്ടെല്ലിനെയും ഇടുപ്പ് സന്ധിയെയും സാരമായി ക്ഷയിപ്പിച്ചിരുന്ന 'ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ' (osteoarthritis) ബാധയും സ്ഥിരീകരിക്കാനായിട്ടുള്ളതായി 2019 ല്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അതേസമയം, 'ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ' ആയിരുന്നില്ല old man of La Chapelle ന്നെ നരവംശ ശാസ്ത്രജ്ഞര്‍ തമാശയ്ക്കു വിളിക്കുന്ന ആ പൂര്‍വികനെ ബാധിച്ചതെന്നാണ് പുതിയ കണ്ടെത്തല്‍. അദ്ദേഹത്തിന്റെ എല്ലു തേയ്മാനത്തിനു കാരണം ബ്രൂസെല്ലോസിസ് എന്ന 'സൂണോട്ടിക് രോഗമായിരുന്നെന്ന് പുനര്‍വിശകലനത്തിനു ശേഷം സൂറിച്ച് യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവല്യൂഷണറി മോര്‍ഫോളജി ആന്‍ഡ് അഡാപ്‌റ്റേഷന്‍ ഗ്രൂപ്പിന്റെ (University of Zurich's Evolutionary Morphology and Adaptation Group at the Institute of Evolutionary Medicine)തലവനും ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. മാര്‍ട്ടിന്‍ ഹ്യൂസ്ലര്‍ (Dr. Martin Haeusler) ഉറപ്പു പറയുന്നു.
'ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ തേയ്മാനമല്ല ആ എല്ലുകളിലേത്. ഈ പാത്തോളജിക്കല്‍ മാറ്റങ്ങള്‍ സംഭവിച്ചത് കോശജ്വലന പ്രക്രിയകള്‍ മൂലമാണെന്ന് ഞങ്ങള്‍ കണ്ടെത്തി'- ഹ്യൂസ്ലര്‍ ചൂണ്ടിക്കാട്ടി. അസ്ഥികൂടത്തില്‍ വ്യക്തമായുള്ള പാത്തോളജിക്കല്‍ (pathological) പരിണാമങ്ങളുടെ മുഴുവന്‍ പാറ്റേണും വിവിധ രോഗങ്ങളുമായി താരതമ്യം ചെയ്താണ് ബ്രൂസെല്ലോസിസ് രോഗനിര്‍ണയത്തിലേക്ക് തങ്ങളെത്തിയത്. ഈ കണ്ടെത്തലിന്റെ വിശദാംശങ്ങളുണ്ട് കഴിഞ്ഞ മാസത്തെ സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍.
ഇന്നും വ്യാപകമായ ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ മലിനമായ മൃഗ ഉല്‍പ്പന്നങ്ങള്‍ തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെയോ ശ്വസന വേളയില്‍ വായുവിലുള്ള ഏജന്റുകളിലൂടെയോ മനുഷ്യര്‍ക്ക് രോഗം പിടിപെടാം. രോഗം ബാധിച്ച ആടുകളുടെ പാസ്ചറൈസ് ചെയ്യാത്ത പാലോ ചീസോ വഴിയാണ് നിലവില്‍ മിക്കവരും ബ്രൂസെല്ലോസിസിന്റെ ഇരകളാകുന്നത്. ഏറ്റവും സാധാരണമായ സൂനോട്ടിക് രോഗങ്ങളില്‍ ഒന്നാണിത്. എച്ച്‌ഐവി ,കൊറോണ വൈറസുകള്‍ക്കുമുണ്ട് സൂനോട്ടിക് സ്വഭാവം.
പനി, പേശീവേദന, രാത്രി വിയര്‍പ്പ് എന്നിവയുള്‍പ്പെടെ നിരവധി ലക്ഷണങ്ങളാണ് ബ്രൂസെല്ലയ്ക്കുള്ളതെന്ന് ഹ്യൂസ്ലര്‍ പറഞ്ഞു. ഇത് ഏതാനും ആഴ്ചകള്‍ മുതല്‍ നിരവധി മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ വരെ നീണ്ടുനില്‍ക്കും. രോഗത്തിന്റെ ഫലമായുണ്ടാകുന്ന ദീര്‍ഘകാല പ്രശ്നങ്ങള്‍ പലരിലും വെവ്വേറെ സ്വഭാവത്തിലുള്ളതാണ്. സന്ധിവേദന, നടുവേദന, വന്ധ്യതയിലേക്ക് നയിച്ചേക്കാവുന്ന തരത്തിലുള്ള വൃഷണ വീക്കം, എന്‍ഡോകാര്‍ഡിറ്റിസ് എന്നറിയപ്പെടുന്ന ഹൃദയ വാല്‍വുകളിലെ നീര്‍ കെട്ടല്‍ എന്നിവ ഉണ്ടാകാം. എന്‍ഡോകാര്‍ഡിറ്റിസ് (endocarditis) ആണ് മിക്കപ്പോഴും ഈ രോഗം മൂലമുള്ള മരണത്തിനിടയാക്കുന്നത്.
ബ്രൂസെല്ലോസിസ് മാരകമായില്ല
ഹാമിനിന്‍ പരിണാമ കാലത്തു സംഭവിച്ച സൂനോട്ടിക് രോഗപ്പകര്‍ച്ചയുടെ ഉറപ്പാര്‍ന്ന ആദ്യകാല തെളിവാണ് ഫ്രാന്‍സിലെ ഗുഹയില്‍ കണ്ടെത്തിയ നിയാണ്ടര്‍ത്താലിന്റെ അസ്ഥിയില്‍ നിന്നു ലഭിച്ചതെന്നാണ് ഹ്യൂസ്ലര്‍ പറയുന്നത്. ഏകദേശം 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വെങ്കലയുഗത്തിലെ ഹോമോ സാപ്പിയന്‍സ് അസ്ഥികൂടങ്ങളിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പല വന്യമൃഗങ്ങളിലും കാണപ്പെടുന്നുണ്ട് ബ്രൂസെല്ലോസിസ്.
വേട്ടയാടിപ്പിടിച്ച മൃഗത്തെ കശാപ്പുചെയ്യുമ്പോഴോ പാചകം ചെയ്യുമ്പോഴോ ആകാം ഫ്രാന്‍സിലെ ഗുഹയില്‍ അന്ത്യ വിശ്രമം കൊണ്ട നിയാണ്ടര്‍ത്തല്‍ മനുഷ്യന് രോഗം പിടിപെട്ടതെന്ന് ഹ്യൂസ്ലര്‍ അനുമാനിക്കുന്നു. കാട്ടു ചെമ്മരിയാട്, ആട്, കാട്ടുപോത്ത്, റെയിന്‍ഡിയര്‍ (reindeer), മുയല്‍ തുടങ്ങിയവയുടെ മാംസം നിയാണ്ടര്‍ത്താല്‍ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. ഈ മൃഗങ്ങളില്‍ ഏതെങ്കിലും വഴി ആയിരിക്കാം രോഗം ബാധിച്ചത്. അക്കാലത്തെ നിലവാരത്തില്‍ 60 വയസെന്നത് ദീര്‍ഘായുസ് ആയിരുന്നു. ആ നിലയ്ക്ക് ബ്രൂസെല്ലോസിസ് മൂലം ഈ നിയാണ്ടര്‍ത്താലിന് അകാല മരണമുണ്ടായെന്നു പറയാനാകില്ല. രോഗ ബാധ അത്ര ഗുരുതരമായിരുന്നില്ലെന്നു കരുതാം.
അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ ക്രമമായി പുനര്‍നിര്‍മ്മിച്ചപ്പോള്‍ രൂപപ്പെട്ടത് കുനിഞ്ഞ ഭാവവും വളഞ്ഞ കാല്‍മുട്ടുകളും ശിരസ് മുന്നോട്ട് ഉന്തി നില്‍ക്കുന്നതുമായ മനുഷ്യ രൂപമാണ് (slouching posture, bent knees and the head jutted forward). ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് അസ്ഥികൂടത്തെ വികലമാക്കിയതെന്ന്് ശാസ്ത്രജ്ഞര്‍ക്ക് തുടര്‍ന്നു മനസിലായി. അസാധാരണ രോഗം ബാധിച്ച നിയാണ്ടര്‍ത്തല്‍ ആണതെന്നു കണ്ടെത്തിയത് പിന്നീടാണ്.
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് വഴിയുള്ള തേയ്മാനം ആയിരുന്നു എല്ലുകള്‍ക്കെങ്കില്‍ ആ പൂര്‍വികന്് നിവര്‍ന്നു നില്‍ക്കാനാകുമായിരുന്നുവെന്ന് 2019-ല്‍ താന്‍ പ്രസിദ്ധീകരിച്ച പഠനം തെളിയിച്ചതായി ഹ്യൂസ്ലര്‍ പറഞ്ഞു. പല്ലുകള്‍ ഭൂരിഭാഗവും നഷ്ടപ്പെട്ട നിലയിലായിരുന്നു.ബ്രൂസെല്ലോസിസ് ആയിരുന്നിരിക്കാം കാരണമെന്നും തുടര്‍ന്ന് സഹജീവികള്‍ ആകാം ഭക്ഷണം നല്‍കിയതെന്നും ഹ്യൂസ്ലര്‍ അനുമാനിക്കുന്നു.
'പ്രാകൃത ശിലായുഗ ജന്തു' ( primitive stone age brute) എന്ന് ചില നരവംശ ശാസ്ത്രജ്ഞര്‍ നിയാണ്ടര്‍ത്തലുകളെ വിശേഷിപ്പിച്ചത് അബദ്ധമായിരുന്നെന്നും തെളിഞ്ഞു, ഫ്രഞ്ച് ഗ്രാമത്തിലെ ഗുഹയില്‍ നിന്ന് ലഭിച്ച അസ്ഥികളിന്മേല്‍ നടത്തിയ സൂക്ഷ്മ പഠനം. അവരും ഏകദേശം ഇപ്പോഴത്തെ മനുഷ്യരെപ്പോലെ തന്നെ 'മിടുക്ക' (smart) രായിരുന്നുവെന്ന് സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.