കാഴ്ചക്കാരെ ചിരിപ്പിച്ചുകൊണ്ട് വിക്കിനെ തോല്‍പിച്ചു; ഇത് 'മണ്ടത്തരങ്ങളെ' മഹാ വിജയമാക്കിയ മിസ്റ്റര്‍ ബീന്‍-ന്റെ ജീവിതം

കാഴ്ചക്കാരെ ചിരിപ്പിച്ചുകൊണ്ട് വിക്കിനെ തോല്‍പിച്ചു; ഇത് 'മണ്ടത്തരങ്ങളെ' മഹാ വിജയമാക്കിയ മിസ്റ്റര്‍ ബീന്‍-ന്റെ ജീവിതം

ചില ജീവിതങ്ങള്‍ അങ്ങനെയാണ്, അനേകര്‍ക്ക് പ്രചേദനമേകുന്ന മാതൃകകള്‍. അത്തരമൊരു ജീവതത്തെ പരിചയപ്പെടാം. റൊവാന്‍ ആറ്റ്കിന്‍സണ്‍ എന്ന അതുല്യ പ്രതിഭയെക്കുറിച്ച്. ഈ പേര് പലര്‍ക്കും അപരിചിതമായിരിക്കും. എന്നാല്‍ മറ്റൊരു പേര് പറഞ്ഞാല്‍ ഇദ്ദേഹത്തെ അറിയാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. 'മിസ്റ്റര്‍ ബീന്‍'. ഈ പേര് കേട്ടാല്‍ തന്നെ മുഖത്ത് ഒരു ചിരി വിടരാന്‍ അതുമതി.

മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തിന് ജീവിന്‍ പകര്‍ന്ന അതുല്യ പ്രതിഭിയാണ് റൊവാന്‍ ആറ്റ്കിന്‍സണ്‍. ഭാഷയുടേയും ദേശത്തിന്റേയും ഒക്കെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് ലോകമനസ്സുകള്‍ കുടിയിരിക്കുന്ന കഥാപാത്രമെന്നും മിസ്റ്റര്‍ ബീനെ വിശേഷിപ്പിക്കാം. മണ്ടത്തരങ്ങള്‍ കാട്ടി കാഴ്ചക്കാരെ ചിരിപ്പിക്കുന്ന മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കാന്‍ റൊവാന്‍ ആറ്റ്കിന്‍സണിനു സാധിച്ചു.

റൊവാന്‍ ആറ്റ്കിന്‍സണിന്റെ ജീവിതം വലിയ പ്രചോദനമാണ്. അതിന് കാരണവുമുണ്ട്. കുറവുകളെ നിറവുകളാക്കുകയായിരുന്നു അദ്ദേഹം തന്റെ ജീവിതത്തില്‍. അഭിനയം ഏറെ ഇഷ്ടമായിരുന്നു റൊവാന്‍ ആറ്റ്കിന്‍സണിന്. എന്നാല്‍ സംസാരിക്കുമ്പോള്‍ വിക്കുണ്ട്. മുഖമാണെങ്കില്‍ കോമാളിയുടേത് പോലെയും. അതുകൊണ്ടുതന്നെ സിനിമാ മോഹവുമായി ലൊക്കേഷനില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ മടക്കി അയക്കാറായിരുന്നു പതിവ്. എന്നാല്‍ തോറ്റുകൊടുക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഒടുവില്‍ തന്റെ കുറവുകളെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു റൊവാന്‍ ആറ്റ്കിന്‍സണ്‍.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രം കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങള്‍, തോല്‍ക്കാന്‍ മനസ്സില്ലാത്ത റൊവാന്‍ ആറ്റ്കിന്‍സണിന്റെ ബുദ്ധിപരമായ തീരുമാനത്തില്‍ നിന്നും ഉടലെടുത്തതാണെന്ന് വ്യക്തം. തന്റെ പരിമിതികളെ മറികടക്കാന്‍ തനിക്ക് ഇണങ്ങുന്ന കഥാപാത്രത്തെ റൊവാന്‍ രൂപംകൊടുത്ത് ജീവന്‍ പകര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ഏറ്റെടുത്തു. 'മുതിര്‍ന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി' എന്നാണ് റൊവാന്‍ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.

1955 ജനുവരി ആറിനായിരുന്നു റൊവാന്‍ ആറ്റ്കിന്‍സണിന്റെ ജനനം, അതും ഇംഗ്ലണ്ടിലെ ഒരു സമ്പന്ന കര്‍ഷക കുടുംബത്തില്‍. ഒരു കോമാളിയുടേത് പോലെയാണ് തന്റെ മുഖമെന്ന ചിന്ത കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തി. അപകര്‍ഷതാബോധത്തിന്റെ ദുഃഖം ഏറെക്കാലം അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു. ഇംഗ്ലണ്ടില്‍ തന്നെയായിരുന്നു റൊവാന്റെ പ്രാഥമിക വിദ്യാഭ്യാസം. പൊതുവെ അന്തര്‍മുഖനായിരുന്നുവെങ്കിലും പഠനത്തില്‍ മികവ് പുലര്‍ത്തി. ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദനന്തര ബിരുദം വരെ നേടിയിട്ടുണ്ട് റൊവാന്‍ ആറ്റ്കിന്‍സണ്‍.

ചെറുപ്പം മുതല്‍ക്കേ റൊവാന്‍ ആറ്റ്കിന്‍സണ്‍ അഭിനയം എന്ന ആഗ്രഹത്തെ ഹൃദയത്തിലേറ്റി. എന്നാല്‍ ഈ ആഗ്രഹം മറ്റുള്ളവരെ അറിയിച്ചപ്പോഴെല്ലാം വലിയ പരിഹാസമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അവസരങ്ങള്‍ ചോദിച്ച് ചെല്ലുമ്പോള്‍ നിരാശകള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഹാസ്യം തനിക്ക് നന്നായി ഇണങ്ങുമെന്ന് തിരിച്ചറിഞ്ഞ റൊവാന്‍ ആറ്റ്കിന്‍സണ്‍ ഒരു കോമിക് ട്രൂപ്പില്‍ അംഗമായി. എന്നാല്‍ അവിടെ വിക്ക് ആയിരുന്നു വില്ലന്‍. അതോടെ അവിടെ നിന്നും മടങ്ങേണ്ടി വന്നു.

തനിക്ക് വിജയിക്കാനുള്ള ലോകം സ്വയം സൃഷ്ടിച്ചെടുക്കണമെന്ന് തീരുമാനിക്കുകയായിരുന്നു പിന്നീടദ്ദേഹം. ഈ ബോധ്യത്തില്‍ നിന്നുമാണ് അദ്ദേഹം മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തിന് ജന്മം കൊടുത്തതും. വാക്കുകളേക്കാള്‍ ശരീരഭാഷകൊണ്ട് സംസാരിക്കുന്ന മിസ്റ്റര്‍ബീന്‍ അതിവേഗം മനസ്സുകള്‍ കീഴടക്കി. ഒരു വാക്ക് പോലും ഉച്ചരിക്കാതെ ശരീരഭാഷകൊണ്ട് ഹാസ്യത്തെ അതിന്റെ പരമോന്നതിയില്‍ എത്തിച്ചു റൊവാന്‍ ആറ്റ്കിന്‍സണ്‍ എന്ന പ്രതിഭ. അതെ, അദ്ദേഹം കാഴ്ചക്കാരെ ചിരിപ്പിച്ചുകൊണ്ട് വിക്കിനെ പോലും തേല്‍പിച്ചു. ജീവിതത്തില്‍ ചെറിയ പ്രതിസന്ധികളില്‍ പോലും തളര്‍ന്ന് പോകുന്നവര്‍ക്ക് വലിയ പ്രചോദനമാണ് റൊവാന്‍ ആറ്റ്കിന്‍സണിന്റെ ജീവിതം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.